യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനും അബിൻ വർക്കിക്കുമെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഉൾപ്പെടെ 261 യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനും അബിൻ വർക്കിക്കുമെതിരെ കേസ്
Published on

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ഉൾപ്പെടെ 261 യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്.

ലഹളയുണ്ടാക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മാർച്ചിനെ തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്ക് പരിക്കേറ്റിരുന്നു. അബിൻ വർക്കിയെ മർദിച്ച പൊലീസുകാരെ വ്യക്തിപരമായി നാട്ടിൽ വച്ച് കണ്ടുമുട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

സെക്രട്ടേറിയറ്റിൽ രണ്ട് മണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്തിരിഞ്ഞില്ല. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും ബാരിക്കേഡ് മറിച്ചിടാനുമായിരുന്നു ശ്രമം. അബിൻ വർക്കി ഉൾപ്പടെ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കൻ്റോൺമെൻ്റ് എസ്ഐ ജിജുകുമാറിനും മറ്റൊരു പൊലീസുകാരനും സംഘർഷത്തിൽ പരുക്കേറ്റു.

ലാത്തിച്ചാർജ് നടത്തിയ പൊലീസുകാരനെ സ്ഥലത്ത് നിന്ന് മാറ്റാതെ ആശുപത്രിയിലേക്ക് പോകാൻ തലയ്ക്ക് പരിക്കേറ്റ അബിൻ വർക്കി തയ്യാറാവാതിരുന്നതിനെ തുടർന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെത്തിയാണ് അബിൻ വർക്കിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നാളെ കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com