രാത്രിയിൽ ഏതെങ്കിലും വീട്ടിൽ കയറിച്ചെല്ലേണ്ട സാഹചര്യമുണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ചിരിക്കണമെന്നും, വനിതാ ഉദ്യോഗസ്ഥ കൂട്ടത്തിലുണ്ടാകണമെന്നുമാണ് ചട്ടം.
തിരുവനന്തപുരത്ത് വീണ്ടും പൊലീസിൻ്റെ ക്രൂരത. യുവാക്കളെ കള്ളക്കേസിൽ കുടുക്കിയ ശേഷം മാറനല്ലൂർ പൊലീസ് അതിക്രൂരമായി മർദിച്ചതായി ആരോപണം. മാറനല്ലൂർ പാൽക്കുന്ന് സ്വദേശികളായ ശരത്, ശരൺ, അച്ഛൻ ശശി, സുഹൃത്ത് വിനു എന്നിവരാണ് മർദ്ദനത്തിന് ഇരയായത്. ക്രൂര മർദ്ദനത്തെ തുടർന്ന് കൂലിപ്പണിക്ക് പോകാനാകാത്ത സ്ഥിതിയാണെന്ന് ഇവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അർധരാത്രിയിൽ വീട്ടിൽ ആരൊക്കെയോ മതിൽ ചാടിക്കടന്നുവെന്ന് അയൽവാസി വിളിച്ചുപറഞ്ഞതിനെ തുടർന്നാണ് ശരത്തും, ശരണും, പിതാവ് ശശിയും ശരത്തിൻ്റെയും ശരണിന്റെയും സുഹൃത്തായ വിനുവും തെരച്ചിലിനെത്തിയത്. വീടിന് സമീപം കണ്ടവരെ ചോദ്യവും ചെയ്തു. എന്നാൽ അത് മഫ്തിയിലെത്തിയ മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞത്.
രാത്രിയിൽ ഏതെങ്കിലും വീട്ടിൽ കയറിച്ചെല്ലേണ്ട സാഹചര്യമുണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ചിരിക്കണമെന്നും, വനിതാ ഉദ്യോഗസ്ഥ കൂട്ടത്തിലുണ്ടാകണമെന്നുമാണ് ചട്ടം. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മാറനല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. പൊലീസുദ്യോഗസ്ഥരാണെന്ന് അറിയാതെ തടഞ്ഞതാണെന്ന് ബോധ്യപ്പെട്ടിട്ടും പൊലീസുകാർ മൂവരെയും വെറുതെവിട്ടില്ല.
Also Read; ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ ദുരൂഹതകളേറെ; കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്
മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽവച്ച് കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച് ക്രൂരമായി മർദിച്ചു. തീർന്നില്ല, സ്റ്റേഷനിലെത്തിച്ച് നടത്തിയത് ഞെട്ടിക്കുന്ന പ്രാകൃത മർദനമുറകൾ. 16 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി. നൽകാവുന്നിടത്തെല്ലാം പരാതിയും നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. ഇപ്പോൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണ് പൊലീസുകാർ.
കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്നവരാണ് മൂവരും. പൊലീസിൻ്റെ ക്രൂരമർദ്ദനത്തിൽ ഇപ്പോൾ ശരീരികമായി അവശതയിലാണ്. ചികിത്സക്കും പണമില്ല. ഇതിനെല്ലാം പുറമേ, മാസങ്ങൾക്ക് ശേഷവും കുഞ്ഞുമക്കളുടെ ചോദ്യത്തിന് മുന്നിലാണ് അവർ മാനസികമായി തളരുന്നത്. നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകാനാണ് ഈ ചെറുപ്പക്കാരുടെ തീരുമാനം.