ക്രമക്കേടുകള്‍ പുറത്തറിഞ്ഞതോടെ ഗത്യന്തരമില്ലാതെ സംഘടനാ നേതാക്കള്‍ വീഴ്ചകള്‍ സമ്മതിച്ചു
കൊടുങ്ങല്ലൂര്‍ ദാറുസ്സലാം ജുമാ മസ്ജിദിന്റെ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ തട്ടിപ്പ് പുറത്തുകൊണ്ടു വന്നത് സ്വന്തം സംഘടനയിലെ തന്നെ ഒരു വിഭാഗം. ക്രമക്കേടുകള്‍ പുറത്തറിഞ്ഞതോടെ ഗത്യന്തരമില്ലാതെ വീഴ്ചകള്‍ സമ്മതിച്ച് സംഘടനാ നേതാക്കള്‍ രംഗത്ത് വന്നു. അന്യായമായി കൈമാറ്റം ചെയ്ത സ്വത്തുക്കള്‍ തിരികെ നല്‍കാമെന്ന് രേഖാമൂലം വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വാക്ക് പാലിക്കാതെ സംഘടന പിന്മാറുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി നടത്തിയ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന കത്തും ന്യൂസ് മലയാളത്തിന് ലഭിച്ചു.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി വെളുത്തകടവ് ദാറുസ്സലാം ജുമ മസ്ജിദ് 2021ല്‍ 20.8 സെന്റ് ഭൂമിയാണ് സര്‍ക്കാരിന് വിട്ടു നല്‍കിയത്. ഭൂമിക്ക് നഷ്ട പരിഹാരമായി വന്‍ തുക ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ നേതൃത്വത്തില്‍ വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പള്ളിക്കമ്മറ്റി സെക്രട്ടറിയും ഖത്തീബുമായിരുന്ന ജമാഅത്തെ നേതാവ് അബ്ദുള്‍ ലത്തീഫിന്റെയും ജില്ലാ പ്രസഡിന്റ് കെ.കെ. ഷാനവാസിന്റെയും നേതൃത്വത്തില്‍ സ്വത്തുക്കളും പണവും സംഘടനയ്ക്ക് കീഴില്‍ പുതുതായി രൂപീകരിച്ച ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്തു. എന്നാല്‍ മുന്‍ പള്ളികമ്മറ്റി പ്രസിഡന്റും ജമാഅത്തെ അനുഭാവിയുമായ കൂടംമ്പള്ളി മക്കാര്‍, തന്നെ തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവര്‍ നടത്തിയ അനധികൃത ഇടപാടുകള്‍ കണ്ടെത്തുകയായിരുന്നു.
ജമാഅത്തെ നേതാക്കള്‍ നടത്തിയ വഞ്ചന മക്കാര്‍ വെളിപ്പെടുത്തിയതോടെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമി അനുകൂലികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുന്നത്. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റിക്ക് മുന്നില്‍ സംഘടന നടത്തിയ ചതിയെക്കുറിച്ച് വെളുപ്പെടുത്തിയ ഇവര്‍ പള്ളിക്ക് മുന്നില്‍ നോട്ടീസ് വെച്ച് പൊതുജനങ്ങളെയും വിവരം അറിയിച്ചു. സംഭവം വിവാദമായതോടെ മസ്ജിദ് കമ്മിറ്റി ഓഡിറ്റിംഗും പരിശോധനകളും നടത്തി. ഈ പരിശോധനകളിലാണ് ജമാഅത്തെ ഇസ്ലാമി നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ വ്യക്തമാകുന്നത്. ഇതിന് പിന്നാലെ ജനകീയ പ്രതിഷേധവും രൂക്ഷമായി. ആരോപണ വിധേയരായവരെ ഒഴിവാക്കി പുതിയ അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു. ഇതോടെയാണ് വീഴ്ചകള്‍ സമ്മതിച്ച് തട്ടിയെടുത്ത സ്വത്തുക്കള്‍ തിരികെ നല്‍കാമെന്ന് കാട്ടി മസ്ജിദ് കമ്മറ്റിക്ക് ജമാഅത്തെ നേതാക്കള്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. എന്നാല്‍ നിയമ പാലകരുടെ കൂടി സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നല്‍കിയ ഈ ഉറപ്പ് പാലിക്കാന്‍ ജമാഅത്തെ നേതൃത്വം ഇതുവരെയും തയ്യാറായിട്ടില്ല.
മസ്ജിദ് കമ്മിറ്റിയും വഖഫ് സംരക്ഷണ സമിതിയും പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തുടക്കം മുതല്‍ ആവര്‍ത്തിക്കുന്ന ജമാഅത്തെ നേതാക്കള്‍ ഇത്തരമൊരു കത്ത് നല്‍കിയിട്ടില്ലെന്നാണ് ഇപ്പോഴും വിശദീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യം അംഗീകരിച്ചാല്‍ കോടതിയില്‍ ഉണ്ടാകാനിടയുള്ള തിരിച്ചടി മുന്നില്‍ കണ്ടാണ് സംഘടനയുടെ നിലപാട് മാറ്റമെന്നും ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടന്ന വഫഖ് സ്വത്ത് അപഹരണത്തിനും സാമ്പത്തിക കൊള്ളയ്ക്കും എതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതര സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വെളുത്തകടവിലെ വിശ്വാസികള്‍ക്ക് പിന്തുണയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഘടിതമായി ഒന്നിച്ച് നിന്ന് ജനകീയ സമരത്തിലൂടെയും നിയമപരമായും പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളും വഖഫ് സംരക്ഷണ സമിതിയും.