കർദിനാളുമാരുടെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ പുതിയ മാർപാപ്പയാകും.
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് നാളെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് 133 കർദിനാളുമാരാണ് കോൺക്ലേവിന്റെ ഭാഗമാകുന്നത്. ഏറ്റവും കൂടുതൽ കർദിനാൾമാർ പങ്കെടുക്കുന്നുവെന്ന ചരിത്ര നേട്ടവും ഈ കോൺക്ലേവിന് സ്വന്തമാകും. കർദിനാളുമാരുടെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ പുതിയ മാർപാപ്പയാകും.
കത്തോലിക്കാ സഭയുടെ 267-ാമത് പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇനി മണിക്കൂറുകൾ മാത്രം. 120ലേറെ കർദിനാൾ വോട്ടർമാരുമായുള്ള ചരിത്രത്തിലെ ആദ്യ കോൺക്ലേവാണിത്. 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരിൽ 89 പേരുടെ പിന്തുണ കിട്ടുന്നയാൾ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും. പുതിയ പാപ്പയുടെ സ്ഥാനാരോഹണം മെയ് മൂന്നാം വാരം നടക്കുമെന്നാണ് പ്രതീക്ഷ.
മെയ് ഏഴിന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾമാർ പ്രത്യേക ദിവ്യബലിയിൽ പങ്കെടുക്കും. അതിനുശേഷം വോട്ടവകാശമുള്ളവർ മൈക്കലാഞ്ചലോയുടെ പെയിന്‍റിംഗിൽ മനോഹരമാക്കിയ സിസ്റ്റെയ്ൻ ചാപ്പലിലെ മേൽക്കൂരയ്ക്ക് താഴെ രഹസ്യ ബാലറ്റിനായി ഒത്തുചേരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ നാല് ഇന്ത്യൻ കർദിനാൾമാർക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്. കോൺക്ലേവിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയാദ്രേ പരോളിൻ നേതൃത്വം നൽകും. പുതിയ മാർപാപ്പയെ പ്രഖ്യാപിക്കുക കർദിനാൾ ഡീക്കൻ ഡൊമിനിക് മാബെർട്ടിയാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചടങ്ങുകളാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. ഭൂരിപക്ഷം ഉറപ്പിക്കും വരെ വോട്ടെടുപ്പ് എന്നതാണ് രീതി. വോട്ടെടുപ്പ് കഴിയുമ്പോൾ പുകക്കുഴലിലൂടെ വരുന്നത് വെളുത്ത പുകയെങ്കിൽ വത്തിക്കാന് പുതിയ മേധാവിയായിക്കഴിഞ്ഞു എന്നർത്ഥം. കറുത്ത പുകയെങ്കിൽ ആർക്കും ഭൂരിപക്ഷമില്ലെന്നും. ആദ്യ ദിനം ഒരു റൗണ്ട് വോട്ടെടുപ്പാണ് സിസ്റ്റൈൻ ചാപ്പലിൽ നടക്കുക. വോട്ടെടുപ്പിന്റെ ഫലം ഇന്ത്യൻ സമയം രാത്രി 11.30ന് കറുപ്പോ വെളുപ്പോ പുകയായി ഉയരും.
രണ്ടും മൂന്നും ദിവസം രാവിലെയും വൈകുന്നേരവും രണ്ട് റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. മൂന്നാം ദിവസത്തെ നാലാം റൗണ്ട് വോട്ടിനപ്പുറത്തേക്ക് അതായത് 13 റൗണ്ട് വോട്ടെടുപ്പിനപ്പുറം തെരഞ്ഞെടുപ്പ് നടപടികൾ നീളില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. മൂന്ന് ദിവസത്തിന് ശേഷവും ആരും വിജയിക്കുന്നില്ലെങ്കിൽ അടുത്ത ദിവസം ഇടവേളയാണ്.
ALSO READ: "കത്തോലിക്കരെ പരിഹസിച്ചു"; പോപ്പായി സ്വയം അവതരിച്ച ട്രംപിന് വിമർശനം
ഇരുപതാം നൂറ്റാണ്ടുമുതല്‍ ശരാശരി മൂന്ന് ദിവസമാണ് കോണ്‍ക്ലേവ് നീണ്ട് നില്‍ക്കുന്നത്. ഏറ്റവുമൊടുവിൽ മാർപാപ്പ തെരഞ്ഞെടുപ്പ് നടന്ന 2005ലും 2013ലും വോട്ടെടുപ്പ് രണ്ടുദിവസം നീണ്ടു. ഇത്തവണയും കോൺക്ലേവ് ഏറെ ദിവസം നീളില്ലെന്നും പുതിയ പാപ്പയുടെ സ്ഥാനാരോഹണം മേയ് മൂന്നാം വാരം നടക്കുമെന്നുമുള്ള വിലയിരുത്തലിലാണ് വത്തിക്കാൻ.
പുതിയ പോപ്പ് ആഫ്രിക്കനോ, ഏഷ്യനോ, അതോ ഇറ്റാലിയനോ എന്ന തലത്തിലാണ് ചർച്ചകൾ നീങ്ങുന്നത്. ഒന്നാം ദിനത്തിലെ വോട്ടുകൾ നേടുന്നവർ പിയദ്രേ പരോളിൻ, അന്തോണിയോ ലൂയി ടാഗ്ലെ, പീറ്റർ ടർക്സൻ, പീറ്റർ യെർദോ, മരിയ സുപ്പി എന്നിവരാകുമെന്നാണ് പൊതു വിലയിരുത്തൽ. ഇവർക്ക് പുറമെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ച 15 പേരുമുണ്ട്. എന്നാൽ മാർപാപ്പമാരുടെ തെരഞ്ഞെടുപ്പിൽ നാളിതു വരെ ഉണ്ടായിട്ടുള്ളതിനേക്കാൾ കൂടുതൽ ബാഹ്യ ഇടപെടൽ ഇത്തവണ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പരിഷ്കരണ വാദികൾക്ക് മുൻതൂക്കമുണ്ടെങ്കിലും, ഇവർക്കിടയിൽ ഫ്രാൻസീസ് മാർപാപ്പയുടെ എല്ലാ പരിഷ്കരണങ്ങളോടും യോജിപ്പുള്ളവർ 17 പേർ മാത്രമാണ്.
ALSO READ: SPOTLIGHT| പുതിയ മാര്‍പാപ്പ എവിടെ നിന്ന്?