
തമിഴ്നാട്ടിലെ ഹൊസൂരിൽ പതിനാല് വയസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും, കൂടെ പോകാൻ വിസമ്മതിച്ച പെൺകുട്ടിയെ ഭർത്താവ് എടുത്ത് കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കരയുകയും ബഹളം വെക്കുകയും ചെയ്യുന്ന പതിനാലുകാരിയായ പെൺകുട്ടിയെ യുവാവ് എതിർപ്പ് വകവെക്കാതെ എടുത്ത് കൊണ്ടുപോകുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൊസൂരിലെ തിമ്മത്തൂർ ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടുത്തുള്ള സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. മാർച്ച് മൂന്നിന് ബെംഗളൂരുവിൽ വെച്ചായിരുന്നു കർണാടകയിലെ കളിക്കുട്ടൈ ഗ്രാമത്തിൽ നിന്നുള്ള 29കാരനായ മഠേഷ് എന്ന യുവാവും പെൺകുട്ടിയും തമ്മിലുള്ള വിവാഹം. പെൺകുട്ടി വിവാഹത്തിന് വിസമ്മതിച്ചിരുന്നു എങ്കിലും, വീട്ടുകാർ അത് ഗൗനിക്കാതെ വിവാഹം നടത്തുകയായിരുന്നു.
എന്നാൽ, വിവാഹത്തിന് ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് പോകാൻ പെൺകുട്ടി വിസമ്മതിച്ചു. മാതാപിതാക്കളോടും ബന്ധുക്കളോടും തനിക്ക് പോകാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയുടെ എതിർപ്പ് ചെവികൊള്ളാതെ, മഠേഷും, ജ്യേഷ്ഠനായ മല്ലേഷും ചേർന്ന് കരഞ്ഞ് ബഹളം വെക്കുന്ന പെൺകുട്ടിയെ എടുത്ത് കൊണ്ടുപോകുകയായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്.
ഡെങ്കനിക്കോട്ടൈയിലെ ഓൾ-വുമൺ പൊലീസ് സ്റ്റേഷൻ ഇപ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയുടെ മുത്തശ്ശി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ മഠേഷ്, മല്ലേഷ്, മല്ലേഷിൻ്റെ ഭാര്യ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി നിലവിൽ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പമാണ് താമസിക്കുന്നത്.