
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ മൂന്നാം തോൽവി. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നിന്നാണ് ടോട്ടനം ഹോട്സപറിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെട്ടത്.
ആദ്യ പകുതിയിൽ ബ്രൂണോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായത് മുതലാണ് യുണൈറ്റഡിൻ്റെ തകർച്ച ആരംഭിക്കുന്നത്. മത്സരത്തിലുടനീളം റെഡ് ഡെവിൾസിന് പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
ബ്രണ്ണൻ ജോൺസൺ, ഡെജൻ കുളുസെവ്സ്കി, ഡൊമിനിക് സൊളങ്കെ എന്നിവരാണ് ടോട്ടനത്തിനായി ഗോൾവല കുലുക്കിയത്. മൂന്നാം മിനിറ്റിൽ തന്നെ ടോട്ടനത്തിൻ്റെ ബ്രണ്ണൻ ആദ്യ ഗോൾ നേടി. പിന്നാലെ 47ാം മിനുറ്റിൽ ഡെജൻ കുളുസെവ്സ്കിയെയും 77ാം മിനുറ്റൽ ഡൊമിനിക് സൊളങ്കെയെയും യുണൈറ്റഡിന് പ്രതിരോധിക്കാനായില്ല. ഇതോടെ യുണൈറ്റഡിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി വഴങ്ങേണ്ടി വന്നു.
ഒരു കാലത്ത് ഫുട്ബോൾ ലോകം അടക്കി വാണ ചെകുത്താന്മാർ ഇന്ന് തോൽവിയുടെ പടുകുഴിയിലാണ്. പുതിയ സീസണിലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ടെൻ ഹാഗിൻ്റെ സംഘത്തിന് സാധിച്ചില്ല. പ്രീമിയർ ലീഗിലെ ഈ സീസണിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങി.
ആൻഫീൽഡിലും എത്തിഹാദിലും എമിറേറ്റ്സിലും ആരവങ്ങളുയരുമ്പോൾ ഓൾഡ് ട്രാഫോർഡ് ശോകമൂകമാണ്. 2012ലാണ് പ്രീമിയർ ലീഗ് കിരീടം അവസാനമായി ഓൾഡ് ട്രാഫോര്‍ഡിലെത്തിയത്. ഓരോ മത്സരങ്ങൾ കഴിയും തോറും പരിശീലകനും മനേജറുമായ എറിക്ക് ടെൻ ഹാഗ് യുണൈറ്റഡ് ആരാധകരെ നിരാശപ്പെടുത്തുകയാണ്.
സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ മാർക്കറ്റിലെ നീക്കങ്ങൾ കൊണ്ട് ശ്രദ്ധേയമായ ടീമാണ് യുണൈറ്റഡ്. ഓരോ പൊസിഷനുകളിലും ലോകോത്തര താരങ്ങൾ ബൂട്ട് കെട്ടുന്നു. എന്നിട്ടും പോയ സീസണുകളിലെ പോരായ്മകൾ പരിഹരിക്കാൻ യുണൈറ്റഡിനാകുന്നില്ല. താരങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയരാത്തതും യുണൈറ്റഡിനെ വലയ്ക്കുന്നു.
2013ൽ ലോക ഫുട്ബോളിൻ്റെ നെറുകയിൽ യുണൈറ്റഡിനെ എത്തിച്ച ശേഷമാണ് സർ അലക്സ് ചാപ്മാൻ ഫെർഗൂസൺ പരിശീലക കുപ്പായം അഴിക്കുന്നത്. അവിടുന്നായിരുന്നു യുണൈറ്റഡിൻ്റെ പതനം. ഹോസെ മൗറീഞ്ഞോ, റയാൻ ഗിഗ്‌സ്, ലൂയിസ് വാൻഗാൽ, ഓലെ ഗണ്ണർ സോള്‍ഷേര്‍ എന്നിങ്ങനെ കോച്ചുമാർ പലരും മാറി മാറി വന്നു. എന്നിട്ടും ഫെർഗൂസന്റെ കാലത്തിനു ശേഷം ഒരു മികച്ച പ്രകടനവും ടീമിന് എടുത്തു പറയാനില്ല.
കഴിഞ്ഞ വർഷത്തെ എഫ്‌എ കപ്പ് ജയത്തോടെ യുണൈറ്റഡ് പരിശീലക കസേര നിലനിർത്തിയ ടെൻ ഹാഗ് വിമർശനങ്ങളുടെ മുൾമുനയിലാണ്. നിലവിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഉള്ള യോഗ്യത പോലും ഇല്ലാതെ തകർച്ചയുടെ വക്കിലാണ് യുണൈറ്റഡ്.