
യൂറോ കപ്പ് റൗണ്ട് ഓഫ് 16ല്‍ ഓസ്ട്രിയയെ 2-1 ന് പരാജയപ്പെടുത്തി തുർക്കി ക്വാർട്ടറിൽ പ്രവേശിച്ചു. തുർക്കിയ്ക്ക് വേണ്ടി പ്രതിരോധ താരം മെറിഹ് ഡെമിറലാണ് രണ്ട് ഗോളുകളും നേടിയത്. കളി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ ഡെമിറൽ ആദ്യ ഗോൾ നേടി. യൂറോ കപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. 59-ാം മിനുട്ടിൽ കോർണറിൽ നിന്നുള്ള ഹെഡ്ഡറിലൂടെ രണ്ടാം ഗോളും.
ഗോൾ മടക്കാനുള്ള ഓസ്ട്രിയൻ ശ്രമം ഫലം കണ്ടത് 66-ാം മിനുട്ടിലാണ്. കോർണറിൽ നിന്ന് കിട്ടിയ അവസരം മൈക്കിൾ ഗ്രിഗോറിഷ് ഗോൾ ആക്കുകയായിരുന്നു. കളിയിലെ മൂന്ന് ഗോളുകളും കോർണറുകളിലൂടെയാണ് പിറന്നത്.
ഓസ്ട്രിയയെ സമനിലയിലെത്തിച്ചു എന്ന് കരുതിയ ഫ്ലോറിയൻ ഗ്രിലിച്ചിന്‍റെ ശക്തമായൊരു ഷോട്ട് തുർക്കി ഗോളി മെർട്ട് ഗുനോക് തുടയുകയായിരുന്നു. പിന്നീട് ഓസ്ട്രിയൻ നിര പൊരുതി നോക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ തുർക്കി നെതർലാൻഡ്സിനെ നേരിടും.