സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ ഇന്ന് സമ്മേളനം നടത്തുന്നത്
ജിഫ്രി മുത്തുക്കോയ തങ്ങൾ
എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കില്ല. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് എതിർപ്പ്.
സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് കലൂരിൽ ഇന്ന് സമ്മേളനം നടത്തുന്നത്. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉത്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നത്. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ടിരുന്നു. പരസ്യമായ തർക്കത്തിലേക്ക് പോകരുതെന്ന് വി.ഡി സതീശൻ ജിഫ്രി തങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ ഈ അഭ്യർഥന ജിഫ്രി തങ്ങൾ സ്വീകരിച്ചില്ലെന്നാണ് പരിപാടിയിൽ നിന്നുള്ള പിന്മാറ്റം സൂചിപ്പിക്കുന്നത്.
സമസ്തയുടെ ജില്ലാ ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗം റാലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയിൽ പങ്കെടുക്കില്ല.