ഡയമണ്ട് ലീ​ഗിൽ വെള്ളി നേടിയത് ഒടിഞ്ഞ കൈയുമായി; ഈ സീസൺ തന്നെ മികച്ചൊരു മനുഷ്യനാക്കിയെന്ന് നീരജ് ചോപ്ര

ഇടതുകയ്യിലെ നാലാമത്തെ വിരലിലാണ് പരുക്ക്. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ടീം അം​ഗങ്ങളുടെ സഹായത്തോടെയാണ് ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിക്കാനും റണ്ണർ അപ്പ് ആകാനും സാധിച്ചത് എന്നും നീരജ് എക്സിൽ കുറിച്ചു
ഡയമണ്ട് ലീ​ഗിൽ വെള്ളി നേടിയത് ഒടിഞ്ഞ കൈയുമായി; ഈ സീസൺ തന്നെ മികച്ചൊരു മനുഷ്യനാക്കിയെന്ന് നീരജ് ചോപ്ര
Published on

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിച്ചത് ഒടിഞ്ഞ കൈയുമായി. പരുക്കോടെ ജാവലിൻ എറിഞ്ഞിട്ടും റണ്ണർ അപ്പായി ഫിനിഷ് ചെയ്യാൻ നീരജിനായി. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. സമൂഹമാധ്യമായ എക്‌സിൽ, എക്സ് റേ റിപ്പോർട്ടുള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് നീരജ് ഇക്കാര്യം അറിയിച്ചത്.

ഇടതുകയ്യിലെ നാലാമത്തെ വിരലിലാണ് പരുക്ക്. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ടീം അം​ഗങ്ങളുടെ സഹായത്തോടെയാണ് ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിക്കാനും റണ്ണർ അപ്പ് ആകാനും സാധിച്ചത് എന്നും നീരജ് എക്സിൽ കുറിച്ചു.


"2024 സീസൺ അവസാനിക്കുമ്പോൾ, വർഷത്തിലുടനീളം ഞാൻ പഠിച്ച എല്ലാ കാര്യങ്ങളിലേക്കും ഞാൻ തിരിഞ്ഞുനോക്കുന്നു - മെച്ചപ്പെടുത്തൽ, തിരിച്ചടികൾ, മാനസികാവസ്ഥ അങ്ങനെ. തിങ്കളാഴ്ച, പരിശീലനത്തിനിടെ എനിക്ക് പരിക്കേറ്റു, എൻ്റെ ഇടതുകൈയിലെ നാലാമത്തെ മെറ്റാകാർപലിന് ഒടിവുണ്ടായി. എക്സ് - റേ അത് സ്ഥിരീകരിക്കുകയും ചെയ്തു. അത് എനിക്ക് മറ്റൊരു വേദനാജനകമായ വെല്ലുവിളിയായിരുന്നു. എന്നാൽ എൻ്റെ ടീമിൻ്റെ സഹായത്തോടെ എനിക്ക് ബ്രസൽസിൽ പങ്കെടുക്കാൻ കഴിഞ്ഞു." നീരജ് കുറിച്ചു.

"ഈ വർഷത്തെ അവസാന മത്സരമായിരുന്നു ഇത്, ട്രാക്കിൽ വെച്ച് തന്നെ ഈ സീസൺ അവസാനിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നു. എന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എനിക്ക് സാധിച്ചില്ലെങ്കിലും, ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ച സീസണായിരുന്നു ഇത്. ഒരു തിരിച്ചുവരവിനായി ഇപ്പോൾ ഞാൻ പൂർണ സജ്ജനാണ്. പൂർണ ആരോഗ്യവാനും. നിങ്ങൾ നൽകിയ അകമഴിഞ്ഞ പ്രോത്സാഹനത്തിന് വളരെയധികം നന്ദി. 2024 എന്നെ മികച്ച കായികതാരവും വ്യക്തിയുമാക്കി മാറ്റി. ഇനി 2025ൽ കാണാം." നീരജ് ചോപ്ര എക്സിൽ കുറിച്ചു.

ബ്രസല്‍സില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാമതായി ഫിനിഷ് ചെയ്തിരുന്നു. 0.01 മീറ്ററിനാണ് ഒന്നാംസ്ഥാനം നഷ്ടമായത്. സീസണിലെ മികച്ച പ്രകടനം നടത്താനാകാത്തത് താരത്തിന് തിരിച്ചടിയാണ്. 87.87 മീറ്റർ എറിഞ്ഞ ആൻഡേഴ്‌സൻ പീറ്റേഴ്‌സാണ് മത്സരത്തിലെ ജേതാവ്. 87.86 മീറ്റർ ദൂരമാണ് നീരജ് എറിഞ്ഞത്. കഴിഞ്ഞ വർഷവും ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com