fbwpx
കെജ്‌രിവാളിൻ്റെ രാജിക്ക് മണിക്കൂറുകൾ മാത്രം ബാക്കി; താൽക്കാലികമായി ആം ആദ്മിയുടെ തലപ്പത്ത് ഇനിയാര്?
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Sep, 2024 01:41 PM

മനീഷ് സിസോദിയ കൂടി രാജി പ്രഖ്യാപിച്ചതോടെ എഎപിയുടെ ഉന്നത നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്നതാണ് വ്യക്തമാകുന്നത്

NATIONAL


ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ആർക്കാണ് ആം ആദ്മി പാർട്ടിയിൽ ഉന്നതസ്ഥാനം ലഭിക്കുകയെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. തനിക്കെതിരായ അഴിമതിയാരോപണങ്ങളിൽ ജനവിധി വന്ന ശേഷം മാത്രമെ, വീണ്ടും അധികാരത്തിൽ തിരിച്ചെത്തൂ എന്നായിരുന്നു കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചത്.

കെജ്‌രിവാളിന് പിന്നാലെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും താൻ ജനങ്ങളിലേക്ക് മടങ്ങുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഉന്നത ഓഫീസിലേക്ക് മടങ്ങുകയുള്ളൂവെന്നും പറഞ്ഞിരുന്നു. ഇതോടെ എഎപിയുടെ ഉന്നത നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്നതാണ് വ്യക്തമാകുന്നത്.

ALSO READ: അഗ്നിശുദ്ധി വരുത്തി മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താൻ കെജ്‌രിവാൾ; ബിജെപിയുടെ അജണ്ട പൊളിഞ്ഞോ? ജനവിധി ആർക്കനുകൂലമാകും?

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം നവംബറിൽ ഡൽഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത വർഷം ഫെബ്രുവരിയിൽ മാത്രമെ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ. കെജ്‌രിവാൾ രാജിവെക്കുന്നതോടെ ലഭിക്കുന്ന ഈ മുഖ്യമന്ത്രിസ്ഥാനം ഏതാനും മാസങ്ങൾ മാത്രമായിരിക്കുമെങ്കിലും, പ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കഴിവുള്ള, പാർട്ടി അണികൾക്കിടയിൽ മികച്ച സ്വീകാര്യതയുള്ള ഒരു പ്രമുഖ നേതാവിനെ തെരഞ്ഞെടുക്കാനാണ് എഎപി നേതൃത്വം ശ്രമിക്കുന്നത്.

ആരാകും ഡൽഹി മുഖ്യമന്ത്രി?


1. അതിഷി മർലേന

വിദ്യാഭ്യാസം, പിഡബ്ല്യുഡി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ തലപ്പത്തുള്ള ഡൽഹി മന്ത്രി അതിഷി മർലേന പ്രധാന മത്സരാർത്ഥികളിൽ ഒരാളാണ്. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർത്ഥിയായ അതിഷി, ഡൽഹിയിലെ സ്കൂളുകളിൽ വിദ്യാഭ്യാസ നയം പരിഷ്ക്കരിക്കുന്നതിനുള്ള എഎപിയുടെ പ്രധാന പ്രവർത്തനങ്ങളിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയ അറസ്റ്റിലായതിന് പിന്നാലെയാണ് കൽക്കാജിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അതിഷി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്.

കെജ്‌രിവാളും സിസോദിയയും ജയിലിൽ കഴിയുമ്പോൾ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാൻ അതിഷി മുൻനിരയിലുണ്ടായിരുന്നു. ഓഗസ്റ്റ് 15 ന്, ഡൽഹി സർക്കാരിൻ്റെ സ്വാതന്ത്ര്യദിന പരിപാടിയിൽ ത്രിവർണ പതാക ഉയർത്താൻ കെജ്‌രിവാൾ തിരഞ്ഞെടുത്തതും അതിഷിയെയായിരുന്നു. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ പദ്ധതികൾ പലതും പരാജയപ്പെടുത്തിയതോടെ, എഎപി നേതൃത്വം അതിഥിയിൽ വളരെയധികം വിശ്വാസമർപ്പിക്കുന്നുണ്ട്.

2. സൗരഭ് ഭരദ്വാജ്

ഗ്രേറ്റർ കൈലാഷിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയ സൗരഭ് ഭരദ്വാജ്, കെജ്‌രിവാൾ സർക്കാരിൻ്റെ വിജിലൻസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലകളാണ് വഹിക്കുന്നത്. മദ്യനയക്കേസിലെ സിസോദിയയുടെ അറസ്റ്റിന് ശേഷമാണ് സൗരഭും  മന്ത്രിസ്ഥാനത്തെത്തിയത്. മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സൗരഭ് ഭരദ്വാജ്, അരവിന്ദ് കെജ്‌രിവാളിൻ്റെ 49 ദിവസത്തെ സർക്കാരിലും മന്ത്രിയായിരുന്നു. എഎപിയുടെ ദേശീയ വക്താവ് കൂടിയായ നേതാവ്, എഎപി ഉന്നത നേതാക്കളുടെ ജയിൽവാസത്തിനിടെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ മുൻനിരയിലുണ്ടായിരുന്നു.

3. രാഘവ് ഛദ്ദ

എഎപിയുടെ ദേശീയ എക്സിക്യൂട്ടീവിലും രാഷ്ട്രീയകാര്യ സമിതിയിലും അംഗമായ 35കാരനായ രാഘവ് ഛദ്ദ, പാർട്ടിയിൽ നിന്നുള്ള രാജ്യസഭാ എംപിയും പാർട്ടിയുടെ പ്രധാനപ്പെട്ട ദേശീയതലത്തിൽ അറിയപ്പെടുന്ന മുഖവുമാണ്. ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്തിട്ടുള്ള ഛദ്ദ തുടക്കം മുതൽ ആം ആദ്മി പാർട്ടിക്കൊപ്പമുണ്ട്. രജീന്ദർ നഗറിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം 2022ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ തകർപ്പൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തെ യുവ രാഷ്ട്രീയക്കാരിൽ ഏ, കൂടാതെ പാർലമെൻ്റിലെ പ്രധാന വിഷയങ്ങളിൽ എഎപിയുടെ നിലപാട് വ്യക്തമാക്കുന്നതിൽ എംപി പ്രശസ്തനാണ്.

4. കൈലാഷ് ഗഹ്ലോട്ട്

ഡൽഹിയിലെ എഎപി സർക്കാരിലെ മുതിർന്ന അംഗങ്ങളിൽ ഒരാളാണ് അഭിഭാഷകൻ കൂടിയായ കൈലാഷ് ഗഹ്ലോട്ട്. ഗതാഗതം, ധനകാര്യം, ആഭ്യന്തരകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളാണ് ഗഹ്ലോട്ടിൻ്റെ ചുമതലയിലുള്ളത്. 50കാരനായ നേതാവ് 2015 മുതൽ ഡൽഹിയിലെ നജഫ്ഗഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്ത അഭിഭാഷകനായ ഗഹ്ലോട്ട് 2005നും 2007നും ഇടയിൽ ഹൈക്കോടതി ബാർ അസോസിയേഷനിൽ മെമ്പർ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

5. സഞ്ജയ് സിംഗ്

പാർലമെൻ്റിലെ ആവേശകരമായ പ്രസംഗങ്ങൾക്ക് പേരുകേട്ട എഎപിയുടെ ഏറ്റവും പ്രമുഖ മുഖങ്ങളിലൊരാളാണ് സഞ്ജയ് സിംഗ്. 52കാരനായ നേതാവ് പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 2018 മുതൽ രാജ്യസഭാ എംപിയായ സഞ്ജയ് സിങ്ങ്, ദേശീയ എക്സിക്യൂട്ടീവിലും രാഷ്ട്രീയ കാര്യ സമിതിയിലും അംഗവുമാണ്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജയ് സിംഗ്, ഇപ്പോൾ കെജ്‌രിവാളിനെയും സിസോദിയയെയും പോലെ ജാമ്യത്തിലാണ്.


NATIONAL
ഇത്തവണ ലക്ഷ്മണ രേഖ കടന്നിരിക്കുന്നു; തരൂരിന് താക്കീതുമായി കോൺഗ്രസ് നേതൃത്വം
Also Read
user
Share This

Popular

NATIONAL
KERALA
ഇത്തവണ ലക്ഷ്മണ രേഖ കടന്നിരിക്കുന്നു; തരൂരിന് താക്കീതുമായി കോൺഗ്രസ് നേതൃത്വം