പ്രതി നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്
അഫാന്‍
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ ജീവനൊടുക്കാൻ ശ്രമിച്ചു. ജയിലിലെ ശുചിമുറിയിലാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച പ്രതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. നില ഗുരുതരമായി തുടരുകയാണ്. അഫാന്‍റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇന്ന് രാവിലെ 11.30ക്ക് ശേഷമാണ് സംഭവം. പൂജപ്പുര സെൻട്രൽ ജയിലില്‍ വിചാരണത്തടവില്‍ കഴിയുന്ന അഫാന്‍ സഹതടവുകാരന്‍ പുറത്തുപോയപ്പോഴാണ് ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ശുചിമുറിയില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
സഹോദരന്‍ അഫ്സാന്‍, എസ്.എൻ. പുരം ചുള്ളാളം സ്വദേശികളായ പിതാവിന്‍റെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, പിതാവിന്‍റെ അമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറയുകയായിരുന്നു. എലിവിഷം കഴിച്ച ശേഷമാണ് അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ജീവനൊടുക്കാനുള്ള പ്രവണത മുന്‍പും അഫാന്‍ പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
Also Read: പത്തനംതിട്ടയിൽ ക്രൂര മർദനത്തിനിരയായ 59കാരൻ മരിച്ചു; മരണത്തിന് ഉത്തരവാദി ഹോം നഴ്സെന്ന് കുടുംബം
പ്രതി അഫാനെതിരായ മാതാവിന്റെ നിർണായക മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ആക്രമിച്ചത് അഫാൻ തന്നെയെന്നാണ് ഉമ്മ ഷെമി മൊഴി നൽകിയത്. അഫാൻ കഴുത്തിൽ ഞെരിച്ചു. 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചതെന്നാണ് മൊഴി. കിളിമാനൂർ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചുണ്ടായ മുറിവെന്നാണ് ആദ്യം ഷെമി മൊഴി നൽകിയത്. പിന്നീട് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ നൽകിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)