വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് സെല്ലിനുള്ളിൽ വച്ച് ദേഹാസ്വാസ്ഥ്യം

പ്രാഥമിക കൃത്യങ്ങൾക്കായി വിലങ്ങഴിക്കുമ്പോഴായിരുന്നു പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് സെല്ലിനുള്ളിൽ വച്ച് ദേഹാസ്വാസ്ഥ്യം
Published on

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് സെല്ലിനുള്ളിൽ വച്ച് ദേഹാസ്വാസ്ഥ്യം. പാങ്ങോട് സ്റ്റേഷൻ സെല്ലിനുള്ളിൽ പ്രതി മറിഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയില്ല. ഇതിനെ തുടർന്ന് പ്രതിയെ തിരികെ സ്റ്റേഷനിലെത്തിച്ചു.

പ്രാഥമിക കൃത്യങ്ങൾക്കായി വിലങ്ങഴിക്കുമ്പോഴായിരുന്നു പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്റ്റേഷനിലെ  ശുചി മുറിയിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പ്രതിയെ പൊലീസ് കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്നു നടന്ന പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനാൽ ഇന്ന് നടത്താനിരുന്ന തെളിവെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് തയ്യാറെടുപ്പുകളോടെ ആയിരിക്കും തെളിവെടുപ്പ്.

കേസിൽ അഫാനെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. കൊലപാതകങ്ങളിലേക്ക് നയിച്ച സാമ്പത്തിക ബാധ്യതയ്ക്ക് അമ്മ ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കടബാധ്യത മൂലമാണ് കൂട്ടക്കൊല നടത്തിയതെന്ന അഫാന്റെ മൊഴി പിതാവ് അബ്ദുൽ റഹീം തള്ളിയിരുന്നു. പ്രതിക്ക് കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നായിരുന്നു പിതാവിന്റെ പ്രതികരണം.

അതേസമയം, രണ്ടാമത്തെ മകൻ അഹ്സാന്റെ മരണവിവരം മാതാവ് ഷെമിയെ ഇന്നലെ അറിയിച്ചു. ഭർത്താവ് അബ്ദുൽ‌ റഹീമിന്റെ സാന്നിധ്യത്തിലാണ് വിവരം അറിയിച്ചത്. ‘എന്റെ മകൻ പോയി അല്ലേ’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. മറ്റ് കൊലപാതകങ്ങൾ ഷെമിയെ അറിയിച്ചിട്ടില്ല. കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ മാതാവ് ഷെമി കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴിയാണ് ആവർത്തിക്കുന്നത്. മജിസ്ട്രേറ്റിന് നൽകിയ ആദ്യ മൊഴിയിലും രണ്ടാം മൊഴിയിലും മകൻ ആക്രമിച്ചത് ഷെമി മറച്ചുവെക്കുകയാണ് ഉണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com