
മുംബൈയിൽ കനത്ത മഴയിൽ ഓടയിൽ വീണ് 45കാരി വിമൽ അനിൽ ഗെയ്ക്വാദ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം അന്ധേരിയിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലാണ് വിമൽ അനിൽ ഗെയ്ക്വാദ്, അന്ധേരിയിലെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ കെട്ടിടത്തിനടുത്തുള്ള ഓടയിൽ വീണത്. ഉടൻ തന്നെ പൊലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണപ്പെടുകയായിരുന്നു. വിമൽ അനിൽ ഗെയ്ക്വാദിൻ്റെ ഭർത്താവ്, വിമലിന് മാത്രമായിരുന്നു കുടുംബത്തിൽ ഉപജീവനമാർഗം ഉണ്ടായിരുന്നതെന്നും, താൻ ഒരു രോഗിയാണെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും, ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും വിമലിൻ്റെ ഭർത്താവിൻ്റെ പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തി, മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുംബൈ നഗരസഭ ഡെപ്യൂട്ടി കമ്മീഷണർ അടങ്ങിയ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ വർഷം മാത്രം മുംബൈയിൽ ഏഴ് പേർ ഓടയിൽ വീണ് മരിച്ചിട്ടുണ്ട്.
അതേസമയം, മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലും സമീപ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ ശക്തിപ്പെട്ടതോടെ മുംബൈ, പൂനെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ഒറ്റപ്പെട്ട മേഖലകളില്‍ സെപ്റ്റംബർ 27 വരെ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.