തട്ടിയെടുത്ത പള്ളിയും സ്വത്തുക്കളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് മാസത്തിലേറെയായി വെളുത്തകടവ് പള്ളിക്ക് മുന്നിൽ വഖഫ് സംരക്ഷണ സമിതിയുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ സമരവും നടന്ന് വരികയാണ്
ജമാഅത്തെ ഇസ്ലാമിയുടെയും വെൽഫെയർ പാർട്ടിയുടെയും നേതൃത്വത്തിൽ തൃശൂർ കൊടുങ്ങല്ലൂരിലെ വഖഫ് സ്വത്ത് തട്ടിയെടുത്തതായി പരാതി. കൊടുങ്ങല്ലൂർ വെളുത്തകടവ് ദാറുസ്സലാം ജുമാ മസ്ജിദും മദ്രസയുമാണ് തട്ടിയെടുത്തത്. ഇതിന് പുറമെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പള്ളിക്ക് ലഭിച്ച 2.76 കോടി രൂപ അപഹരിച്ചെന്നും വിശ്വാസികൾ ആരോപിക്കുന്നു. സ്വത്ത് തട്ടിയെടുത്തതിൽ സംഘടനകൾക്കെതിരെ മാസങ്ങളായി സമരത്തിലാണ് പ്രദേശവാസികളായ വിശ്വാസികൾ.
കൊടുങ്ങല്ലൂർ , വെളുത്തകടവ് ദാറുസ്സലാം ജുമ മസ്ജിദും വഖഫ് ഭൂമിയിൽ ഉൾപ്പെട്ട മദ്രസയും ദേശീയപാത വികസനത്തെ തുടർന്ന് പള്ളിക്ക് ലഭിച്ച 2.76 കോടി രൂപയും ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡന്റായ ഷാനവാസ് കെ.കെ., വെൽഫെയർ പാർട്ടി നേതാക്കളായ അബ്ദുൾ ലത്തീഫ്, റഷീദ് മാസ്റ്റർ തുടങ്ങിയവർക്കെതിരെയാണ് ആരോപണം. മുൻ പള്ളിക്കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് മക്കാറിനെ തെറ്റിദ്ധരിപ്പിച്ച് രേഖകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഒരു വർഷം മുൻപ് മാത്രം ജമാഅത്തെ ഇസ്ലാമിക്ക് കീഴിൽ ആരംഭിച്ച ദാറുസ്സലാം ചാരിറ്റബിൾ ആന്റ് റിലീജിയസ് ട്രസ്റ്റിലേക്ക് സ്വത്തുക്കളും പണവും കൈമാറ്റം ചെയ്യുകയായിരുന്നു.
1976 ലാണ് വിശ്വാസി കൂട്ടായ്മയിൽ വെളുത്തകടവിൽ പള്ളി നിർമ്മിച്ചത്. 1974ലും 1976ലും 1995ലും പ്രദേശവാസികളായ മൂന്ന് പേർ ചേർന്ന് വഖഫായി നൽകിയ ഭൂമിയിലാണ് പള്ളിയും മദ്രസയും സ്ഥാപിച്ചത്. പള്ളിയുടെ നടത്തിപ്പിൽ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുള്ള കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റുമായി 1998ൽ പള്ളിക്കമ്മറ്റി ഒരു ധാരണപത്രം ഒപ്പുവെച്ചിരുന്നു. പള്ളിയുടെ കെട്ടിടം ഏറ്റെടുത്ത് എം.ഐ.ടി നിർമ്മാണം പൂർത്തിയാക്കുക, തുടർന്നുള്ള കാലഘട്ടങ്ങളിൽ മലയാളത്തിൽ ഖുത്തുബ നടത്തുക, മജ് ലിസ്സ് കേരളയുടെ സിലബസിൽ മദ്രസ നടത്തുക, സക്കാത്ത്, ഫിത്തർ സക്കാത്ത്, ഉദൂഹിയ്യത്ത് തുടങ്ങിയ ഇസ്ലാമിലെ നിർബന്ധ കർമ്മങ്ങൾ സംഘടിതമായി നടത്തുക തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടുത്തിയായിരുന്നു കരാർ. ഇത് പ്രകാരം പള്ളിയിൽ മലയാളം ഖുത്തുബ നിർവഹിക്കാനെത്തിയ ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ അബ്ദുൾ ലത്തീഫ് പിന്നീട് പള്ളിക്കമ്മറ്റിയുടെ ഭാഗമായി. 2022ൽ കമ്മിറ്റി സെക്രട്ടറിയായ ലത്തീഫ്, പദവി ദുരുപയോഗം ചെയ്തും പള്ളിയുടെ ഖത്തീബ് എന്ന വിശ്വാസ്യത മുതലാക്കിയുമാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.
2021 ൽ പള്ളിവക സ്ഥലം ദേശീയപാത വികസനത്തിനായി വിട്ടു നൽകിയതിനെ തുടർന്നാണ് ദാറുസ്സലാം മസ്ജിദ് കമ്മറ്റിക്ക് സർക്കാരിൽ നിന്നും 2.76 കോടി ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കുന്നത്. പണം ലഭിച്ചതിന് പിന്നാലെ ജമാഅത്തെ നേതാക്കൾ ചേർന്ന് പള്ളിയുടെ പേരിനോട് സാദൃശ്യം തോന്നുന്ന തരത്തിൽ ദാറുസ്സലാം ചാരിറ്റബിൾ ആന്റ് റിലീജിയസ് എന്ന പേരിൽ ട്രസ്റ്റ് രൂപീഇകരിച്ചു. മുൻ പള്ളിക്കമ്മറ്റി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ച് ബ്ലാങ്ക് ചെക്കുകൾ ഒപ്പിട്ടു വാങ്ങിയ ശേഷം പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പള്ളിവക സ്വത്തുക്കളും പണവും തിരികെ നൽകാമെന്ന് ജമാഅത്ത് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഇവർ വാക്ക് പാലിക്കാൻ തയ്യാറായിട്ടില്ല.
നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ദാറുസ്സലാം മസ്ജിദ് കമ്മറ്റി വഖഫ് ബോർഡിലും ട്രിബ്യൂണലിലും മുഖ്യമന്ത്രിക്കും പരാതി നൽകി. തട്ടിയെടുത്ത പള്ളിയും സ്വത്തുക്കളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ച് മാസത്തിലേറെയായി വെളുത്തകടവ് പള്ളിക്ക് മുന്നിൽ വഖഫ് സംരക്ഷണ സമിതിയുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ സമരവും നടന്ന് വരികയാണ്. മതിലകം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും നടന്ന സമയത്തെ പള്ളിക്കമ്മിറ്റി പ്രസിഡന്റിനെയും ജമാഅത്തെ നേതാക്കളെയും പ്രതിയാക്കി മതിലകം പൊലീസ് കേസെടുത്തിട്ടുമുണ്ട്. ലോക്കൽ പൊലീസിന് പുറമെ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്ന കേസിൽ തുടർ നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്നാണ് യാഥാർഥ്യം. അതേസമയം വഖഫ് സംരക്ഷണ സമിതിയും വിശ്വാസികളും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കോടതിക്ക് മുന്നിലുള്ള കേസ് സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ജമാഅത്തെ ഇസ്ലാമിയും ഭാരവാഹികളും നൽകുന്ന വിശദീകരണം.