
അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരൻ ജറേഡ് ഐസക്മാനെ തെരഞ്ഞെടുത്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നാസ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്കാണ് ജറേഡ് ഐസക്മാനെ ട്രംപ് നിയമിച്ചിരിക്കുന്നത്. ആദ്യമായി സ്വകാര്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി ചരിത്രം കുറിച്ച വ്യക്തി കൂടിയാണ് ജറേഡ് ഐസക്മാൻ.
ആഗോള സാമ്പത്തിക സാങ്കേതിക കമ്പനിയായ ഷിഫ്റ്റ് ഫോറിൻ്റെ സ്ഥാപകനും സിഇഒയുമാണ് ജറേഡ്. 41ാം വയസിൽ തന്നെ വാണിജ്യ-ബഹിരാകാശ വ്യവസായത്തിലെ പ്രധാന വ്യക്തിയെന്ന പേര് ജറേഡ് സ്വന്തമാക്കിയിരുന്നു. ബിസിനസ്, എയ്‌റോസ്‌പേസ് മേഖലകളിൽ ഗണ്യമായ മുന്നേറ്റം നടത്താനും ജറേഡിന് കഴിഞ്ഞു.
സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ഡൊണാഡ് ട്രംപ് ജറേഡിനെ നാസ മേധാവിയായി പ്രഖ്യാപിച്ചത്. "പ്രഗത്ഭനായ ബിസിനസ്സ് നേതാവ്, മനുഷ്യസ്‌നേഹി, പൈലറ്റ്, ബഹിരാകാശയാത്രികൻ... അദ്ദേഹത്തിൻ്റെ ബഹിരാകാശത്തോടുള്ള അഭിനിവേശവും അനുഭവങ്ങളും പര്യവേക്ഷണത്തിൻ്റെ അതിരുകൾ ഭേദിക്കുന്നതിനും പ്രപഞ്ചത്തിൻ്റെ നിഗൂഢതകൾ തുറക്കുന്നതിനും കാരണമാകും. പുതിയ ബഹിരാകാശ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ ഒരു പുതിയ യുഗത്തെ നയിക്കാൻ ജെറേഡ് ഐസക് മാൻ അനുയോജ്യനാണ്," ട്രംപ് എക്സിൽ കുറിച്ചു. ജറേഡിൻ്റെ എൻട്രി ശോഭനമായ ഭാവിയിലേക്ക് വഴിയൊരുക്കുമെന്നാണ് ഒബാമ ഭരണക്കാലത്ത് നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററായിരുന്ന ലോറി ഗാർവർ നാസ എക്സിൽ കുറിച്ചത്.
16ാം വയസിൽ പഠനം ഉപേക്ഷിച്ചു, ഇന്ന് ശതകോടീശ്വരൻ
വളരെ ചെറിയ പ്രായത്തിൽ തന്നെ തൻ്റെ മേഖല ബിസിനസാണെന്ന് തിരിച്ചറിഞ്ഞ സംരംഭകനാണ് ജറേഡ്. 16ാം വയസിലാണ് ജറേഡ് തൻ്റെ പഠനം ഉപേക്ഷിച്ച് ബിസിനിസ് മേഖലയിലേക്ക് മാറാൻ തീരുമാനിക്കുന്നത്. അങ്ങനെ ചെറുപ്രായത്തിൽ തന്നെ ഷിഫ്റ്റ് ഫോർ പേയ്‌മെൻ്റ്സ് എന്ന പേരിൽ ഒരു പേയ്‌മെൻ്റ് പ്രോസസ്സിങ് കമ്പനി ജറേഡ് ആരംഭിച്ചു. ഏകദേശം 7.4 ബില്യൺ ഡോളറാണ് കമ്പനിയുടെ ഇന്നത്തെ ആസ്തി.
വ്യോമയാനത്തോടുള്ള അഭിനിവേശമാണ് ജറേഡിനെ ഒരു പൈലറ്റാക്കിയത്. പിന്നാലെ 2009-ൽ മേക്ക്-എ-വിഷ് ഫൗണ്ടേഷനുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി, 62 മണിക്കൂറിനുള്ളിൽ ലൈറ്റ് ജെറ്റിൽ ലോകം ചുറ്റിയതിൻ്റെ ലോക റെക്കോർഡും ജറേഡ് സ്വന്തമാക്കി.
2021ലെ ഇൻസ്പിരേഷൻ 4 എന്ന ദൗത്യത്തിലൂടെയായിരുന്നു ജറേഡിൻ്റെ ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. ആദ്യ സിവിലിയൻ ബഹിരാകാശ യാത്രയായിരുന്നു അത്. തുടർന്ന് 2024 സെപ്റ്റംബറിൽ പൊളാരിസ് ഡോണ്‍ എന്ന ദൗത്യത്തിലൂടെ, ജറേഡ് ഐസക്മാൻ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂർത്തിയാക്കി ചരിത്രം കുറിച്ചു. സ്പേസ് എക്സിൻ്റെ എഞ്ചിനീയറായ സാറാ ഗില്ലിസും കൂടെയുണ്ടായിരുന്നു.
സ്പേസ് എക്സ് സ്ഥാപകനും ട്രംപിൻ്റെ അനുയായിയുമായ കോടീശ്വരൻ ഇലോൺ മസ്കുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പെൻസിൽവാനിയ സ്വദേശിയായ ജറേഡ്. യുഎസ് പ്രതിരോധ വകുപ്പിനെയും അതിൻ്റെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുന്ന ഡ്രാക്കൻ ഇൻ്റർനാഷണൽ എന്ന ഡിഫൻസ് എയ്‌റോസ്‌പേസ് കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.