
മലയാള സിനിമയിൽ ബദൽ സംഘടനയുമായി സംവിധായകർ. ആഷിഖ് അബു, രാജീവ് രവി, ലിജോ ജോസ് പെല്ലിശേരി എന്നിവരുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘടന രൂപീകരിക്കുക. 'പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷൻ' എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരുന്നി പ്രവർത്തിക്കുന്നതാണ് സംഘടനയുടെ ലക്ഷ്യം.
സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകർക്ക് കത്ത് നല്‍കി. കേരളത്തില്‍ പുതിയ സിനിമ സംസ്കാരം സൃഷ്ടിക്കുമെന്ന് സംഘടന നേതൃത്വം പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമ മേഖലയിലെ ചൂഷണങ്ങള്‍ വലിയ തോതില്‍ വെളിയില്‍ വന്നിരുന്നു. പ്രത്യേകിച്ചും വനിത സിനിമ പ്രവർത്തകർ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ വിവരങ്ങള്‍. ഇത്തരം വിഷയങ്ങളെ സിനിമ സംഘടനകള്‍ ഗൗരവത്തോടെ കാണുന്നില്ലെന്നും അക്ഷേപം ഉയർന്നു. ഫെഫ്ക, മാക്ട തുടങ്ങിയ സിനിമ പ്രവർത്തകരുടെ സംഘടനാ നേതൃത്വങ്ങള്‍ക്കെതിരെ വിമർശനങ്ങളുമായി യുവ സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ഫെഫ്ക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആഷിഖ് അബു ഉന്നയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചുകൊണ്ട് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് തനിക്ക് നേരിട്ട അനീതിയെ കുറിച്ച് ആഷിഖ് അബു വെളിപ്പെടുത്തിയത്. 2012-ല്‍ നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട പ്രതിഫലവുമായി ബന്ധപ്പെട്ട പരാതിയില്‍ ഡയറക്ടേഴ്സ് യൂണിയന്‍ അന്യായമായ ഇടപെടലാണ് നടത്തിയതെന്ന് ആഷിഖ് അബു ആരോപിച്ചു.
പ്രതിഫലം വാങ്ങി നല്‍കാന്‍ ഇടപെട്ടതിന് ലഭിച്ച തുകയുടെ 20 ശതമാനം കമ്മീഷനായി നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടെന്നും ഇതേ ചൊല്ലി സംവിധായകന്‍ സിബി മലയിലുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും ആഷിഖ് രാജിക്കത്തില്‍ പറയുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കയും ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും സ്വീകരിച്ച നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവെച്ചത്.
എന്നാല്‍, വരി സംഖ്യ അടയ്ക്കാത്തതിനാൽ ആഷിഖ് അബുവിൻ്റെ അംഗത്വം പുതുക്കിയിരുന്നില്ലെന്നും ഈ മാസമാണ് കുടിശ്ശിക തുക പൂർണ്ണമായും അടച്ചതെന്നും രാജി വിചിത്രമെന്നുമായിരുന്നു ഫെഫ്കയുടെ മറുപടി. ട്രേഡ് യൂണിയൻ സ്വഭാവത്തിലുള്ള പുതിയ സംഘടന രൂപീകരിക്കാൻ അഭിനേതാക്കള്‍ സമീപിച്ചതായി ബി. ഉണ്ണികൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകർ പുതിയ സംഘടനയുമായി രംഗത്തെത്തിയിരുക്കുന്നത്.