ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടൻ സിദ്ദീഖിന്‍റെ ഇടക്കാല മുന്‍കൂർ ജാമ്യം തുടരും. നടന്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനായി മാറ്റുകയായിരുന്നു. ഹർജിക്കാരൻ്റെ അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ അനാരോഗ്യത്തെ തുടർന്നാണ് വാദം കേൾക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്ന് നടന്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. മുൻവിധിയോടെയാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നത്. ചോദ്യം ചെയ്യണമെന്നായിരുന്നില്ല അന്വേഷണ സംഘം അയച്ച നോട്ടീസിലുണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിന് സഹകരിച്ചില്ലെന്ന രീതിയിൽ കോടതിയിൽ നിലപാടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നില്ലെന്നുമാണ് സിദ്ദീഖിൻ്റെ വാദം.
Also Read: ബലാത്സംഗ കേസ്; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി സിദ്ദീഖ്
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബലാത്സംഗം, 506 ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവനടി നല്‍കിയ പരാതിയിലായിരുന്നു നടപടി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിനു മുന്‍പും യുവ നടി സിദ്ദീഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു.