ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെ ഇന്ന് വൈകീട്ടോടെ റിമാൻഡ് ചെയ്തിരുന്നു
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷ്. ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തൻ്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് സ്വകാര്യതാ അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. പേട്ട സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്ന് രേഖകൾ വിളിച്ചു വരുത്തി മുതിർന്ന ഉദ്യോഗസ്ഥരെ കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെ ഇന്ന് വൈകീട്ടോടെ റിമാൻഡ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും, ഉദ്യോഗസ്ഥ ഗർഭിണിയായത് സുകാന്തിൽ നിന്ന് ആണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുകാന്ത് ഉദ്യോഗസ്ഥയിൽ നിന്നും പലതവണയായി പണം കൈപ്പറ്റിയിരുന്നു. ഉദ്യോഗസ്ഥയുടെ ആറുമാസത്തെ ശമ്പളം സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പോയതിന് തെളിവ് ലഭിച്ചിട്ടുണ്ട്.
സുകാന്ത് നിരവധി യുവതികളേയും ഇത്തരത്തിൽ വിവാഹ വാഗ്‌ദാനം ചെയ്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു എന്നതിൻ്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജയ്‌പൂരിൽ വച്ച് ഐഎഎസ് കോച്ചിങ് സമയത്ത് രണ്ട് യുവതികളെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മെമ്പറെയും മക്കളെയും കണ്ടെത്തി
പ്രതി സുകാന്തിൻ്റെ ചാറ്റുകൾ പരിശോധിച്ചപ്പോൾ സുകാന്ത് യുവതിയോട് ആത്മഹത്യ തീയതി മുൻകൂട്ടി ചോദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുകയും ചെയ്തു. ഫെബ്രുവരി ഒൻപതിനാണ് ഈ സംഭാഷണം നടന്നത്.'എനിക്ക് നിന്നെ വേണ്ടെ'ന്നും 'നീ ഒഴിഞ്ഞ് പോയെങ്കിൽ മാത്രമേ എനിക്കവളെ കല്യാണം കഴിക്കാൻ സാധിക്കൂ' എന്നും സുകാന്ത് ചാറ്റിൽ പറയുന്നുണ്ട്. 'നീ പോയി ചാകണം' എന്നും പ്രതി നിരന്തരം യുവതിയോട് പറഞ്ഞിരുന്നു. പിന്നാലെയാണ് ഓഗസ്റ്റ് 9ന് മരിക്കുമെന്ന് യുവതി മറുപടി നൽകിയത്. എന്നാൽ അതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കിയിരുന്നു.