fbwpx
അനുര കുമാര ദിസനായകെ; മാര്‍ക്സിസ്റ്റിനപ്പുറം ചില ആശങ്കകള്‍
logo

എസ് ഷാനവാസ്

Last Updated : 24 Sep, 2024 06:33 PM

അക്രമ രാഷ്ട്രീയവും, വംശീയ നിലപാടുകളുമൊക്കെ നിറഞ്ഞ ജെവിപിയുടെയും ദിസനായകെയുടെയും ഭൂതകാലം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്

WORLD MATTERS

അനുര കുമാര ദിസനായകെ



സകല രാഷ്ട്രീയ പ്രവചനങ്ങളെയും വിദഗ്ധാഭിപ്രായങ്ങളെയും കാറ്റില്‍ പറത്തുന്നതായിരുന്നു ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് ഫലം. ഭരണ, പ്രതിപക്ഷ നിരയില്‍നിന്ന് റനില്‍ വിക്രമസിംഗെയും, സജിത് പ്രേമദാസയും മത്സരിച്ച തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയത് അനുര കുമാര ദിസനായകെ. പ്രേമദാസ രണ്ടാം സ്ഥാനത്തേക്കും, വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടപ്പോള്‍, സ്വാതന്ത്ര്യാനന്തര ശ്രീലങ്കയില്‍ ആദ്യമായൊരു ഇടതുപക്ഷക്കാരന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകള്‍ അടങ്ങുന്ന രണ്ടാം ഘട്ട വോട്ടെണ്ണലിലാണ് ദിസനായകെ എന്ന 55കാരന്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് ശതമാനം വോട്ടുകള്‍ മാത്രം നേടിയ ഒരാളെയാണ്, സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും ബാധിച്ച രാജ്യത്തെ വീണ്ടെടുക്കാന്‍ ദ്വീപ് ജനത തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ക്സിസ്റ്റ് രാഷ്ട്രീയ കക്ഷിയായ ജനത വിമുക്തി പെരമുനയുടെ (ജെവിപി) നേതാവാണ് ദിസനായകെ. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) എന്ന 21 രാഷ്ട്രീയ കക്ഷികളുടെ സഖ്യത്തിനൊപ്പമാണ് ജെവിപിയും ദിസനായകെയും തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയത്. അഴിമതി വിരുദ്ധ നിലപാടുകളും, സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളില്‍ തീര്‍ത്തും ദരിദ്രരായ ജനതയ്ക്കുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് ദിസനായകെയെ സ്വീകാര്യനാക്കിയത്. അപ്പോഴും അക്രമ രാഷ്ട്രീയവും, വംശീയ നിലപാടുകളുമൊക്കെ നിറഞ്ഞ ജെവിപിയുടെയും ദിസനായകെയുടെയും ഭൂതകാലം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ജെവിപിയിലൂടെ തുടക്കം
മധ്യ ശ്രീലങ്കയിലെ ഗലെവാലയില്‍ 1968 നവംബര്‍ 24നായിരുന്നു ദിസനായകെയുടെ ജനനം. സാംസ്കാരിക വൈവിധ്യമേറെയുള്ള, വിവിധ മതവിശ്വാസികള്‍ കഴിഞ്ഞിരുന്ന നഗരത്തില്‍ മധ്യവര്‍ഗ കുടുംബത്തിന്റെ എല്ലാ സാഹചര്യങ്ങളും അനുഭവിച്ചായിരുന്നു ദിസനായകെയുടെ വളര്‍ച്ച. സ്കൂള്‍ പഠനത്തിനുശഷം ഭൗതികശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. 1987ല്‍ ഇന്‍ഡോ-ശ്രീലങ്ക കരാര്‍ ഒപ്പുവെക്കപ്പെട്ട നാളുകളിലായിരുന്നു വിദ്യാര്‍ഥിയായിരുന്ന ദിസനായകെയുടെ രാഷ്ട്രീയ പ്രവേശം. ശ്രീലങ്ക കണ്ട ഏറ്റവും രക്തരൂക്ഷിതമായ അക്രമസംഭവങ്ങള്‍ നടന്ന കാലത്തെ ജെവിപി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അദ്ദേഹം മാറി. 1987 മുതല്‍ 1989 വരെ ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ സായുധ കലാപം നടത്തിയവരായിരുന്നു ജെവിപി. രാജ്യത്തെ ഗ്രാമീണരില്‍ താഴേത്തട്ടിലെയും മധ്യവർഗത്തിലെയും യുവാക്കൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കുന്നതായിരുന്നു ജെവിപിയുടെ കലാപ പ്രചാരണം. രാഷ്ട്രീയ എതിരാളികൾക്കൊപ്പം സാധാരണക്കാരും റെയ്ഡുകള്‍ക്കും ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 'ഭീകരതയുടെ കാല'മെന്ന് ചരിത്രം അതിനെ വിളിച്ചു.

1997ൽ ജെവിപിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടു. 2008ൽ പാര്‍ട്ടിയുടെ നേതാവായി. ഭീകരതയുടെ കാലഘട്ടമെന്ന് പഴികേട്ട പഴയ കലാപത്തില്‍ അന്നു മുതലാണ് ദിസനായകെ ഖേദം പ്രകടിപ്പിച്ചു തുടങ്ങിയത്. "സായുധ പോരാട്ടത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചു," എന്നായിരുന്നു 2014ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. "ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളില്‍ നിന്നുണ്ടായതില്‍ ഞെട്ടിപ്പോയി. അതിൽ ഞങ്ങൾക്ക് ഇപ്പോഴും അഗാധമായ ദുഃഖവുമുണ്ട്" -എന്നായിരുന്നു ദിസനായകെയുടെ വാക്കുകള്‍. ഇത്തരം തിരുത്തിപ്പറച്ചിലുകള്‍ക്കൊപ്പമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്‍പിപിക്കൊപ്പം ദിസനായകെയും ജെവിപിയും ചുവടുറപ്പിച്ചത്.