
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ മലയാളി താരം സഞ്ജു സാംസണിന് അവസരമൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്ക് സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ശ്രീലങ്കക്കെതിരെ ജുലൈയില്‍ നടന്ന രണ്ട് മത്സരങ്ങളിലും 'പൂജ്യ'നായി മടങ്ങിയെങ്കിലും ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് സഞ്ജുവിനെ വീണ്ടും സെലക്ടര്‍മാര്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് പര്യടനം മുന്‍നിര്‍ത്തി ഋഷഭ് പന്തിന് വിശ്രമം നല്‍കാന്‍ തയ്യാറായാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിന് ബംഗ്ലാദേശ് സിരീസില്‍ നറുക്ക് വീണേക്കും.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ട്വന്‍റി 20 ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനഘട്ട ചര്‍ച്ചകളിലാണ്. 2015-ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ സഞ്ജുവിന് പല കാരണങ്ങളാല്‍ ഇതുവരെ ടീമില്‍ സ്ഥിരം കസേര ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത് സഞ്ജുവിന് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. ശ്രീലങ്കന്‍ പരമ്പരയിലെ മോശം ഇന്നിങ്‌സുകള്‍ സഞ്ജുവിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കിടയിലുണ്ട്.
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കായി കളിച്ച അവസാന മത്സരത്തില്‍ 106, 45 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. സെഞ്ചുറി കരുത്തുമായി ഇഷാന്‍ കിഷനും സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്നു. അതേസമയം, ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല . ഒക്ടോബര്‍ 1 - 5 വരെയാണ് ഇറാനി ട്രോഫി മത്സരങ്ങള്‍. രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയുമാണ് ഇറാനി ട്രോഫിക്കായി മത്സരിക്കുക. ഇഷാന്‍ കിഷനാകും ടൂര്‍ണമെന്‍റില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുക എന്നാണ് വിവരം.
സഞ്ജുവിനെ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിലേക്ക് എത്തിക്കാനാണ് ഈ നീക്കം എന്നാണ് സൂചന. അഥവാ ഇറാനി ട്രോഫിയില്‍ സഞ്ജുവിനെ കളിപ്പിച്ചാല്‍
ബംഗ്ലാദേശിനെതിരായ അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്.