
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ നാലാം ദിനം ലിറ്റൺ ദാസിനെ പുറത്താക്കിയ രോഹിത് ശർമയുടെ ക്യാച്ച് വീഡിയോ വൈറലാകുന്നു. മത്സരത്തിൻ്റെ അമ്പതാം ഓവറിലെ മൂന്നാം പന്തിലാണ് ലിറ്റൺ (13) പുറത്താകുന്നത്.
സിറാജ് എറിഞ്ഞ പന്ത് കവറിന് മുകളിലൂടെ ഉയർത്തിയടിക്കാനുള്ള ബംഗ്ലാ താരത്തിൻ്റെ ശ്രമം ഇന്ത്യൻ നായകൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. നിരവധി പേരാണ് രോഹിത്തിൻ്റെ ക്യാച്ചിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവെച്ചത്.
അധികം വൈകാതെ തന്നെ രോഹിത്തിനെയും ഇന്ത്യൻ ടീമിനെയും ഞെട്ടിച്ച് മുഹമ്മദ് സിറാജും തകർപ്പനൊരു ക്യാച്ചെടുത്തു. അശ്വിൻ എറിഞ്ഞ 56 ഓവറിലെ അവസാന പന്തിൽ പിന്നോട് ഡൈവ് ചെയ്തു അസാധ്യമായൊരു ക്യാച്ചിലൂടെയാണ് സിറാജ് ഷാക്കിബ് അൽ ഹസനെ പുറത്താക്കിയത്. സിറാജിൻ്റെ വണ്ടർ ക്യാച്ച് കാണാൻ ക്ലിക്ക് ചെയ്യൂ.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒന്നാമിന്നിംഗ്സിൽ 66 ഓവറിൽ ആറ് വിക്കറ്റിന് 205 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ് ബംഗ്ലാദേശ്. മഴ മൂലം രണ്ട് ദിവസങ്ങൾ പൂർണമായി നഷ്ടമായതോടെ മത്സര ഫലം ഇനി പ്രതീക്ഷിക്കേണ്ടാത്ത സ്ഥിതിയാണുള്ളത്.