വിശ്വനാഥൻ ആനന്ദിൻ്റെ ചുമതലയിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലൂടെ വളർന്നുവന്ന ചെന്നൈ സ്വദേശിയാണ് ദൊമ്മരാജു ഗുകേഷ് എന്ന യങ് ചെസ് മജീഷ്യൻ. ചെസ് ബോർഡിൻ്റെ കറുപ്പും വെളുപ്പും ചതുരക്കളങ്ങൾക്കിടയിൽ എകാഗ്രതയോടെ കണ്ണുനട്ടിരിക്കുന്ന 18കാരൻ പയ്യൻ ഇന്ന് ലോക ചെസ് ചാംപ്യൻഷിപ്പിൽ ലോക ചാംപ്യനെ വിറപ്പിക്കുകയാണ്. ചൈനയുടെ ഡിങ് ലിറനാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽ ഗുകേഷിൻ്റെ കരുത്തനായ എതിരാളി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻഷിപ്പ് മത്സരാർഥിയെന്ന നേട്ടത്തിന് കൂടി ഉടമയാണ് ഈ ചെന്നൈക്കാരൻ കൗമാരക്കാരൻ.
നിയമാനുസൃതമായി 14 ഗെയിമുകളുള്ള ലോക ചെസ് ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരാണോ... അവർക്ക് ലോക കിരീടത്തിൽ മുത്തമിടാം. സിംഗപ്പൂരിലെ സെൻ്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നത്. തൻ്റെ ഏഴാം വയസിലാണ് ഗുകേഷ് ചെസ് ബോർഡിൽ തൻ്റെ കരുനീക്കങ്ങൾ പഠിച്ചുതുടങ്ങിയത്. 11 വർഷത്തിനിപ്പുറം തൻ്റെ 18ാം വയസിൽ ലോക ചാംപ്യനുമായി കൊമ്പുകോർക്കുമ്പോൾ ഗുകേഷിനൊപ്പം ഇന്ത്യക്കും അതൊരു ചരിത്രനിയോഗമായി മാറുകയാണ്.
ബുധനാഴ്ച ലോക ചെസ് ചാംപ്യൻഷിപ്പിൽ മൂന്നാമത്തെ ഗെയിമിൽ നിലവിലെ ലോക ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ 37 നീക്കങ്ങൾക്കൊടുവിൽ തറപറ്റിച്ച് ഗുകേഷ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള പതിനാലിൽ ആദ്യത്തെ മൂന്ന് ഗെയിമുകൾ പൂർത്തിയാകുമ്പോൾ ഇരുവർക്കും 1.5 പോയിൻ്റ് വീതമുണ്ട്. ക്ലാസിക്കൽ ചെസ്സിൽ ആദ്യമായാണ് ഗുകേഷ് ലിറനെ തോൽപ്പിക്കുന്നത്. 2024ൽ ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഡിങ് ലിറൻ്റെ ആദ്യ തോൽവി കൂടിയാണിത്.
ALSO READ: ആരാണ് വിഘ്നേഷ് പുത്തൂർ? മുംബൈ ഇന്ത്യൻസ് റാഞ്ചിയ 'ചൈനാമാൻ സ്പിന്നറായ' മലയാളിപ്പയ്യൻ്റെ വിശേഷങ്ങൾ
ആദ്യ ഗെയിമിൽ ഡിങ്ങിനായിരുന്നു ജയം. രണ്ടാമത്തെ മത്സരം സമനിലയിലായിരുന്നു. ഇതോടെ മൂന്നാമത്തെ മത്സരത്തിൽ ജയിക്കേണ്ടത് ഗുകേഷിന് അത്യന്താപേക്ഷിതമായി മാറിയിരുന്നു. ഈ മത്സരം ജയിച്ചതോടെ ഇരുവർക്കും 1.5 പോയിൻ്റ് വീതം നേടാനായി. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരോ അവർക്ക് ലോക കിരീടത്തിൽ മുത്തമിടാം. സിംഗപ്പൂരിലെ സെൻ്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നത്. ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.
ആന്ധ്രാ പ്രദേശിൽ വേരുകളുള്ള കുടുംബമാണ് ഗുകേഷിൻ്റേത്. മാതാപിതാക്കൾ തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയതോടെ 2006 മെയ് 29ന് ചെന്നൈയിൽ വെച്ചായിരുന്നു ഗുകേഷിൻ്റെ ജനനം. പിതാവ് ഡോ. രജനികാന്ത് ഇ.എന്‍.ടി. സര്‍ജനും അമ്മ പദ്മ മൈക്രോബയോളജിസ്റ്റുമാണ്. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയയില്‍ പഠിക്കവേയാണ് ഡി. ഗുകേഷിന് ചെസ് കളിയോടുള്ള കമ്പം തുടങ്ങിയത്. അന്ന് ഏഴ് വയസായിരുന്നു പ്രായം.
ALSO READ: ലോക ചെസ് ചാംപ്യൻഷിപ്പ്: ലോക ചാംപ്യനെ വീഴ്ത്തി ഒപ്പമെത്തി ഗുകേഷ്
ഏഴാം വയസിൽ അച്ഛൻ്റെ കൈപിടിച്ച് ചെന്നൈയിൽ വെച്ച് നടന്ന 2013ലെ വിശ്വനാഥൻ ആനന്ദ്-മാഗ്നസ് കാൾസൻ ലോക ചെസ് ചാംപ്യൻഷിപ് മത്സരം കാണാൻ ഗുകേഷ് എത്തിയിരുന്നു. അച്ഛനിൽ നിന്നാണ് ചെസ്സിൻ്റെ ബാലപാഠങ്ങൾ ആദ്യമായി ഗുകേഷ് പഠിച്ചതും. 12 വയസും ഏഴ് മാസവും 17 ദിവസവും ആയപ്പോഴേക്കും ഗുകേഷ് ചെസ്സിൽ ഗ്രാൻഡ് മാസ്റ്ററുമായി. കാൻഡിഡേറ്റ്സിൽ സമപ്രായക്കാരായ പ്രഗ്യാനന്ദയേയും വിദിത് ഗുജറാത്തിയേയും തോൽപ്പിക്കാനും ഗുകേഷിനായി. റാങ്കിങ്ങിൽ ഗുകേഷിനേക്കാൾ രണ്ട് റാങ്ക് മുന്നിലായിരുന്നു പ്രഗ്യാനന്ദ. അലിറാസ ഫിറോസ്ജ, നിജാത് അബസോവ് എന്നിവരെയും ഗുകേഷ് തോല്‍പ്പിച്ചു. വിശ്വനാഥന്‍ ആനന്ദിന് ശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ഡി. ഗുകേഷ് പ്രശസ്തിയിലേക്കുയർന്നു.
താനും പ്രഗ്യാനന്ദയും അറിവിനെ കൂടുതൽ ആശ്രയിക്കുമ്പോൽ കണക്കുകൂട്ടി വിശകലനം ചെയ്യുന്നതിലാണ് ഗുകേഷിൻ്റെ മികവെന്ന് സഹ ചെസ് താരമായ അർജുൻ എരിഗെയ്സി പറയുന്നു. മൂവർക്കിടയിലും തനിക്കും ഗുകേഷിനും സാഹസിക നീക്കങ്ങൾ നടത്താൻ താൽപര്യമേറെയാണെന്നും അർജുൻ കൂട്ടിച്ചേർത്തു. അതേസമയം, മത്സരത്തിനിടെ ചിന്തിക്കാൻ കൂടുതൽ സമയം ലഭിക്കുന്ന ക്ലാസിക്കൽ ചെസ്സിലാണ് ഗുകേഷ് കൂടുതൽ തിളങ്ങുകയെന്ന് മുൻ ലോക ചാംപ്യനായ മാഗ്നസ് കാൾസനും അഭിപ്രായപ്പെട്ടു. കുറഞ്ഞ സമയത്തിൽ കളിക്കേണ്ട റാപിഡ്, ബ്ലിറ്റ്സ് ഗെയിമുകളിൽ കൂടുതൽ സമയമെടുക്കുന്നത് ഗുകേഷിന് തിരിച്ചടിയാകാമെന്നും കാൾസൻ പറഞ്ഞു. എന്നാൽ കളിക്കിടയിൽ നിർത്താതെ കണക്കുകൂട്ടുന്ന, വിചിത്രമായ പൊസിഷനുകളിൽ നീക്കം നടത്തുന്നതിൽ വിദഗ്ധനാണ് ഗുകേഷെന്നും മാഗ്നസ് കാൾസൻ വിലയിരുത്തുന്നു.