
റോഡിന് നടുവിൽ കുടുങ്ങിയ ആ പൂച്ചക്കുഞ്ഞിനെ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ കണ്ണുകൾ പൂച്ചക്കുഞ്ഞിൽ മാത്രമായപ്പോൾ, പാഞ്ഞെത്തിയ ലോറി അയാളെ ഇടിച്ചുതെറിപ്പിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശി സിജോ തിമോത്തി(44)ക്കാണ് പൂച്ചയെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടമായത്.
ഇന്നലെ രാത്രിയായിരുന്നു പൂച്ചയെ രക്ഷിക്കാന്‍ റോഡിലിറങ്ങിയ സിജോ വണ്ടിയിടിച്ച് മരിക്കുന്നത്. വളർത്തുമൃഗങ്ങളെ ജീവനുതുല്യം സ്നേഹിച്ച ചെറുപ്പക്കാരനായിരുന്നു സിജോ. വീട്ടിൽ വളർത്തിയിരുന്ന നായകൾക്ക് ഭക്ഷണം വാങ്ങാൻ സമീപത്തെ ബേക്കറിയിലേക്ക് പോകും വഴിയാണ് തെരുവിൽ ഉപേക്ഷിച്ച പൂച്ചക്കുട്ടി റോഡിലേക്കിറങ്ങുന്നത് സിജോ കണ്ടത്. പൂച്ചയെ രക്ഷിക്കുന്നതിന് വേണ്ടി എതിരെ വന്ന ലോറി കൈ കാണിച്ചു നിർത്താൻ ശ്രമിച്ചിരുന്നു. പക്ഷേ ലോറിയിടിച്ച വീണ സിജോയെ എതിർദിശയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അവിവാഹിതനായ സിജോയുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഏക സഹോദരി മാത്രമാണ് അടുത്ത ബന്ധു. തൃശൂർ നഗരത്തിൽ ഹോൾസെയിലായി പഴക്കച്ചവടം നടത്തിയിരുന്ന സിജോയെക്കുറിച്ച് നല്ലത് മാത്രമാണ് അയൽവാസികൾക്കും നാട്ടുകാർക്കും പറയാനുള്ളത്.
തൃശൂർ-മണ്ണുത്തി റോഡിൽ കാളത്തോട് ജംഗ്ഷനിൽ എസ്ബിഐ ബാങ്കിനു മുന്നിൽ ഇന്നലെ രാത്രി 9.30 നായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് സിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സിജോ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും സിജോയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് വൈകിട്ട് നാലുമണിയോടു കൂടി ഒല്ലൂക്കരയിലെ ഇടവക പള്ളിയിൽ സംസ്കാരം നടത്തും. സംഭവത്തിന് പിന്നാലെ അപകടം ഉണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്ത മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.