
പശ്ചിമേഷ്യയിൽ സംഘർഷത്തിന്‍റെ പുതിയൊരധ്യായം കൂടി തുറക്കുകയാണ് സിറിയയിൽ. അസദ് സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് രാജ്യത്തെ ഇസ്ലാമിസ്റ്റ് സായുധ സംഘം രണ്ടാമത്തെ പ്രധാന നഗരമായ അലെപ്പോയുടെ നിയന്ത്രണം ഏറ്റെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി ഹയാത് തഹ്‍രീർ അൽ-ഷാം എന്ന സംഘടന സിറിയയിൽ സൈനിക നീക്കം ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. ഷിയാ വിരുദ്ധ പ്രതിപക്ഷ സൈനിക സഖ്യമാണ് തഹ്‍രീർ അൽ ഷാം എന്നതാണ് ശ്രദ്ധേയം.
ഇത്തവണ ഇഡ്‍ലിബിൽ നിന്നാണ് ആഭ്യന്തര യുദ്ധത്തിന്‍റെ അഗ്നി നീറിപ്പിടിക്കുന്നത്. സിറിയയിൽ ബഷാർ അൽ അസാദിന്‍റെ നേതൃത്വത്തിലുള്ള ഷിയാ സർക്കാരിനെതിരായി യുദ്ധം ചെയ്യുന്ന സുന്നി ഇസ്ലാമിക് സംഘടനയായ തഹ്രീർ അൽ ഷാമിന്‍റെ പട വലിയ മുന്നേറ്റമുണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. അസാദ് സർക്കാരിനെതിരെ യുദ്ധം ചെയ്യുന്ന സംഘടനകളുടെ കൂട്ടായ്മയാണ് തഹ്രീർ അൽ ഷാം. 2016ൽ സിറിയൻ സർക്കാർ വിമത സൈന്യത്തെ തുരത്തിയോടിച്ച ശേഷം ഇതാദ്യമായാണ് സിറിയയിൽ ഇതുപോലെ വലിയൊരു സർക്കാർ വിരുദ്ധ സൈനിക നീക്കം നടക്കുന്നത്.
അലെപ്പോ നഗരത്തിന്‍റെ നിയന്ത്രണം തഹ്രീർ അൽ ഷാം കൈക്കലാക്കിയെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വിലയിരുത്തുന്നത്. അതേസമയം, അലെപ്പോയിലും ഇഡ്ലിബിലും തന്ത്രപ്രധാന പട്ടണങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നാണ് സിറിയൻ സർക്കാർ പറയുന്നത്. 2011ലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഉടലെടെുത്ത ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അസ്ഥിരാവസ്ഥ മുതലെടുത്ത് ജിഹാദിസ്റ്റുകൾ അടക്കം നിരവധി സായുധ സംഘടനകൾ സിറിയയുടെ വലിയൊരു ഭാഗം കയ്യടക്കിയിരുന്നു. റഷ്യയുടെ പിന്തുണയോടെ അസാദ് സർക്കാർ പിന്നീട് നഷ്ടമായ മേഖലകൾ തിരിച്ചു പിടിച്ചു. ഇതിൽ അവശേഷിക്കുന്ന മേഖലയായ ഇഡ്ലിബ്, തഹ്രീർ അൽ ഷാം ശക്തികേന്ദ്രമാണ്. തുർക്കി പിന്തുണയുള്ള ശക്തികളും ഈ മേഖലയിലുണ്ട്.
സിറിയൻ ആഭ്യന്തര യുദ്ധം അടിച്ചമർത്തുന്നതിൽ സർക്കാരിന് വിജയം നേടാൻ കാരണമായ വലിയൊരു ഘടകം ഹിസ്ബുള്ളയുടെ സഹായമായിരുന്നു. ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുള്ളയുടെ കരുത്ത് കുറഞ്ഞതും, ഇപ്പോഴത്തെ സുന്നി വിമത മുന്നേറ്റത്തിന് അനുകൂലമായ ഘടകമാണ്. ജെയ്ഷ് അൽ അഹ്രാർ, ജഭത് ഫത്തേ അൽ-ഷാം, അൻസാർ അൽ ദിൻ ഫ്രണ്ട്, ജയ്ഷ് അൽ സുന്ന, ലിവാ അൽഹഖ്, നൂർ അൽ ദിൻ അൽ സെങ്കി തുടങ്ങിയ ഗ്രൂപ്പുകൾ ലയിച്ച് 2017 ജനുവരി 28നാണ് തഹ്രീർ അൽ ഷാം അബു ജാബർ ഷെയ്ഖിന്‍റെ നേതൃത്വത്തിൽ ഒരു സംഘടനയായത്. സിറിയൻ സർക്കാരിനെയും സിറിയൻ മണ്ണിൽ നിന്ന് ഹിസ്ബുള്ള സൈനികരെയും പുറത്താക്കി, ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക എന്നതാണ് തഹ്രീർ അൽ ഷാമിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ലബനനിൽ താത്കാലിക വെടിനിർത്തൽ വന്നതിന് പിന്നാലെ സിറിയയിൽ വീണ്ടും അഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. ഇറാനും ഹൂത്തികൾക്കും ഹിസ്ബുള്ളക്കും ഹമാസിനുമൊപ്പം ആക്സിസ് ഓഫ് റെസിസ്റ്റൻസിൽ ഔദ്യോഗികമായ അംഗമാണ് സിറിയൻ സർക്കാർ എന്നതും ശ്രദ്ധേയമാണ്.