
കപിലിന്‍റെ ചെകുത്താന്മാര്‍ക്ക് ശേഷം ഇന്ത്യയ്ക്ക് വിശ്വകിരീടം സമ്മാനിച്ച മഹേന്ദ്ര സിങ് ധോണിയുടെയും സംഘത്തിന്‍റെ ഐതിഹാസിക വിജയത്തിന്‍റെ ഓര്‍മയിലാണ് രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിന്‍റെ കലാശപ്പോരില്‍ ജോഹന്നാസ് ബര്‍ഗിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ സ്ഥിര വൈരികളായ പാകിസ്ഥാന്‍ ആയിരുന്നു ഇന്ത്യയ്ക്ക് എതിരാളികള്‍. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവനിരയുമായി ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങിയ ധോണിയും കൂട്ടരും ആവേശകരമായ ത്രില്ലര്‍ പോരട്ടത്തിനൊടുവില്‍ അഞ്ച് റണ്‍സിന്‍റെ അവിസ്മരണീയമായ ജയം സ്വന്തമാക്കി.
അവസാന ഓവറിലെ മലയാളി താരം ശ്രീശാന്തിൻ്റെ ക്യാച്ച് ഇന്നും ആരാധകർക്ക് ആവേശമാണ്. തോൽക്കുമെന്നുറപ്പിച്ചടുത്ത് നിന്ന് എം.എസ്. ധോണിയും കൂട്ടരും പാകിസ്ഥാനെ വീഴ്ത്തി നേടിയ കിരീടത്തിന് ഇന്നും മധുരപ്പതിനേഴിന്‍റെ ചെറുപ്പം. ഏകദിന ലോകകപ്പിലേറ്റ നിരാശാജനകമായ തോൽവിയിൽ നിന്നും കഴിവുറ്റ ഇന്ത്യൻ യുവനിരയുടെ ഉദയത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയായ ആദ്യ ടി-20 ലോകകപ്പ് ആയിരുന്നു ഇത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിലൊരാളായ എം.എസ്. ധോണിയുടെ കരിയറിലെ ആദ്യ പൊൻതൂവൽ.
പാകിസ്ഥാനെതിരെ നേടിയ ബൗൾ ഔട്ട് ജയത്തോടെയാണ് ഇന്ത്യ ടൂർണമെൻ്റില്‍ യാത്ര തുടങ്ങിയത്. സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവറിൽ ആറ് സിക്സറുകൾ അതിർത്തി കടത്തിയ യുവിയുടെ സംഹാരതാണ്ഡവത്തിനും സാക്ഷ്യം വഹിച്ചു. വമ്പന്മാരെ കൂടാരത്തിൽ നോക്കുകുത്തിയാക്കി ഇന്ത്യൻ യുവനിരയുടെ തേരോട്ടമായിരുന്നു പിന്നീട് കണ്ടത്. സെമിയിൽ അതികായന്മാരായ ഓസ്ട്രേലിയ മറികടന്ന ഇന്ത്യ ആദ്യ ലോകകപ്പിൻ്റെ ഫൈനലിലിടം പിടിച്ചു. ഹെയ്ഡനെയും ഗിൽക്രിസ്റ്റിനെയും പുറത്താക്കിയ ശ്രീശാന്തിൻ്റെ സെലിബ്രേഷൻ ഇന്നും ട്രെൻഡിംഗാണ്.
2007 സെപ്റ്റംബർ 24 ന് ജോഹാനസ്ബർഗിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിൻ്റെ അർധ സെഞ്ച്വറി മികവിൽ ഇന്ത്യ നേടിയത് 157 റൺസ്. എട്ട് ഫോറും രണ്ട് സിക്സസറുകളുമുൾപ്പെടെ 75 റൺസാണ് ഗംഭീർ അടിച്ചുകൂട്ടിയത്. ആവേശം വിണ്ണിൽ തൊട്ട വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ, അവസാന ഓവറിൽ പാകിസ്ഥാന് വേണ്ടത് 13 റൺസ്. സ്പെഷ്യലിസ്റ്റ് സ്പിന്നർ ഹർഭജൻ സിങ് ഉണ്ടായിരുന്നിട്ടും നിർണായക ഓവർ എറിയാൻ ജോഗീന്ദർ ശർമ്മയെ നായകൻ ധോണി പന്തേൽപ്പിച്ചു. ഒരു വൈഡും ഒരു സിക്സും വഴങ്ങിയെങ്കിലും മൂന്നാം പന്ത് നേരിട്ട മിസ്ബാഹ് ഉൾ ഹക്കിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ഫൈൻ ലെഗിൽ ശ്രീശാന്തിന്റെ കൈകളില്‍ ഭദ്രമായെത്തി, ഒപ്പം ഇന്ത്യയ്ക്ക് ആദ്യ ട്വൻ്റി 20 കിരീടവും.