ആം ആദ്മി പാർട്ടിയേയും പ്രതിപക്ഷത്തേയും താറടിച്ച് കാട്ടാൻ ബിജെപി ഒരുക്കിയ മാസ്റ്റർ പ്ലാനിനെ തകിടം മറിക്കുന്നതായി ഈ നീക്കം മാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്
കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ദീർഘമായ ആറ് മാസത്തിന് ശേഷമായിരുന്നു കെജ്‌രിവാൾ ജാമ്യം നേടി പുറത്തേക്ക് വന്നത്. ഇതിനിടയിൽ രണ്ട് തവണയായി ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ബിജെപി സർക്കാരിൻ്റെ അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ വിടാതെ പിന്തുടരുന്ന കാഴ്ചയാണ് കാണാനായത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി മുഖ്യമന്ത്രി ആദ്യം ജയിലിലാകുന്നത്. ആ കേസിൽ സുപ്രീം കോടതി ഇടപെടലിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും, പുറത്തിറങ്ങാനാകാത്ത വിധം സിബിഐ കേസെടുത്ത് അദ്ദേഹത്തെ തീഹാർ ജയിലിനുള്ളിൽ തന്നെ നിലനിർത്തി.
എന്നാൽ, തിരുവോണ നാളിൽ രാജിപ്രഖ്യാപനം നടത്തി, ആം ആദ്മിയെ തകർക്കാൻ ബിജെപി ഒരുക്കിയ കെണിയിൽ നിന്ന് തന്ത്രപരമായി പുറത്തുകടക്കാനാണ് പാർട്ടി അധ്യക്ഷനായ അരവിന്ദ് കെജ്‌രിവാളിൻ്റെ ശ്രമം. സത്യത്തിൽ ഇത്തരമൊരു നീക്കം ബിജെപി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ച് കാണില്ല. കേന്ദ്ര സർക്കാരിൻ്റെ മുഴുവൻ ഏജൻസികളെയും ഉപയോഗിച്ച് ഇത്രയും നാളായി ആം ആദ്മി പാർട്ടിയേയും പ്രതിപക്ഷത്തേയും താറടിച്ച് കാട്ടാൻ ബിജെപി ഒരുക്കിയ മാസ്റ്റർ പ്ലാനിനെ തകിടം മറിക്കുന്നതായി ഈ നീക്കം മാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഇനി ജനങ്ങളുടെ കോടതിയില്‍ നിന്നും നീതി തേടുകയാണ് കെജ്‌രിവാളിന് ചെയ്യാനുള്ളത്.
അഴിമതിയാരോപണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയ ആം ആദ്മിക്ക് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിൽ പോലും ജയിക്കാനായിരുന്നില്ല. 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിനെ അപ്രസക്തമാക്കുന്നൊരു ജനവിധി എഎപിക്ക് നേടാനാകുമോയെന്നതാണ് പ്രധാന ചോദ്യം. സുപ്രീം കോടതിയുടെ ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം കിട്ടിയെന്നത് മാത്രമാണ് ആം ആദ്മിക്ക് ആശ്വാസകരമായിട്ടുള്ളത്. നിലവിലെ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി ഡൽഹി ജനതയുടെ മനസും, ഒപ്പം വോട്ട് ബാങ്കും അനുകൂലമാക്കി മാറ്റാനാണ് കെജ്‌രിവാളും പാർട്ടിയിലെ ബുദ്ധികേന്ദ്രങ്ങളും കണക്കുകൂട്ടുന്നത്. അതേസമയം, ഇതെല്ലാം വെറും പ്രകടന തന്ത്രങ്ങളാണെന്നാണ് ബിജെപി വിമർശിക്കുന്നത്.
കെജ്‌രിവാൾ ഇന്ന് നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. "നീതിപീഠത്തില്‍ നിന്ന് എനിക്ക് നീതി കിട്ടി. ഇനി ജനങ്ങളുടെ കോടതിയില്‍ നിന്നും നീതി ലഭിക്കും. അവരുടെ വിധി വന്നതിനു ശേഷമേ മുഖ്യമന്ത്രി കസേരയില്‍ ഞാന്‍ ഇരിക്കുകയുള്ളൂ. രണ്ട് ദിവസത്തിനുള്ളില്‍ രാജി വെക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഡൽഹിയിലെ ജനങ്ങളോട് ചോദിക്കുന്നു കെജ്‌രിവാൾ നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാൻ ജനങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യൂ," എന്നായിരുന്നു കെജ്‌രിവാളിൻ്റെ പ്രഖ്യാപനം.
READ MORE: "ജനവിധി വരുന്നത് വരെ ആ കസേരയിൽ ഇരിക്കില്ല"; രാജി പ്രഖ്യാപിച്ച് കെജ്‌രിവാൾ
കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആറ് മാസത്തിന് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആദ്യം അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന് മുമ്പ് പലവട്ടം ചോദ്യം ചെയ്യലിനായി സമൻസ് അയച്ചിരുന്നുവെങ്കിലും, ആദ്യ ഘട്ടത്തിൽ നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ ഇതിൽ നിന്നെല്ലാം തുടരെ ഒഴിഞ്ഞുമാറിയിരുന്നു.
എന്നാൽ, ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ആം ആദ്മി പാർട്ടിയുടെ സ്റ്റാർ ക്യാമ്പെയ്നറെ പൂട്ടാൻ ഇ.ഡിക്ക് കഴിഞ്ഞു. അതിലൂടെ നിർണായക ഘട്ടത്തിൽ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷനെ തടവിലിടാനും, പാർട്ടിയുടെ മുന്നേറ്റങ്ങളെ ചെറുക്കാനും, ഇന്ത്യ മുന്നണിയെ സമ്മർദ്ദത്തിലാക്കാനും എൻഡിഎയ്ക്ക് സാധിച്ചു. ആം ആദ്മിയെ രാജ്യത്ത് മുച്ചൂടും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കളും, ഇന്ത്യ മുന്നണിയിലെ മറ്റു പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്.
READ MORE: അഞ്ച് മാസം അഴികളെണ്ണി തീർത്തു കെജ്‌രിവാൾ; ഇത് ആം ആദ്മിയെ 'തീർക്കാനുള്ള ബിജെപി ക്വട്ടേഷൻ'?
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നുവെന്നും എഎപി നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ആം ആദ്മി പാർട്ടിക്കാരെ പാകിസ്ഥാനികളോടാണ് അമിത് ഷാ ഉപമിച്ചിരുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നത് ബിജെപിക്ക് പുതുമയുള്ള കാര്യമല്ല. ഡൽഹിയിലേയും പഞ്ചാബിലെയും ആം ആദ്മി സർക്കാരുകളെ ഭരണത്തിൽ നിന്ന് താഴെയിറക്കുമെന്നും അമിത് ഷാ പാർട്ടി ബിജെപി അണികൾക്ക് ഉറപ്പുനൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേരത്തെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട്, സാമ്പത്തിക തട്ടിപ്പ് തടയൽ നിയമപ്രകാരമാണ് (Prevention of Money Laundering Act) ഇ.ഡി കെജ്‌രിവാളിനെതിരെ കേസെടുത്തത്. ഈ കേസിൽ നേരത്തെ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹി മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ കേസ് (Prevention of Corruption Act) പ്രകാരം സിബിഐ കേസെടുത്തത്.
READ MORE: എന്തിന് രണ്ട് ദിവസം കാത്തിരിക്കുന്നു, ഇന്ന് തന്നെ രാജിവെക്കൂ; കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി