ഡോക്ടർമാരുടെ സമരം വിജയകരം? കൊൽക്കത്ത പൊലീസ് മേധാവിയെയും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും നീക്കാൻ ധാരണയായി

ജൂനിയർ ഡോക്ടർമാരുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ചർച്ചയിലാണ് തീരുമാനം
ഡോക്ടർമാരുടെ സമരം വിജയകരം? കൊൽക്കത്ത പൊലീസ് മേധാവിയെയും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും നീക്കാൻ ധാരണയായി
Published on

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ചർച്ച വിജയകരമെന്ന് സൂചന. ഡോക്ടർമാർ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ മൂന്നും സർക്കാർ അംഗീകരിച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണറെയും ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും നീക്കാൻ ധാരണയായി. ഡോക്ടർമാർ സമരം ഇന്ന് അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഒരു മാസം മുൻപാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങിയത്. നേരത്തെ നാലു തവണ ചർച്ചയ്ക്ക് സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ ഡോക്ടർമാർ തയ്യാറായിരുന്നില്ല. തുടർന്ന് ഇന്നലെ അവസാനവട്ട ശ്രമമെന്ന നിലയിൽ സർക്കാർ സമരക്കാരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു.

"ഈ ചർച്ച വിജയകരമാണെന്നാണ് ഞാൻ കരുതുന്നത്. ഡോക്ടർമാരും അങ്ങനെയാണ് കരുതുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ അവരെന്തിനാണ് മിനിറ്റ്സിൽ ഒപ്പുവെക്കുന്നത്? ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ 99 ശതമാനവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കാരണം അവർ ഞങ്ങളുടെ ഇളയ സഹോദരങ്ങളാണ്," മമത ബാനർജി പറഞ്ഞു.

ഡോക്ടർമാർ മുന്നോട്ടുവെച്ച അഞ്ച് ആവശ്യങ്ങളിൽ മൂന്നും സർക്കാർ അംഗീകരിച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ, ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്ത എന്നിവരെ നീക്കും. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ദേബാശിഷ് ഹാൽദർ, ഹെൽത്ത് സർവീസ് ഡയറക്ടർ കൗസ്‌തവ് നായക് എന്നിവരെ മാറ്റാനും ചർച്ചയിൽ തീരുമാനമായി.

ഡോക്ടർമാർക്ക് ഭാവിയിൽ പരാതികളുണ്ടായാൽ പരിഹരിക്കാനായി ചീഫ് സെക്രട്ടറി മനോജ് പന്തിൻ്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 100 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സമരാവശ്യങ്ങൾ അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും അവർ അഭ്യർഥിച്ചു.

ALSO READ: 'ഇത് അഞ്ചാമത്തെയും അവസാനത്തെയും ക്ഷണം'; ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർമാരെ ചർച്ചക്ക് വിളിച്ച് ബംഗാൾ സർക്കാർ

ചർച്ച കഴിഞ്ഞ് ഡോക്‌ടർമാർ മടങ്ങിയതിന് പിന്നാലെ സമരവേദിയിൽ ഉത്സവാന്തരീക്ഷമായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാനം അംഗീകരിച്ചത് തങ്ങളുടെ 38 ദിവസത്തെ സമരത്തിൻ്റെ വലിയ വിജയമാണെന്ന് ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചു. സർക്കാർ അംഗീകരിച്ച കാര്യങ്ങൾ ഉത്തരവായി ഇറക്കിയാലേ സമരം നിർത്തൂവെന്ന നിലപാടിലാണ് ഡോക്‌ടർമാർ. "അവരുടെ വാക്കാലുള്ള ഉറപ്പ് മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഇത് പ്രാബല്യത്തിൽ വരുത്തിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ," ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറം പ്രതിനിധി പറഞ്ഞു. സർക്കാർ ഉത്തരവ് രാവിലെ ഇറങ്ങിയേക്കും. അതേസമയം, ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുന്നതിനുള്ള പ്രക്ഷോഭം തുടരുമെന്നും ഡോക്ടർമാരുടെ പ്രതിനിധികളിലൊരാൾ കൂട്ടിച്ചേർത്തു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com