'പലസ്തീൻ പതാക വീശുന്നതിൽ എന്താണ് തെറ്റ്?'; മുഹറം ദിനവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ പോസ്റ്റുമായി സീമ ചിസ്തി

കഴിഞ്ഞ ദിവസം നടന്ന മുഹറം ഘോഷയാത്രകളില്‍ പലസ്തീന്‍ പതാക വീശിയതിന് ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു
സീമ ചിസ്തി
സീമ ചിസ്തി
Published on

പലസ്തീൻ പതാക വീശുന്നതിൽ എന്താണ് കുറ്റമെന്ന ചോദ്യവുമായി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തി. വംശഹത്യക്ക് ഇരയാകുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പതാക വീശിയാൽ അതെങ്ങനെ കുറ്റമാകുമെന്ന് സീമ തൻ്റെ എക്സ് പോസ്റ്റിലൂടെ ചോദിച്ചു. പോസ്റ്റിന് പിന്നാലെ പതാക വീശിയതിൻ്റെ പേരിലെടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയും പുറത്തുവന്നു.

മുഹറം ദിനത്തിൽ പലസ്തീൻ പതാക വീശിയതിൻ്റെ പേരിൽ ആളുകൾക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യയും സീനിയർ പത്രപ്രവർത്തകയുമായ സീമ ചിത ചിസ്തിയുടെ പോസ്റ്റ് . ശേഷം കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സിപിഎം പൊളിറ്റ് ബ്യൂറോ പത്രകുറിപ്പിറക്കി. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പതാക വീശിയതിൻ്റെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തെന്ന പത്രവാർത്തയും സീമ തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മുഹറം ഘോഷയാത്രകളില്‍ പലസ്തീന്‍ പതാക വീശിയതിന് ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി നേതാക്കൾക്കെതിരെ യുഎപിഎ, ഭാരതീയ ന്യായ സംഹിത എന്നിവയുടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ബിജെപി, വിഎച്ച്പി നേതാക്കള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ ഫയല്‍ ചെയ്ത ഈ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ബിജെപിയോ സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. അല്ലാത്തവ കേന്ദ്ര സര്‍ക്കാരിൻ്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാണെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പലസ്തീന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള കേസുകള്‍ രജിസ്റ്റർ ചെയ്യുന്നത് അവരുടെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നു. പലസ്തീൻ ജനതയോട് ഇന്ത്യന്‍ ജനത കാണിക്കുന്ന പിന്തുണ കേന്ദ്രത്തിനും ബിജെപിക്കും സഹിക്കാന്‍ കഴിയുന്നില്ലെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെന്നും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന് അറസ്റ്റിലായി തടവിലാക്കപ്പെട്ട എല്ലാവരെയും ഉടന്‍ വിട്ടയക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com