എംഡിഎംഎയുമായെത്തിയ കാർ തടഞ്ഞു; പൊലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്

അപകടത്തിൽ പരിക്കേറ്റ ഡാൻസാഫ് ടീം അംഗം ഷൈനിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

തൃശൂർ മണലൂർ പാലാഴിയിൽ എംഡിഎംഎയുമായെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നിരവധി കേസുകളിലെ പ്രതിയായ മാമ്പുള്ളി സ്വദേശി പവൻദാസാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡാൻസാഫ് ടീം അംഗം ഷൈനിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ പ്രതിയെ അന്തിക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ മണലൂർ പാലാഴിയിലാണ് സംഭവം. മാമ്പുള്ളി സ്വദേശി കടയിൽ വീട്ടിൽ പവൻദാസ് എംഡിഎംഎയുമായി കാറിൽ വരുന്നുണ്ടെന്ന രഹസ്യസന്ദേശത്തെ തുടർന്ന് ഡാൻസാഫിലെ പൊലീസുകാരായ ഷൈൻ, സോണി എന്നിവർ ചേർന്ന് പവൻദാസിൻ്റെ വാഹനം തടഞ്ഞു. എന്നാൽ ഇത് വകവെക്കാതെ കാർ മുന്നോട്ടെടുത്ത പവൻദാസ് റോഡിനു കുറുകെ നിന്ന സി.പി.ഒ. ഷൈനിനെ ഇടിച്ചു തെറിപ്പിച്ച് കാറുമായി കടന്നു കളയുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഷൈൻ ദൂരേക്ക് തെറിച്ചു വീണു. വിവരമറിഞ്ഞ് അന്തിക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തൃത്തല്ലൂർ ഏഴാംകല്ലിൽ വെച്ച് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

മയക്കു മരുന്ന് കച്ചവടക്കാരനും നിരവധി കേസുകളിലെ പ്രതിയും റൗഡിയുമാണ് പിടിയിലായ പവൻദാസെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ തോളിന് പരിക്ക് പറ്റിയ സി.പി.ഒ ഷൈനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിച്ചു. ഷൈനിൻ്റെ പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതി പവൻ ദാസിനെതിരെ വധശ്രമത്തിന് കേസ് എടുത്തതായും ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും അന്തിക്കാട് പൊലീസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com