സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് സമാനമായ വർഗീയ പരാമർശങ്ങൾ നടത്തുകയാണ് തീവ്ര വലതുപക്ഷ പാർട്ടികളും ബിജെപി അനുകൂലികളും
മുനമ്പത്തെ വഖഫ് വിഷയത്തിലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് സമാനമായ വർഗീയ പരാമർശങ്ങൾ നടത്തുകയാണ് തീവ്ര വലതുപക്ഷ പാർട്ടികളും ബിജെപി അനുകൂലികളും. കേരളത്തിൽ നടക്കുന്നത് വഖഫിൻ്റെ ലാൻഡ് ജിഹാദാണെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത് നേതാവും യുവമോർച്ച ദേശീയ അധ്യക്ഷനും പറഞ്ഞത്. പിന്നാലെ വഖഫ് വിഷയത്തിൽ വർഗീയതക്ക് ആയുധം കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി.
ജിഹാദി പ്രവർത്തനങ്ങൾ പലവിധത്തിലുണ്ടെന്നും അതിലൊന്നാണ് മുനമ്പത്തെ ഭൂ ജിഹാദെന്നുമായിരുന്നു വിഎച്ച്‌പി ജോയിൻ്റ് സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിനിൻ്റെ പ്രസ്താവന. ഡൽഹിയിൽ അടക്കം രാജ്യത്തിൻ്റെ പല മേഖലകളിലും വഖഫ് നിയമത്തിൻ്റെ മറവിൽ ഭൂ ജിഹാദ് നടക്കുന്നുണ്ട്. ലോകം ആസകലം ജിഹാദികൾ അക്രമങ്ങൾ നടത്തുന്നു. എന്നാൽ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ചില രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുകയാണ്. പശ്ചിമ ബംഗാളിലും കേരളത്തിലുമാണ് അക്രമണങ്ങൾ കൂടുതലായുള്ളതെന്നും ഹിന്ദുക്കൾ സംഘടിക്കണമെന്നും സുരേന്ദ്ര ജെയിൻ നിർദേശം നൽകി.
ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് സസ്പൻഷൻ നൽകിയ വിഷയത്തിലും സുരേന്ദ്ര ജെയിൻ വർഗീയ പരാമർശങ്ങൾ നടത്തി. ചില മുസ്ലീം ഓഫീസർമാർ നിയമാനുസൃതമല്ലാത്ത പല പ്രവൃത്തികളിലും ഏർപ്പെട്ടിട്ടും നടപടിയില്ല. മുസ്ലീം ഓഫീസർമാർക്ക് എതിരെ ആരും നടപടികളെടുക്കുന്നില്ലെന്നും വിഎച്ച്പി നേതാവ് ആരോപിച്ചു.
സുരേന്ദ്ര ജെയിനിൻ്റെ പരാമർശത്തിന് സമാനമായി യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയും വഖഫിൽ ജിഹാദി പരാമർശവുമായി രംഗത്തെത്തി. കേരളത്തിൽ നടക്കുന്നത് വഖഫിൻ്റെ ലാൻഡ് ജിഹാദാണെന്ന് തന്നെയായിരുന്നു തേജസ്വി സൂര്യയും പറഞ്ഞത്. വഖഫിൻ്റെ പേര് പറഞ്ഞാൽ ഏത് ഭൂമിയും വിട്ടുനൽകാൻ ഇടത് വലത് മുന്നണികൾ തയ്യാറാകുന്നു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലാതെയാണ് ഭൂമി പിടിച്ചെടുക്കന്നത്. അടുത്ത സമ്മേളനത്തിൽ മോദി സർക്കാർ അമൻഡ്മെൻ്റ് ആക്ട് കൊണ്ടുവരും. വഖഫിൻ്റെ അധികാരങ്ങൾ ഇതോടെ ഇല്ലാതാകും. ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാൻ വഖഫിനെ അനുവദിക്കില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.
അതേസമയം ബിജെപിയുടെ വർഗീയ പരാമർശങ്ങൾ ഭരണകക്ഷിക്കെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. മുനമ്പത്ത് വർഗീയതയ്ക്ക് ആയുധം കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നായിരുന്നു കെ.സി. വേണുഗോപാലിൻ്റെ ആരോപണം. വിഷയത്തിൽ ബിജെപി വർഗീയ സംഘർഷങ്ങൾക്ക് കോപ്പ് കൂട്ടുന്നു. സംസ്ഥാന സർക്കാർ അതിന് വളം വെച്ചു കൊടുക്കുകയാണ്. വെള്ളം കലക്കി കൊടുത്ത് മീൻ പിടിക്കാനുള്ള അവസരം സർക്കാർ ഉണ്ടാക്കി കൊടുക്കരുതെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ALSO READ: എന്താണ് വഖഫ്? വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് എങ്ങനെ?
മുനമ്പം വിഷയത്തിൽ ഇടപെടൽ വൈകിപ്പിച്ചത് എന്തിനെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. ഇതുവഴി വർഗീയതക്ക് ആയുധം കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഉടൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ചേർക്കണമെന്നും കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.
അതേസമയം വഖഫ് വിരുദ്ധ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി ഉയർന്നിരിക്കുകയാണ്. സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയാണ് ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്. വഖഫ് ബോർഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പരാതി. കേന്ദ്രമന്ത്രി കലാപ ലക്ഷ്യത്തോടെ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. മുനമ്പം വിഷയത്തിൽ വർഗീയ പ്രചരണം നടത്തിയതിൽ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇതോടൊപ്പം മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിലും സുരേഷ് ഗോപിക്കെതിരെ പ്രതിഷേധമുണ്ട്. കേരള പത്രപ്രവർത്തക യൂണിയനാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.