ടൂർണമെൻ്റിൽ ശനിയാഴ്ച ഒഡീഷ ചെന്നൈയേയും ബെംഗളൂരു ഈസ്റ്റ് ബെംഗാളിനേയും നേരിടും
ഐഎസ്എൽ പതിനൊന്നാം സീസണിന് സമനിലയോടെ തുടക്കം. മോഹൻ ബഗാനും മുംബൈ സിറ്റിയും രണ്ട് ഗോൾ വീതം നേടി. കൈവിട്ട് പോയിടത്ത് നിന്നാണ് മുംബൈ സിറ്റിയുടെ അത്യുജ്വല തിരിച്ച് വരവ്. കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്ത് നിന്ന് തുടക്കം കുറിച്ച മോഹൻ ബഗാന് പക്ഷേ സമനില വഴങ്ങാനായിരുന്നു യോഗം.
ഒമ്പതാം മിനിറ്റിൽ മുംബൈ പ്രതിരോധ താരം ടെരിയുടെ സെൽഫ് ഗോളിലൂടെ ബഗാനാണ് ആദ്യം സ്കോർ ബോർഡ് തുറന്നത്. ആൽബർട്ടോ റോഡ്രിഗസ്സിലൂടെ ബഗാൻ വീണ്ടും ലീഡുയർത്തി. ആദ്യ പകുതിയിൽ തന്നെ തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾ ബഗാന്റെ പ്രതിരോധത്തിൽ തട്ടിയകന്നു.
READ MORE: മെസ്സിയുടെ നിലവാരത്തിലെത്തുക അസാധ്യമെന്ന് സ്പാനിഷ് വണ്ടർ കിഡ് ലാമിനെ യമാൽ
പ്രായശ്ചിത്തമെന്നോണം രണ്ടാം പകുതിയിൽ അധ്വാനിച്ച് കളിക്കുന്ന മുംബൈ ടീമിനെയാണ് കാണാനായത്. 70ാം മിനിറ്റിൽ ടെരി മുംബൈക്കായി വലകുലുക്കി. മത്സരം ബഗാന് സ്വന്തമെന്ന് കരുതിയിടത്ത് നിന്നാണ് വഴുതിപോയത്. അവസാന നിമിഷം ക്രൗമയുടെ ഗോളിലൂടെ മുംബൈ സമനില പിടിച്ചെടുത്തു. ടൂർണമെൻ്റിൽ ശനിയാഴ്ച ഒഡീഷ ചെന്നൈയേയും ബെംഗളൂരു ഈസ്റ്റ് ബെംഗാളിനേയും നേരിടും.