
സൂപ്പർ ലീഗ് കേരളയിൽ മിന്നും തുടക്കവുമായി കണ്ണൂർ വാരിയേഴ്‌സ്. തൃശൂർ മാജിക്ക് എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കണ്ണൂരിനായി വിജയ ഗോൾ സ്വന്തമാക്കിയ അൽവാരോ ഫെർണാണ്ടസാണ് കളിയിലെ താരം.
തൃശ്ശൂർ മാജിക്ക് എഫ് സിക്കെതിരെ ഇഞ്ചുറി ടൈമിലായിരുന്നു വാരിയേഴ്‌സിന്‍റെ വിജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു കണ്ണൂർ വാരിയേഴ്സിൻ്റെ തിരിച്ചുവരവ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൻ്റെ ആദ്യ പകുതിയിൽ തൃശൂരിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും മുന്നേറ്റത്തിലും തൃശ്ശൂർ മുന്നിട്ടു നിന്നു. 37-ാം മിനിറ്റിൽ സൂപ്പർ താരം സി.കെ. വിനീതിൻ്റെ അസിസ്റ്റിൽ അഭിജിത്ത് തൃശൂരിനെ മുന്നിലെത്തിച്ചു.
ALSO READ: മഞ്ഞപ്പട അവതരിച്ചു; തനിനാടന്‍ ലുക്കില്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്
എന്നാല്‍, രണ്ടാം പകുതിയിൽ വാരിയേഴ്‌സ് തിരിച്ചെത്തി. 71-ാം മിനിറ്റിൽ സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡേയുടെ ഷോട്ട് തൃശൂർ ആരാധകരെ നിശ്ചലമാക്കി. കണ്ണൂരിന് സമനില ഗോൾ. മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട് ഹെൻറി ആൻ്റണി പുറത്തായതും തൃശൂരിന് തിരിച്ചടിയായി. പത്ത് പേരായി തൃശൂർ ചുരുങ്ങിയതോടെ കണ്ണൂർ വിജയഗോളിനായുള്ള ശ്രമം ഊർജിതമാക്കി. ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം അൽവാരോ ഫെർണാണ്ടസിലൂടെ കണ്ണൂർ വിജയ ഗോൾ സ്വന്തമാക്കി.