നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് പൊതുവേ നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് നടത്തുന്നത്
ഒരു വർഷം നീണ്ടുനിന്ന യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ജനങ്ങളുടെ വിധി നിർണയം ഇന്ന് പൂർത്തിയാകും. വാശിയേറിയ പ്രസിഡന്‍ഷ്യല്‍ സംവാദങ്ങള്‍, വാക് പോരുകള്‍, വിവാദ പ്രസ്താവനകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് എല്ലാ കാലത്തും യുഎസ് തെരഞ്ഞെടുപ്പ്. അപ്രവചനീയമായിരിക്കും സ്ഥാനാർഥികളുടെ ഒരോ നീക്കവും. ഇത്തവണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ജോ ബൈഡന്‍ വരെ തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തില്‍ മത്സരത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഇത്തരം രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അപ്പുറം മാറ്റമില്ലാതെ തുടരുന്ന ചില നിയമങ്ങളുണ്ട് യുഎസ് തെരഞ്ഞെടുപ്പില്‍. നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് പൊതുവേ നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് നടത്തുന്നത്. കാലങ്ങളായി അത് അങ്ങനെ തന്നെയാണ്.
എന്തുകൊണ്ട് നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ച?
നവംബറിലെ ആദ്യ ചൊവ്വാഴ്ച തെരഞ്ഞടുപ്പ് സജ്ജീകരിച്ചിരിക്കുന്നതിന് പല കാരണങ്ങളുണ്ട്. 1845ന് മുമ്പുള്ള കാലഘട്ടത്തില്‍ കര്‍ഷക സമൂഹമായിരുന്നു കൂടുതലായും അമേരിക്കയില്‍ ഉണ്ടായിരുന്നത്. ജനങ്ങള്‍ക്ക് ഡിസംബറിലെ ആദ്യ ബുധനാഴ്ചക്കുളളില്‍ വോട്ട് രേഖപ്പെടുത്തുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ ഭൂവുടമകളല്ലാത്ത വെള്ളക്കാര്‍ക്കും വോട്ടവകാശം ലഭിച്ചു. എന്നാല്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിയത് മൂലം തെരഞ്ഞെടുപ്പ് നീണ്ടു പോവുന്ന സാഹചര്യം ഉടലെടുത്തു. ഇത് തടയാനായി 1824 ജനുവരി 23 ന് യുഎസ് കോണ്‍ഗ്രസ് പാസാക്കിയ നിയമമനുസരിച്ചു കൃത്യമായ ഒരു തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നവംബറിലെ ആദ്യ ചൊവ്വാഴ്ച തെരഞ്ഞെടുപ്പിന് അനുയോജ്യമായ ദിവസമായി തീരുമാനിച്ചത്. നവംബറിന് പകരം എന്തുകൊണ്ട് വര്‍ഷത്തിലെ മറ്റു മാസങ്ങള്‍ തെരഞ്ഞെടുപ്പിനായി തീരുമാനിച്ചില്ല?
വേനല്‍ക്കാലത്തെ അധ്വാനത്തിനു ശേഷം കര്‍ഷകര്‍ക്ക് ഒഴിവു ലഭിക്കുന്നത് കൊയ്ത്തുകാലം ആരംഭിക്കുന്ന നവംബര്‍ മാസത്തിലാണ്. മാത്രവുമല്ല നവംബര്‍ മാസത്തിലെ കാലാവസ്ഥ തൃപ്തികരവുമാണ് . 18-ാം നൂറ്റാണ്ടില്‍ അമേരിക്കയിലെ യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം കുതിരപ്പുറത്തും മറ്റു ചെറിയ വണ്ടികളുടെ [carriage] സഹായത്തോടെയുമാണ് പലരും ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്ത് വോട്ട് രേഖപ്പെടുത്തുവാന്‍ പോളിങ് സ്ഥലങ്ങളില്‍ എത്തിയിരുന്നത്. ആ ദൂരയാത്രയ്ക്കു ഏറ്റവും യോജിച്ച കാലാവസ്ഥ നവംബര്‍ മാസത്തിലേതാണ്. നവംബര്‍ ഒന്ന് അമേരിക്കയില്‍ വിശുദ്ധന്മാരുടെ പെരുന്നാളായി (ഓള്‍ സെയ്ന്‍റ്സ് ഡേ) ആചരിക്കുന്നതിനാല്‍ ആ ദിവസം യുഎസ് തെരെഞ്ഞെടുപ്പ് നടത്താറില്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അമേരിക്കയില്‍ ഞായറാഴ്ച കുര്‍ബാന പ്രധാന ദിവസമായതിനാല്‍ അന്നും തെരഞ്ഞെടുപ്പ് സാധ്യമല്ല. ബുധനാഴ്ചകള്‍ അമേരിക്കക്കാര്‍ക്ക് മാര്‍ക്കറ്റ് ഡേ ആണ്. കൂടാതെ ഡിസംബറിലെ രൂക്ഷമായ ശീതകാലത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുവാന്‍ യുഎസ് സെനറ്റ് തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിലുള്ള മതപരവും സാമ്പത്തികപരവുമായ കാരണങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് നവംബറിലെ ആദ്യ ചൊവ്വാഴ്ച തെരഞ്ഞെടുപ്പിനായി തീരുമാനിച്ചത്. നവംബര്‍ തിരഞ്ഞെടുക്കുവാനുള്ള മറ്റൊരു കാരണം വോട്ടര്‍മാരുടെ എണ്ണം കൂട്ടുകയെന്നതും ഇലക്ട്രല്‍ കോളേജ് പ്രക്രിയ സുഗമമാക്കുകയെന്നതും കൂടിയാണ്.
Also Read: യുഎസ് വിധിയെഴുതുന്നു; ബാലറ്റ് പേപ്പറിൽ ഇടം പിടിച്ച് ഇന്ത്യൻ ഭാഷ
ഇന്നത്തെ കാലത്തു രണ്ട് ശതമാനത്തില്‍ താഴെ അമേരിക്കക്കാര്‍ മാത്രമാണ് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറയുന്നത് മൂലം തെരഞ്ഞെടുപ്പ് വാരാന്ത്യത്തിലേക്ക് മാറ്റണം എന്ന പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. തപാല്‍ മുഖേന [absent ballots] വോട്ട് രേഖപ്പെടുത്താന്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും വോട്ടിങ് തീയതിയുടെ പ്രാമുഖ്യം കുറഞ്ഞുവരുന്ന സാഹചര്യമുണ്ടാക്കുന്നു.
യുഎസ് തെരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്നത് അമേരിക്കന്‍ ജനസമൂഹം മാത്രമല്ല ലോകജനത കൂടിയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ വികസിത രാഷ്ട്രമായ അമേരിക്കയുടെ ഭാഗധേയം ആരുടെ കൈയിലേക്കാണ് എത്തുകയെന്നത് പല ആഗോള സമവാക്യങ്ങളും തിരുത്തിയേക്കാം. അതിനാല്‍ നവംബർ മാസത്തിലെ ആദ്യ ചൊവ്വാഴ്ച അമേരിക്കയെയും ലോകത്തെയും സംബന്ധിച്ചിടത്തോളം ഒരു 'ഡി-ഡേ' ആണ്.