
ശബരിമല സ്പോട്ട് ബുക്കിങ് വിവാദത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയെ വിവാദ കേന്ദ്രമാക്കരുത്. നിലവിലെ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ : 'സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണം, ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവിന്‍റെ കത്ത്
സമാനമായ പ്രതികരണവുമായി എന്‍എസ്എസും നേരത്തെ രംഗത്തെത്തിയിരുന്നു. നിരവധി ഭക്തര്‍ എത്തുന്ന സ്ഥലമാണ് അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ തീരുമാനം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനത്തിനായാണ് എന്‍എസ്എസ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമല സ്പോട്ട് ബുക്കിങ് വിവാദത്തില്‍ സര്‍ക്കാരിനെയും ദേവസ്വം വകുപ്പിനെയും വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം രംഗത്തെത്തിയിരുന്നു. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന ലേഖനത്തിലൂടെയാണ് വിഷയത്തിലെ സര്‍ക്കാരിന്‍റെ നിലപാടിനെതിരായ ജനയുഗത്തിന്‍റെ പ്രതികരണം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയത് ഓര്‍മ വേണം. സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ ചാടിക്കുമെന്നും ഇടതുമുന്നണിക്ക് ജനയുഗം മുന്നറിയിപ്പ് നല്‍കുന്നു.