
എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എഡിജിപി ആരെയെങ്കിലും കണ്ടാൽ ഞങ്ങൾക്കെന്താണ് ഉത്തരവാദിത്തമെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം. എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് കുഴപ്പമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാതെ സംസ്ഥാന സെക്രട്ടറി ഒഴിഞ്ഞ് മാറുകയായിരുന്നു.
ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബലെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആർ. അജിത് കുമാർ തുറന്നു സമ്മതിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് എഡിജിപിയുടെ വിശദീകരണം. പി.വി. അന്‍വറിന്‍റെ പരാതി അന്വേഷിക്കുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം ഈ വിഷയവും പരിശോധിക്കും.
അതേസമയം, തൃശൂർ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുന്‍ എം.പി കെ.മുരളീധരന്‍ അവശ്യപ്പെട്ടു. അജിത് കുമാർ കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെ ഗൂഢാലോചന നടന്നതായി വ്യക്തമായെന്നും മുരളീധരന്‍ വ്യക്തമാക്കി.
തൃശൂർ പൂരം കലക്കാനായി മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി ആർഎസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. ഇതിനെ തുടർന്ന് വലിയ പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെതിരെ കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിയുടെ കുടയാണ് പിണറായിയുടെ തണല്‍ എന്നായിരുന്നു ഇന്നലെ വി.ഡി സതീശന്‍ നടത്തിയ പ്രസ്താവന. പിണറായി ഇനി മുതല്‍ പൂരം കലക്കി എന്ന് അറിയപ്പെടുമന്നും സതീശന്‍ പരിഹസിച്ചു.