
ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ സർവസാധാരണമാണ്. എന്നാൽ ആ തർക്കം കൊലപാതകത്തിൽ കലാശിക്കുക എന്നത് ഏറെ അപകടകരമായ കാര്യവും. ഭക്ഷണത്തിന് കാത്തിരിക്കാൻ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിൻ്റെ കൊലപാതക കുറ്റം ശരിവച്ചിരിക്കുകയാണ് ഒറീസ ഹൈക്കോടതി. റായ് കിഷോര്‍ ജെന എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അവർ പ്രകോപനം ഉണ്ടാക്കിയതുകൊണ്ടാണെന്നും ശിക്ഷ റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി കണ്ടെത്തി. ജസ്റ്റിസുമാരായ എസ്. കെ സാഹു, ചിത്തരഞ്ജന്‍ ദാഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് പ്രതി വെട്ടുകത്തി കൊണ്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും മുഖത്തും ചെവിയിലും മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു.
വീട്ടമ്മ പെട്ടെന്നുള്ള ഒരു പ്രകോപനവുമുണ്ടാക്കിയതായി പറയാനാവില്ല. സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ല. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെയാണ് പ്രതി ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കിഷോറിനോട് ഭക്ഷണത്തിനായി അൽപം കാത്തിരിക്കണമെന്ന് ഭാര്യ പറഞ്ഞു. അതിൽ പ്രകോപിതനായാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയുടെ ശരീരത്തില്‍ ഒമ്പത് ഭാഗത്താണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.സംഭവത്തിൽ കൊലപാതക കുറ്റത്തിന് വിചാരണക്കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. വിചാരണക്കോടതിയുടെ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.