ഇന്ത്യയില്‍ പെട്രോള്‍ വില മാറാതായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിനു മുന്‍പായി ലിറ്ററിന് രണ്ടു രൂപ വീതം പെട്രോളിനും ഡീസലിനും ഒരു കുറവുണ്ടായതാണ്. അതിനുശേഷം ഇതുവരെ അനക്കമില്ല
ലോകത്ത് മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് എന്ന പ്രയോഗം ഇനി തിരുത്തേണ്ടി വരും. ഇന്ത്യയില്‍ പെട്രോള്‍ വില മാറാതായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിനു മുന്‍പായി ലിറ്ററിന് രണ്ടു രൂപ വീതം പെട്രോളിനും ഡീസലിനും ഒരു കുറവുണ്ടായതാണ്. അതിനുശേഷം ഇതുവരെ അനക്കമില്ല. മുംബൈയില്‍ 104 രൂപ 21 പൈസക്കും ചെന്നൈയില്‍ 100 രൂപ 25 പൈസക്കും മാറ്റമില്ലാതെ വിറ്റുകൊണ്ടിരിക്കുകയാണ്. നമ്മുടെ തിരുവനന്തപുരത്ത് 107 രൂപ 48 പൈസ എന്ന വിലയ്ക്കും. ഇതിനിടെ ലോകം മാറിമറിഞ്ഞ അനേകം സംഭവങ്ങള്‍ നടന്നു. രാജ്യാന്തര എണ്ണവില 10 മുതല്‍ 20 ഡോളര്‍വരെ പലപ്പോഴായി കുറഞ്ഞു. ആ വില ബാധകമല്ലാതെ, റഷ്യയില്‍ നിന്ന് അതിലും കുറഞ്ഞവിലയ്ക്ക് കപ്പല്‍കണക്കിന് ഇന്ധനം ഇന്ത്യയില്‍ എത്തിക്കൊണ്ടിരുന്നു. സര്‍ക്കാര്‍ ഖജനാവിലേക്ക് പെട്രോളിയം മേഖലയില്‍ നിന്ന് കിട്ടിയിരുന്ന ഒരു ലക്ഷം കോടിയുടെ നികുതി മൂന്നേമുക്കാല്‍ ലക്ഷം കോടിയായി ഉയര്‍ന്നു. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ചരിത്രത്തിലെ വലിയ ലാഭമുണ്ടാക്കി. എന്നിട്ടും പാവപ്പെട്ടവന്‍ പെട്രോള്‍ തീര്‍ന്ന ബൈക്കുമായി ഒന്നും രണ്ടും കിലോമീറ്റര്‍ ഉന്തി പമ്പില്‍ ചെന്നു. 100 രൂപ കൊടുത്താല്‍ 900 മില്ലിമിറ്റര്‍ മാത്രം പെട്രോളും ഒഴിച്ച് അതു തീരും വരെ മാത്രാം ഓടി.
പ്രധാനമന്ത്രി പറയട്ടെ, എന്നു കുറയും ഈ പെട്രോള്‍ വില
വികാരപരമായി ഒരുപാടു പറയാനുള്ള വിഷയമാണ്. നമുക്ക് ഇപ്പോള്‍ കണക്കുകള്‍ വച്ചുമാത്രം സംസാരിക്കാം. ഇന്ത്യക്കു ബാധകമായ രാജ്യാന്തര ഇന്ധനവില ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രിലില്‍ 89.44 ഡോളര്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ 73.34 ഡോളര്‍. ഇതിലും കുറഞ്ഞ മാസങ്ങള്‍ ഇതിനു മുന്‍പും ഉണ്ട്. അതുവിട്ടുകളായാം. ഏപ്രിലില്‍ നിന്ന് ഡിസംബര്‍ എത്തിയപ്പോഴേക്കും കുറഞ്ഞത് 16.1 ഡോളര്‍ ആണ്. ഇതിനെ രൂപയിലാക്കിയാണ് 1393 രൂപ വരും. ഇത് ഒരു ബാരലിന്റെ കഥ. ഇങ്ങനെ റഷ്യയില്‍ നിന്നു മാത്രം 16 ലക്ഷം ബാരല്‍ എണ്ണയാണ് ജനുവരിയില്‍ വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ മൊത്തം വാങ്ങലിന്റെ 30 ശതമാനം മാത്രമാണ്. ജനുവരിയിലെ ഇന്ത്യ ആകെ വാങ്ങിയത് 49.8 ലക്ഷം ബാരല്‍ എണ്ണയാണ്. ഒരു ബാരലിന് 1393 രൂപ വീതം കുറഞ്ഞവിലയ്ക്ക് ഏപ്രിലില്‍ നിന്ന് ജനുവരിയിലെത്തിയപ്പോള്‍ വാങ്ങിക്കൂട്ടിയത് അന്‍പതു ലക്ഷം ബാരല്‍ പെര്‍ ഡേ ആണ്. ഏപ്രിലില്‍ വാങ്ങിയതിനേക്കാള്‍ 693 കോടി രൂപയാണ് ഈ ജനുവരിയില്‍ അത്രയും ഇന്ധനം വാങ്ങാന്‍. ഒറ്റ ഇറക്കുമതിയിലെ വിലക്കുറവ് ഇത്രയും ആണെങ്കില്‍ ദിവസവും സംഭവിക്കുന്നത് ആലോചിച്ചാലോ? രാജ്യത്തെ ഓരോ പൗരനും ലിറ്ററിന് 20 രൂപയെങ്കിലും കുറച്ചു നല്‍കാനുള്ള വിലക്കുറവാണ് പെട്രോളിലും ഡീസലിലും സംഭവിച്ചിരിക്കുന്നത്. അതു കഴിഞ്ഞ എട്ടുമാസത്തെ മാത്രം കാര്യം. നമുക്കിനി വേറേയും കണക്കുകളുണ്ട്.
Also Read: ആനയെ ഭയന്ന് എത്രകാലം?
ഈ കാശൊക്കെ എവിടെപ്പോകുന്നു?
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം പെട്രോളിയം മേഖലയില്‍ നിന്ന് കേന്ദ്ര ഖജനാവിലേക്ക് വന്നത് ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം എത്തിയത് നാലു ലക്ഷത്തി മുപ്പത്തിരണ്ടായിരം കോടി രൂപ. രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാണ് ഖജനാവിലേക്കുള്ള വരുമാനത്തിലെ വര്‍ധന. ഇതിനിടെ നാലുലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരം കോടിയും നാലര ലക്ഷം കോടിയും ഒക്കെ കിട്ടിയ വര്‍ഷങ്ങളും ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന് എന്താണ് വരുമാനം എന്നു ചോദിച്ചാല്‍ പെട്രോള്‍ വിറ്റുകിട്ടുന്ന കാശുണ്ട് എന്നു മാത്രം പറയാന്‍ പറ്റുന്ന സ്ഥിതി. തൊഴുത്തിലെ പയ്യിന്റെ കറവ വറ്റിയാല്‍ തറവാടും പട്ടിണി എന്നാണ് ഉയരുന്ന വിമര്‍ശനം. നമ്മള്‍ ഓരോരുത്തരും സ്‌കൂട്ടറിലും കാറിലും ഒഴിക്കുന്ന പെട്രോളാണ് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തുന്ന പ്രധാനം വരുമാന മാര്‍ഗം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൂടി കേന്ദ്രസര്‍ക്കാരിന് കിട്ടുന്നതിനേക്കാള്‍ കുറവ് തുകയായ 3.18 ലക്ഷം കോടിയാണ് കിട്ടുന്നത്. പ്രധാന വരുമാനവും കേന്ദ്രത്തിനാണ്. നികുതി തീരുമാനിക്കുന്നതും കേന്ദ്രമാണ്. കേന്ദ്രത്തിനു നികുതി ഏതൊക്കെ വഴിയാലാണെന്നു കൂടി പറയാം. ക്രൂഡ് ഓയില്‍ സെസ്, ക്രൂഡ് ഓയില്‍ റോയല്‍റ്റി, കസ്റ്റംസ് ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി, സര്‍വീസ് ടാക്‌സ്, ഐജിഎസ് ടി, സിജിഎസ്ടി എന്നിവയുണ്ട്. ഇതിനു പുറമെ കോര്‍പ്പറേറ്റ് നികുതിയായും ഡിവിഡന്‍ഡായും കിട്ടുന്ന പണവുമുണ്ട്. ഒന്നാന്തരം കറവപ്പശു എന്നതിനപ്പുറം മറ്റൊരു വിശേഷണവും ചേരില്ല ഈ മേഖലയ്ക്ക്. പെട്രോളില്‍ പിഴിഞ്ഞൂറ്റുമ്പോള്‍ കാലിയാകുന്നതോ പാവങ്ങളുടെ പോക്കറ്റും.
Also Read: എന്‍ഡോസള്‍ഫാന്‍ ഫാക്ടറികളേക്കാള്‍ ഭേദമല്ലേ സ്വകാര്യ സര്‍വകലാശാലകള്‍?
എന്തിനു നല്‍കി വിലനിര്‍ണയാധികാരം?
രാജ്യത്ത് കേന്ദ്ര പെട്രോളിയം മന്ത്രാലയമായിരുന്നു ഇന്ധനവില തീരുമാനിച്ചിരുന്നത്. എണ്ണകമ്പനികള്‍ക്ക് നഷ്ടമുണ്ടായാല്‍ അതു നികത്താനുള്ള പണം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ നയംമാറ്റത്തിന്റെ ഭാഗമായി ഈ അധികാരം എണ്ണകമ്പനികള്‍ക്കു നല്‍കി. ദിവസവും അര്‍ധരാത്രി പ്രഖ്യാപിക്കുന്ന വില പിറ്റേന്നു പുലര്‍ച്ചെ നിലവില്‍ വരുന്നതായിരുന്നു രീതി. ഇത് വലിയ പരാതികളില്ലാതെ പോകുമ്പോഴാണ് 2019ലെ തെരഞ്ഞെടുപ്പ്. രാജ്യാന്തര വില ഉയരുന്ന സമയമായിരുന്നു അത്. ദിവസവും വില കൂടിയാല്‍ വോട്ടിനെ ബാധിക്കും എന്നതിനാല്‍ ആദ്യമായി ഇതു മരവിപ്പിച്ചു. പിന്നെ എക്കാലക്കും വില ഉയര്‍ന്നു നില്‍ക്കുന്നതിലായി ധനമന്ത്രാലയത്തിനു താല്‍പര്യം. വില കുറഞ്ഞാല്‍ വരുമാനവും കുറയും എന്ന സിംപിള്‍ ലോജിക്.
കമ്പനികളുടെ കൊടിയലാഭം
വില ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ട് കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭം സങ്കല്‍പത്തിനും അപ്പുറത്താണ്. ഭാരത് പെട്രോളിയം കമ്പനിക്ക് ഈ സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് മാസത്തെ പാദത്തില്‍ ലാഭം 3,104 കോടി രൂപ. ഒന്നേകാല്‍ ലക്ഷം കോടിയുടെ വിറ്റുവരവ്. രണ്ടാംപാദത്തില്‍ 2,697 കോടിയും മൂന്നാം പാദത്തില്‍ 4649 കോടിയും ലാഭം. ഒരു പാദം കൂടി പൂര്‍ത്തിയാകാനിരിക്കെ ലാഭം മാത്രം പതിനായിരം കോടി പിന്നിട്ടു കഴിഞ്ഞു. നികുതിയും സര്‍വ ചെലവുകളും കഴിഞ്ഞുള്ള തുകയാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും ഉണ്ട് സമാനമായ തോതില്‍ ലാഭം. റിലയന്‍സും നയാഇറയും അദാനിയും ടാറ്റയുമെല്ലാമുണ്ട് ഈ ഉയര്‍ന്ന വിലയുടെ ഗുണഭോക്താക്കളായി. ലോകത്ത് മറ്റൊരു രാജ്യാത്തും പെട്രോള്‍ വില ഒരുവര്‍ഷമായി മാറാതെ നില്‍ക്കുന്നില്ല. അത് ഇന്ത്യയില്‍ മാത്രമാണ്. ഉയര്‍ന്ന നികുതി കല്‍ക്കരി ഇന്ധന ഉപയോഗം കുറയ്ക്കാനാണ് എന്നൊക്കെ പറയുന്നത് വികസിത രാജ്യങ്ങളിലാണ് വിലപ്പോകുന്നത്. അവിടെ കുറഞ്ഞവിലയ്ക്ക് പെട്രോള്‍ കിട്ടിയാല്‍ ആഡംബര വണ്ടികളൊന്നും റോഡില്‍ നിന്നു കയറില്ല. ഇവിടെ റോഡിലോടുന്നതിലേറെയും പാവപ്പെട്ടവന്റെ എം എയ്റ്റികളാണ്. അവരാണ് കഷ്ടത്തിലാകുന്നത് എന്നതിനപ്പുറം എന്തുപറയാന്‍.