fbwpx
ഏഴ് റണ്‍സിന് ഓള്‍ ഔട്ട്! ടി20യിലെ ഏറ്റവും ചെറിയ സ്കോറിന് പുതിയ അവകാശികള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 25 Nov, 2024 12:56 PM

ഐല്‍ ഓഫ് മാന്‍, മംഗോളിയ എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കുറഞ്ഞ ടി20 സ്കോറിന്റെ റെക്കോഡ്

CRICKET



ടി20 ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോഡ് പുസ്തകത്തില്‍ പേരെഴുതിച്ചേര്‍ത്ത് ഐവറി കോസ്റ്റ്. 2026 ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള സബ് റീജിയണല്‍ ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ നൈജീരിയക്കെതിരായ വമ്പന്‍ തോല്‍വിയാണ് ഐവറി കോസ്റ്റിന് നാണക്കേടായത്. നൈജീരിയയുടെ 271 റണ്‍സ് പിന്തുടര്‍ന്ന ഐവറി കോസ്റ്റ് 7.3 ഓവറില്‍ ഏഴ് റണ്‍സിന് എല്ലാവരും പുറത്തായി. നൈജീരിയ 264 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍, പുരുഷവിഭാഗം ടി20യിലെ ഏറ്റവും ചെറിയ സ്കോര്‍ ഐവറി കോസ്റ്റിന്റെ പേരിലായി. 

ആദ്യം ബാറ്റ് ചെയ്ത നൈജീരിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 271 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ സുലൈമന്‍ റണ്‍സെവെയും (50), സെലിം സലാവുവും (112, റിട്ടയേഡ് ഔട്ട്) ചേര്‍ന്ന് മികച്ച തുടക്കമിട്ടു. പിന്നാലെയെത്തിയ ഇസാക്ക് ഡന്‍ലാഡിയും (6, റണ്‍ ഔട്ട്), ക്യാപ്റ്റന്‍ സില്‍വെസ്റ്റര്‍ ഒക്പെയും (1) വേഗം പുറത്തായെങ്കിലും ഇസാക് ഓക്പെയും (65), വിന്‍സെന്റ് അഡെവോയെയും (14) ചേര്‍ന്ന് അധിക വിക്കറ്റ് നഷ്ടം കൂടാതെ നൈജീരിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു. ഐവറി കോസ്റ്റിനായി പാമ്പാ ദിമിത്രിയും കുവാകൗ വില്‍ഫ്രൈഡുമാണ് ഓരോ വിക്കറ്റ് വീതം നേടിയത്.


ALSO READ: ഡബിൾ സെഞ്ചുറിയുമായി വരവറിയിച്ച് 'ജൂനിയർ സെവാഗ്'


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഐവറി കോസ്റ്റിന് കളത്തില്‍ നിലയുറപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. ആറ് പന്ത് നേരിട്ട ഓപ്പണ്‍ ഔത്താര മൊഹമ്മദ് ഒരു ഫോറടിച്ച് പുറത്തായി. പിന്നാലെ വരിവരിയായി ഓരോരുത്തരും കൂടാരം കയറി. ആറ് പേര്‍ പൂജ്യത്തിനും മൂന്നുപേര്‍ ഒരു റണ്‍സ് വീതവുമെടുത്താണ് പുറത്തായത്.

ആദ്യ ഓവറിലെ അവസാന പന്തില്‍ നാല് റണ്‍സെടുത്ത ഓപ്പണര്‍ ഔത്താര മൊഹമ്മദ് പുറത്തായി. രണ്ടാം ഓവറില്‍ കൊനെ അസീസ് (0), നാലാം ഓവറില്‍ മിമി അലെക്സ് (1), അഞ്ചാം ഓവറില്‍ കുവാകൗ വില്‍ഫ്രൈഡ് (0), ഡോസോ ഇസൈക (0, റണ്‍ ഔട്ട്), കോനെ നഗ്‌നമ (0), ആറാം ഓവറില്‍ മെയ്ഗ ഇബ്രാഹിം (1), ഏഴാം ഓവറില്‍ ഔത്താര ജാകരിഡ്‍ജ (0), എട്ടാം ഓവറിലെ ആദ്യപന്തില്‍ ജെ ക്ലൗഡെ (1), മൂന്നാം പന്തില്‍ പാമ്പാ ദിമിത്രി (0) എന്നിവരും പുറത്തായി. റണ്‍സൊന്നുമില്ലാതെ ലാഡ്‍ജി എസെക്കിയേല്‍ പുറത്താകാതെ നിന്നു. നൈജീരിയക്കായി പ്രോസ്പെര്‍ ഉസെനിയും, ഇസാക് ഡന്‍ലാഡിയും മൂന്ന് വിക്കറ്റ് വീതം നേടി. പീറ്റര്‍ അഹോ രണ്ടും, സില്‍വസ്റ്റര്‍ ഒക്പെ ഒരു വിക്കറ്റും നേടി.

2023ല്‍ സ്പെയിനെതിരായ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായ ഐല്‍ ഓഫ് മാന്‍, 2024 സെപ്റ്റംബറില്‍ നടന്ന ടി20 ലോകകപ്പ് ഏഷ്യ യോഗ്യത മത്സരത്തില്‍ സിംഗപ്പൂരിനെതിരെ 10 റണ്‍സിന് പുറത്തായ മംഗോളിയ എന്നിവരുടെ പേരിലായിരുന്നു ഇതുവരെ പുരുഷ ടി20യിലെ ഏറ്റവും കുറഞ്ഞ സ്കോറിന്റെ റെക്കോഡ്. അതാണ് ഐവറി കോസ്റ്റ് തിരുത്തിയെഴുതിയിരിക്കുന്നത്. വനിത ടി20യില്‍ ആറ് റണ്‍സാണ് ഏറ്റവും ചെറിയ സ്കോര്‍. 

KERALA
കുട മറക്കല്ലേ...! സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്ത മഴ മുന്നറിയിപ്പ്
Also Read
user
Share This

Popular

KERALA
NATIONAL
മൂന്ന് വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് അമ്മയുടെ മൊഴി; തെരച്ചില്‍ ഊര്‍ജ്ജിതം