മുഖ്യമന്ത്രിക്കു വേണ്ടി രാഷ്ട്രീയ ചർച്ചയ്ക്ക് പൊലീസ് ഉദ്യോഗസ്ഥൻ പോകുമോ?
എഡിജിപി എം.ആർ. അജിത് കുമാർ
ബിജെപി-ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു സർക്കാരിനേയും നേതാക്കളേയും പ്രതിസന്ധിയിലാക്കുന്നത് ആദ്യമല്ല. ഇ.പി. ജയരാജന് ഇടതുമുന്നണി കൺവീനർ സ്ഥാനം നഷ്ടമാക്കിയതുമാത്രമല്ല പുതിയ വിവാദം. എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തി എന്ന് ആരോപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെക്കുറിച്ചാണ് ചർച്ച ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. മുഖ്യമന്ത്രിക്കു വേണ്ടി രാഷ്ട്രീയ ചർച്ചയ്ക്ക് പൊലീസ് ഉദ്യോഗസ്ഥൻ പോകുമോ എന്ന ചോദ്യം ഉയർന്നപ്പോൾ അതിനും ഒരുത്തരം പ്രതിപക്ഷ നേതാവ് നൽകുന്നുണ്ട്. പി. ശശിയുമായുള്ള എം.ആർ. അജിത്കുമാറിന്‍റെ ബന്ധമാണ് ഈ നീക്കത്തിനു കാരണം എന്നാണ് ആരോപണം. നിലവിൽ ഒരു തെളിവുമില്ലാത്തതാണ് ഈ കൂടിക്കാഴ്ച. പക്ഷേ, ഇതിനു മുൻപു നടന്ന കൂടിക്കാഴ്ചകളും ഇങ്ങനെ തന്നെയാണ് പൊതുമണ്ഡലത്തിലേക്ക് എത്തിയത്.
എന്തിന് എഡിജിപിയുടെ ഇടനില?
ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലം..ആർഎസ്എസുമായുള്ള ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും കണ്ണൂരിൽ പതിവായപ്പോൾ പി. പരമേശ്വരനാണ് ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ഡൽഹിയിൽ വച്ച് ഇ.കെ. നായനാർ പി. പരമേശ്വരനെ കാണും എന്നായിരുന്നു തീരുമാനം. ആ ചർച്ചയ്ക്കു വഴിയൊരുക്കാൻ കൊച്ചിയിൽ അതീവ രഹസ്യമായി ഒരു കൂടിക്കാഴ്ച നടന്നു. പോളിറ്റ് ബ്യൂറോ അംഗം പി. രാമമൂർത്തിയും ആഭ്യന്തര മന്ത്രി ടി.കെ. രാമകൃഷ്ണനും ആർഎസ്എസ് താത്വികനായ ദത്തോപാന്ത് തെങ്കാടിയുമായി ചർച്ച നടത്തി. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൂടിക്കാഴ്ച തീരുമാനിച്ച ദിവസമാണ് അസാധാരണ സംഭവങ്ങൾ ഉണ്ടായത്..കണ്ണൂരിൽ കലക്ടറേറ്റ് ഓഫിസിലേക്കു മാർച്ച് നടത്തിയ യുവമോർച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയും ഒക്കെയായ വി. മുരളീധരൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കു നേരേ പൊലീസ് വെടിവച്ചു എന്നാണ് ഡൽഹിയിൽ എത്തിയ വാർത്ത. അതോടെ ഡൽഹിയിലെ യുവമോർച്ചാ നേതാക്കൾ കേരള ഹൗസിലേക്കു മാർച്ച് നടത്തി. ഇതോടെ മുഖ്യമന്ത്രി ഇ.കെ. നായനാർ, പി. പരമേശ്വരനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മടങ്ങി. പിന്നീട് ഒരിക്കലും ആ കൂടിക്കാഴ്ച നടന്നില്ല.
ശ്രീം എം നടത്തിയ മധ്യസ്ഥത
ആർഎസ്എസ് നേതാക്കളുടെ കുടുംബത്തിൽ നിന്നുള്ള മലയാളിയായ മാധ്യമപ്രവർത്തകൻ ദിനേശ് നാരായണൻ എഴുതിയ ആർഎസ്എസ് ദ ഡീപ് നേഷൻ എന്ന പുസ്തകത്തിലൂടെയാണ് രണ്ടാമത്തെ കൂടിക്കാഴ്ച ലോകം അറിഞ്ഞത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗാചാര്യൻ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അത്. ശ്രീ എം ആദ്യം പി, ജയരാജനുമായി ചർച്ച നടത്തുന്നു. പി, ജയരാജൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി സംസാരിച്ച് അരങ്ങൊരുക്കുന്നു. എം ബുക്ക് ചെയ്ത മുറിയിലേക്ക് ആർഎസ് എസ് പ്രാന്ത് കാര്യവാഹക് അഥവാ സംസ്ഥാന സെക്രട്ടറി പി, ഗോപാലകുട്ടിയും പ്രചാർ പ്രമുഖ് വൽസൻ തില്ലങ്കേരിയും എത്തുന്നു.,ടാക്സിയിൽ കോടിയേരി ബാലകൃഷ്ണൻ പിന്നാലെ വന്നു.,ഒടുവിൽ വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പൊലീസ് എസ്കോർട്ട് ഇല്ലാതെയായിരുന്നു ആ വരവ്. ഇത്ര വിശദമായി പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ ചർച്ചയായതോടെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും സമ്മതിച്ചു. രണ്ടു മുഖ്യമന്ത്രിമാരുടെ കാലത്തു നടന്ന രണ്ടു ചർച്ചകളുടേയും ലക്ഷ്യം ആർഎസ്എസുമായുള്ള സംഘർഷം ഇല്ലാതാക്കുക എന്നതായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന് അറുതി വരുത്താനും ആയിരുന്നു. അതുകൊണ്ടു തന്നെ ആ ചർച്ചകൾക്ക് നീതീകരണവുമുണ്ട്. എന്നാൽ മറ്റു ചർച്ചകളോ?
പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച
ഇ.പി. ജയരാജൻ മകന്‍റെ വീട്ടിൽ വച്ച് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടതിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. അതുമാത്രമല്ല തെരഞ്ഞെടുപ്പു ദിവസം രാവിലെ അതു മാധ്യമങ്ങളിലൂടെ സമ്മതിക്കുകയും ചെയ്തു. പ്രകാശ് ജാവദേക്കറെ എന്തിനാണ് ഇ.പി. ജയരാജൻ വീട്ടിൽവച്ചു കാണുന്നത്. അങ്ങനെ കാണാൻ ഒന്നിച്ചു പഠിച്ചവരോ എവിടെയെങ്കിലും ഒന്നിച്ചു ജോലിയെടുത്തവരോ ആണോ. അല്ലെങ്കിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആണോ? ആ സമയത്ത് പ്രകാശ് ജാവദേക്കർ കണ്ട മറ്റു പാർട്ടിയിലെ നേതാക്കളൊക്കെ ബിജെപിയിൽ അംഗത്വമെടുത്തവരാണ്. പത്മജ വേണുഗോപാൽ മുതൽ തിരുവനന്തപുരത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വരെയുള്ളവരെ കാണാൻ വന്ന വരവിലാണ് ഇ.പി. ജയരാജനേയും കണ്ടത്. ആ സമയത്ത് ഇത്ര മുതിർന്ന നേതാവ് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് വേറെ ഒരു വ്യാഖ്യാനവും വഴങ്ങുമായിരുന്നില്ല. അതുകൊണ്ട് ഇ.പി. ജയരാജന് പുറത്തേക്ക് വഴി തെളിഞ്ഞു.
എഡിജിപി എന്തിനാണ് തൃശൂരിൽ?
എഡിജിപി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത് ഇങ്ങനെയാണ്. 2023 മേയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ചിന്തൻ ബൈഠക് നടക്കുന്നു. മോഹൻ ഭാഗവത് ഉൾപ്പെടെ പങ്കെടുത്ത ആ ബൈഠക്കിലേക്കാണ് എഡിജിപി എം.ആർ. അജിത് കുമാർ പോയത്. തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ ഔദ്യോഗിക വാഹനം നിർത്തിയിട്ട ശേഷം മറ്റൊരു കാറിൽ എഡിജിപി സ്കൂളിൽ എത്തി. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി ചർച്ച നടത്തി. ഇത്രയും കാര്യം വസ്തുതാ പരമായി അന്വേഷിച്ചാൽ തെളിയിക്കാൻ ബുദ്ധിമുട്ടുള്ളതല്ല. എന്നാൽ ഈ ചർച്ചയിൽ കേരളത്തിലെ ഇ ഡി അന്വേഷണങ്ങളാണ് വിഷയമായതെന്നും തൃശൂർ പൂരം കലക്കാനുള്ള തീരുമാനം എടുത്തു എന്നും പറയുന്നതിലെ യുക്തി പരിശോധിക്കപ്പെടുക തന്നെ വേണം. കാരണം കൂടിക്കാഴ്ച നടന്നത് 2023 മേയിൽ ആണ്. പൂരം കലക്കിയത് 11 മാസം കഴിഞ്ഞ് 2024 ഏപ്രിലിലും. കരുവന്നൂരിലൊക്കെ ഇ ഡി അന്വേഷണം കടുപ്പിച്ചതും മുഖ്യമന്ത്രിയുടെ മകൾക്കെതിരേ സിഎംആർഎൽ ആരോപണം ഉയർന്നതും 2023 മേയ് കഴിഞ്ഞാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടി ഇതു രണ്ടും ചെയ്യാൻ നിർദേശിച്ച് എം.ആർ. അജിത് കുമാറിനെ പി. ശശി ഏതായാലും അയയ്ക്കുമോ എന്ന ചോദ്യവും ഉയരും. അതുകൊണ്ട് അജിത് കുമാർ കൂടിക്കാഴ്ചയിൽ അൽപം കൂടി നിലാവ് വീഴേണ്ടതുണ്ട്. പക്ഷേ, സംസ്ഥാന എഡിജിപി എന്തിനാണ് രഹസ്യമായി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് എന്നതിന് ഉത്തരം കിട്ടേണ്ടതുണ്ട്.