ഹൃദയാഘാതം; മുൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാർ ആശുപത്രിയിൽ

ഇന്നത്തെ പ്രധാന വാർത്തകൾ
ഹൃദയാഘാതം; മുൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാർ ആശുപത്രിയിൽ

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; ലീഗിന് അതൃപ്തി

സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ലീഗിന് അതൃപ്തി. ശേഷാദ്രിനാഥന് സംഘ പരിവാർ ബന്ധമെന്ന് ആരോപണം ഉയർന്നിരുന്നു. സർക്കാർ നിയമനങ്ങളിൽ ജാഗ്രത കുറവ് കാട്ടുന്നുവെന്ന് ലീഗ് അഭിപ്രായപ്പെട്ടു. കെ.എം. ഷാജിയുടെ നിലപാടുകളിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോവുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പച്ചക്കറിയുമായി പോയ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് ടൂറിസ്റ്റ് ബസ് 130 ജംഗ്ഷനിൽ മറിഞ്ഞു. ബസിൽ സ്ത്രീകളും കുട്ടികളും ബസ് ജീവനക്കാരും ഉൾപ്പെടെ 27 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നരിക്കുനിയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി ആക്രമണം

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി. നരിക്കുനി സ്വദേശി റഹീസിൻ്റെ വീട്ടിലാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹരിയാനയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു

ഹരിയാനയിലെ അംബാലയിൽ കുഴൽ കിണറിൽ വീണ നാലു വയസുകാരൻ നിർഭയ് സിങ് മരിച്ചു. ഇന്നലെയാണ് 220 അടി താഴ്ചയുള്ള കുഴൽകിണറിലേക്ക് കുട്ടി വീണത്. 60 അടി താഴ്ചയിൽ കുടുങ്ങികിടന്ന കുട്ടിയെ ഇന്ന് പുലർച്ചെ ദൗത്യസംഘം പുറത്ത് എത്തിച്ചിരുന്നു.

24 കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി

24 ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടെ പ്രതി പാലക്കാട് മീനാക്ഷിപുരം കന്നിമാരി സ്വദേശി വിനോദിനെ കൊല്ലങ്കോട് പൊലീസ് കാപ്പ ചുമത്തി നാടുകടത്തി റിമാൻഡ് ചെയ്തു. വധശ്രമ കേസുകളിലും, 15 കവർച്ച കേസുകളിലും, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ്. നിലവിൽ കൊഴിഞ്ഞാമ്പാറയിലെ കോഴിപ്പാറയ്ക്ക് സമീപം സൊരപ്പാറയിൽ താമസിക്കുന്ന പ്രതിയുടെ പേരിൽ SC/ST അതിക്രമം തടയൽ വകുപ്പുകൾ പ്രകാരമുള്ള കേസുകളും ഉണ്ട്.

പിഎസ്‌സി ക്രമക്കേട് അതീവ ഗുരുതരം; ഒ.ജെ.ജനീഷ്

പി.എസ്.സി ക്രമക്കേട് അതീവ ഗുരുതരമെന്നും ഒന്നാം റാങ്കുകാരന്‍ ഇടതുപക്ഷ അനുഭാവിയെന്നും മന്ത്രി ഒ.ജെ.ജനീഷ്. 10 ചോദ്യങ്ങള്‍ക്ക് മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ റാങ്ക് പട്ടിക മറ്റൊന്നാകുമായിരുന്നു. നിലവിലെ റാങ്ക് പട്ടികയില്‍, ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനം റദ്ദ് ചെയ്യണമെന്നും ജനീഷ് ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന പല നിയമനങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് സംശയമുണ്ട്. ചെറുപ്പക്കാരുടെ പഠനത്തിന് വിലകല്‍പ്പിക്കാത്ത സമീപനം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

സർക്കാർ തീരുമാനത്തിന് എതിരാവുന്നത് കോടതി: കെ.മുരളീധരൻ

ശബരിമല വികസനനത്തിൽ സർക്കാർ തീരുമാനത്തിന് പലപ്പോഴും കോടതി എതിരാകുന്നുവെന്ന് കെ.മുരളീധരൻ. ശബരിമലയിൽ എങ്ങനെ തൊഴണമെന്നുപോലും നിർദേശിക്കുന്നു. എതിർപ്പ് അറിയിക്കാത്തത്കോടതിയെ ബഹുമാനമുള്ളതുകൊണ്ടാണെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽക്കാൻ സർക്കാരിൻ്റെ അനുമതി വേണം; വി.ഡി. സതീശൻ

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി വിൽക്കാൻ സർക്കാരിൻ്റെ അനുമതി വേണമെന്നും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിൻ്റെ അനുമതിയില്ലാതെ ഓഹരി വിൽക്കാൻ കഴിയില്ല. വിഴിഞ്ഞത്ത് കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്തിൻ്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനം മന്ദഗതിയിലാണെന്നും ഈ സർക്കാർ വന്ന ശേഷം പ്രവർത്തനങ്ങൾ വേഗത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിബി ജി റാം പദ്ധതി; കൂലി വർധിപ്പിച്ചു

വിബി ജി റാം പദ്ധതി പ്രകാരമുള്ള പുതിയ വേതനനിരക്കുകൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. ഇതോടെ കേരളത്തിൽ ദിവസം 409 രൂപ കൂലിയാകും. മറ്റ് സംസ്ഥാനങ്ങളിൽ 300 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും.

ദേശീയ പാതയിലെ ഗർത്തം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കളക്ടർ

ചേർത്തലയിൽ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോടും വാട്ടർ അതോറിറ്റിയോടും റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. പൊതുമരാമത്തിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനും നിർദേശം നൽകി.

രാജ്നാഥ് സിങ്ങിനെതിരെ അവകാശ ലംഘന നോട്ടീസ്

പഹൽ ഗാം ഭീകര ആക്രമണത്തെ തുടർന്ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 2025 ൽ ജൂലായിൽ നടത്തിയ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ അവകാശ ലംഘന നോട്ടീസ്. കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടീസ് നൽകിയത്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈനൃത്തിന് ആളപായമില്ല എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ ആക്രമണം

കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമം. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് ആരോപണം.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റം; കെപിസിസി മെമ്പർക്കെതിരെ പരാതി

കെപിസിസി മെമ്പർ സുദർശനെതിരെ ആലത്തൂർ ഗവ എംപ്ലോയീസ് സഹകരണ സംഘം യുഡിഎഫ് ഭരണസമിതിയാണ് വിജിലൻസിന് പരാതി നൽകിയത്. സെക്രട്ടറിയായി പ്രമോഷൻ നേടാൻ നൽകിയ ബിരുദ സർട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യാജ ഒപ്പിട്ട് ചിട്ടി തുകയായ 25 ലക്ഷം രൂപ തട്ടിയ കേസിൽ സുദർശൻ നേരത്തെ അച്ചടക്ക നടപടി നേരിട്ടിരുന്നു.

"പുക കണ്ടേ അടങ്ങൂ"; കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിനെതിരെ ബിആർഎം ഷഫീർ

സർക്കാരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് നേരെ വിമർശനവുമായി ബിആർഎം ഷഫീർ. സിപിഎമ്മിനേക്കാൾ വാശിയോടെ ചിലർ നന്നാക്കാൻ ഇറങ്ങുന്നുണ്ട്. പറയേണ്ടത് പാർട്ടിക്കകത്താണ് പറയേണ്ടത്. പരസ്യമായി പറഞ്ഞാൽ ഒരുദിവസം ചാനലിൽ മുഖം വരും. എല്ലാ യുഡിഎഫ് സർക്കാരുകളെയും തകർത്തത് കോൺഗ്രസുകാർ തന്നെയെന്നും പുക കണ്ടേ അടങ്ങുവെന്നും ഷഫീർ കുറ്റപ്പെടുത്തി.

ശുദ്ധമായ കള്ളിൻ്റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് എക്സൈസ് മന്ത്രി

കള്ള് ഷാപ്പ് മേഖലയിൽ ഗുരുതര പ്രതിസന്ധിയെന്ന് എക്സൈസ് മന്ത്രി എം.ലിജു പറഞ്ഞു. ചെത്തുന്ന കള്ളും വിതരണം ചെയ്യുന്ന കള്ളും തമ്മിലുള്ള ആനുപാതത്തിൽ വ്യത്യാസമുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. കള്ള് ചെത്ത് വ്യവസായത്തിൽ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്ന് എക്സൈസ് മന്ത്രി പറഞ്ഞു. ശുദ്ധമായ കള്ളിൻ്റെ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

വഖഫ് ബോർഡ് രൂപീകരണം നിയമവിരുദ്ധം; ക്രിസ്ത്യൻ സംഘടന ഹൈക്കോടതിയിൽ

കേരള വഖഫ് ബോർഡ് നിയമനത്തിനെതിരെ ക്രിസ്ത്യൻ സംഘടന ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ബോർഡ് രൂപീകരണം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. രണ്ട് അമുസ്സീം അംഗങ്ങളെ നിയമിച്ചില്ല. മുനമ്പത്തെ ഭൂമിയിലെ വിവരങ്ങൾ ബോർഡ് നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ഹർജി നൽകിയത്.

മരുന്ന് മാറി നൽകി; കോഴിക്കോട് ചികിത്സയിലിരുന്ന രോഗി മരിച്ചു

മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു. കോഴിക്കോട് കല്ലാച്ചി സ്വദേശി ചന്ദ്രനാണ് മരിച്ചത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധികൃതർ ചന്ദ്രന് മരുന്ന് മാറി നൽകുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

കാഞ്ഞങ്ങാട് റോഡിലേക്ക് കുന്നിടിഞ്ഞ് വീണു; കാറിൻ്റെ മുൻഭാഗം തകർന്നു

Summary

കാസർഗോഡ് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ കുന്നിടിഞ്ഞ് മണ്ണും കൂറ്റൻ പാറക്കല്ലുകളും റോഡിലേക്ക് വീണ് അപകടം. ചന്ദ്രഗിരി ചളിയങ്കോട് കോട്ടരുവത്താണ് അപകടം ഉണ്ടായത്. മണ്ണിടിച്ചിൽ തടയുന്നതിനായി നേരത്തെ നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തിക്ക് മുകളിലുള്ള ഭാഗത്തെ മണ്ണും പാറക്കല്ലുകളുമാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതേസമയം അതുവഴി കടന്നുപോയ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് വാഹനത്തിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നു.

മാനന്തവാടി മൂട്രകൊല്ലി പ്രദേശത്ത് പുലി; ജനങ്ങൾ ആശങ്കയിൽ

മാനന്തവാടി പയ്യാമ്പള്ളി മൂട്രകൊല്ലി പ്രദേശത്ത് പുലിയുടെ സാന്നിധ്യം. രണ്ട് പശുക്കിടാങ്ങളെ ആക്രമിച്ചു. ആക്രമണത്തിനിടെ വീട്ടുകാർ പുറത്തേക്ക് എത്തിയതോടെ പുലി പിൻവാങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് മാനന്തവാടി റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി പരിശോധന ശക്തമാക്കി. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ഫാത്തിമ തഹ്ലിയക്കെതിരെ വ്യാജ പോസ്റ്ററുകൾ

ഫാത്തിമ തഹലിയ എംഎൽഎക്കെതിരെ വ്യാജ പോസ്റ്ററുകൾ. സമൂഹമാധ്യമങ്ങളിലെ ഇടത് സൈബർ ഗ്രൂപ്പുകളിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. ജോൺ ബ്രിട്ടാസ് ഫാൻസ് ഗ്രൂപ്പിലാണ് പോസ്റ്റർ ആദ്യം പ്രചരിച്ചതെന്നാണ് സൂചന. മോഹനൻ പി എന്ന പ്രൊഫൈലിൽ നിന്നാണ് ഗ്രൂപ്പിലേക്ക് പോസ്റ്റർ പങ്കുവെച്ചത്.

സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. കോതമംഗലം കോഴിപ്പിള്ളിയിൽ വച്ച് ഇന്നലെയാണ് അപകടം നടന്നത്. ബസിൻ്റെ ഡോർ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം.

ശ്രീശാന്തിന് ആശ്വാസം; വിലക്ക് പിൻവലിച്ച് കെസിഎ

ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. മൂന്ന് വർഷത്തേക്ക് ആയിരുന്നു വിലക്ക്. കെസിഎക്കെതിരെ ശ്രീശാന്ത് നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് മാപ്പപേക്ഷ സമർപ്പിച്ചതിനാലാണ് വിലക്ക് പിൻവലിച്ചത്.

നാദാപുരത്ത് മരുന്ന് മാറി മധ്യവയസ്കൻ മരിച്ച സംഭവം;റിപ്പോർട്ട് തേടി

കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറിയതിനെ തുടർന്ന് ആരോഗ്യനില മോശമായി മധ്യവയസ്കൻ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി. ഡി എച്ച്സി നോട് റിപ്പോർട്ട് തേടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റുകാർ ആരാണെങ്കിലും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

'നിന്നെ അകത്തു തന്നെ കിടത്തും'; പൊലീസുകാർ ഭീഷണിപ്പെടുത്തിയതായി ആർ.സുഗതൻ

മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് കാപ്പാ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതൻ. ഒരു പൊലീസുകാരൻ വിചാരിച്ചാൽ മതി നിന്നെപ്പോലെ ഒരുവനെ ജയിലിൽ കിടത്താൻ. നീ പുറത്തിറങ്ങില്ല, അകത്തു തന്നെ കിടക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതായും സുഗതൻ പറഞ്ഞു. നിന്നെ വാള മീനിനെ പിടിക്കുന്നതുപോലെ പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഗതൻ പറഞ്ഞു.

കേരള ഇനി കേരളമാകും

കേരള എന്നത് കേരളം എന്ന് മാറ്റാനുള്ള ബിൽ നിയമസഭ പരിഗണിക്കുന്നു. പേര് മാറ്റത്തിൽ നിയമസഭയുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള രാഷ്ട്രപതിയുടെ റഫറൻസ് സ്പീക്കർ നിയമസഭയിൽ വായിച്ചു. ആദ്യമായാണ് ഇത്തരമൊരു വിഷയത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് കേരള നിയമസഭയിൽ വരുന്നത്.

എസ്ഐആറിൽ തൻ്റെയും ഭാര്യയുടേയും പേരുണ്ടായിരുന്നില്ലെന്ന് എം.എ.ബേബി

എസ് ഐ ആറിൽ തൻ്റെയും ഭാര്യ ബെറ്റിയുടെയും പേര് ഉണ്ടായിരുന്നില്ലെന്ന് എം.എ. ബേബി. പിന്നീട് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ്റെ മുന്നിൽ നേരിട്ട് ഹാജരായതിന് ശേഷമാണ് പട്ടികയിൽ ഉൾപ്പെട്ടത്. പത്രക്കാരെ വിവരമറിയിച്ചിരുന്നെങ്കിൽ വാർത്ത ആകുമായിരുന്നു. പക്ഷേ ചെയ്തില്ലെന്നും എം.എ. ബേബി പറഞ്ഞു.

കൊടി സുനിയെ പണിഷ്‌മെൻ്റ് സെല്ലിലേക്ക് മാറ്റി

ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച ടി.പി. കൊലക്കേസ് പ്രതിയായ കൊടി സുനിയെ പണിഷ്‌മെൻ്റ് സെല്ലിലേക്ക് മാറ്റി. സഹതടവുകാരൻ്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് തവനൂർ ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു.

സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി

നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതിക്കെതിരെയുള്ള പരാമർശത്തിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി. വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിനെതിരെയുള്ള പരാർമശത്തിലാണ് നടപടി. ജുഡീഷ്യൽ ഓഫിസേഴ്സേ് അസോസിയേഷനാണ് പരാതി നൽകിയത്. ചീഫ് ജസ്റ്റിസാണ് സിനിമാ പ്രവർത്തകൻ അനന്തുസുരേഷ് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ നിർദേശിച്ചത്.

ബിനോയ് വിശ്വം ഫ്രാന്‍സിലേക്ക്

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 40-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ വിദേശ പ്രതിനിധിയായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫ്രാന്‍സിലേക്ക് തിരിച്ചു. ജൂലൈ 3 മുതല്‍ 5 വരെ ഫ്രാന്‍സിലെ സാംസ്‌കാരിക നഗരിയായ ലിലേ പട്ടണത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

പൊലീസുകാർക്ക് നിർദേശവുമായി ഡിജിപി

മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുന്നത് പൊലീസ് ഉദ്യോഗസ്ഥർ ഒഴിവാക്കണമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ​നിയമ പരിപാലനത്തിന് അല്ലാതെ മതപരമായ ആഘോഷങ്ങളിൽ യൂണിഫോമിൽ പങ്കെടുക്കരുതെന്നാണ് നിർദേശം.

ധന ബില്ല് പാസാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഉൾപ്പെടുന്ന നൽകുന്ന ധന ബില്ല് പാസാക്കി നിയമസഭ. പ്രതിപക്ഷത്തിൻ്റെ അഭാവത്തിലാണ് ബില്ല് പാസാക്കിയത്.

മുന്നറിയിപ്പുമായി കേരള പൊലീസ്

വ്യാജ ഓൺലൈൻ ലോട്ടറിയിൽ മുന്നറിയിപ്പുമായി കേരളാ പൊലീസ്. കേരള ലോട്ടറിയുടെ പേരും ചിഹ്നവും ദുരുപയോഗം ചെയ്യുന്നു, എന്നും വ്യാജ സമ്മാന വാഗ്ദാനം നൽകി ഓൺലൈനിലൂടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഓൺലൈൻ ലോട്ടറി കേരളത്തിൽ നിരോധിക്കപ്പെട്ടതാണ്. തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

ഉദ്യോഗസ്ഥർക്ക് ആശ്വാസം

സംസ്ഥാനത്തെ സെൻസസ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ആശ്വാസം. സെൻസസ് ഡ്യൂട്ടിയുള്ള കാലയളവിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുക്കാൻ സർക്കാർ അനുമതി നൽകി. ഈ മാസം 30 വരെ പകുതി ദിവസമോ മുഴുവൻ ദിവസമോ സെൻസസ് ഡ്യൂട്ടിക്കായി അവധിയെടുക്കാം. 10 ദിവസത്തേക്ക് പൂർണമായ ഡ്യൂട്ടി ഓഫ് അല്ലെങ്കിൽ 20 ദിവസത്തെ പകുതി ദിന അവധിയും എടുക്കാൻ സാധിക്കും.

നൂറു ദിനം : 541 പദ്ധതികൾ

100 ദിവസം കൊണ്ട് 541 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ഇന്നു മുതൽ കൗണ്ട്ഡൗൺ. എല്ലാ വകുപ്പുകളിലും അവലോകനം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായി നിരീക്ഷിക്കും. വിശ്വാസ്യതയും ഉത്തരവാദിത്തവും ഉള്ള സർക്കാരെന്ന് തെളിയിക്കുമെന്നും മുഖ്യമന്ത്രി.

ഗർത്തം ഭൂഗർഭ ജലപൈപ്പ് പൊട്ടിയതിനാൽ

ചേർത്തല ദേശീയ പാതയിലെ ഗർത്തം ഭൂഗർഭ ജലപൈപ്പ് പൊട്ടിയതിനാലെന്ന് ദേശീയ പാത അതോറിറ്റി. സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിന് അടിയിലെ മണ്ണ് ഒലിച്ചുപോയതോടെകുഴി രൂപപ്പെട്ടു. പഴയ കുടിവെള്ള പൈപ്പിന് സമാന്തരമായി പുതിയ പൈപ്പ് കരാറുകാരൻ സ്ഥാപിച്ചിരുന്നു. ജലവിതരണ ശൃംഖലയുമായി ബന്ധിപ്പിച്ച് ഇത് പ്രവർത്തനസജ്ജമാക്കിയില്ല. പഴയപൈപ്പ് തന്നെ ഉപയോഗത്തിലായിരുന്നു. ഈ പൈപ്പിലുണ്ടായ തകരാറാണ് മണ്ണൊലിപ്പിനും ഗർത്തം രൂപപ്പെടുന്നതിനും കാരണം. പുതിയ പൈപ്പ് പ്രവർത്തിപ്പിക്കാതിരുന്നതിൻ്റെ കാരണം അന്വേഷിക്കുമെന്ന് എൻഎച്ച്എഐ.

ദേശാഭിമാനി തെറ്റിദ്ധരിച്ചു, തിരുത്തിക്കോളും

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ ദേശാഭിമാനിയിലെ വാര്‍ത്തയില്‍ പ്രതികരണവുമായി തോമസ് ഐസക്ക്. കാള പെറ്റെന്നു കേള്‍ക്കുമ്പോളേക്ക് കയര്‍ എടുക്കാന്‍ ഓടരുത്. ദേശാഭിമാനി തെറ്റിദ്ധരിച്ചു അവര്‍ തിരുത്തിക്കോളും.

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി പടക്കം എറിഞ്ഞു;ഒബിസി മോർച്ചാ നേതാവ് പിടിയിൽ

തൃശൂർ: യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി പടക്കം എറിഞ്ഞ കേസിൽ ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പിടിയിൽ.തൃശൂർ തളിക്കുളം സ്വദേശി ഭഗീഷ് പൂരാടനാണ് പിടിയിലായത്. ബിജെപി പ്രവർത്തകനായ തമ്പാൻ കടവ് സ്വദേശി ശ്രീജിത്തും അറസ്റ്റിൽ.തളിക്കുളം നമ്പിക്കടവ് ബീച്ച് സ്വദേശിയായ യുവതിയുടെ വീട്ടുമുറ്റത്തേക്ക് പടക്കമറിയുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പ്രതികൾ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

നിയമസഭയിൽ സന്ദർശകരെ നിയന്ത്രിക്കണമെന്ന് ഷിബു ബേബി ജോൺ, ആരു വിചാരിച്ചാലും കഴിയില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം; നിയമസഭയിൽ സന്ദർശകരെ നിയന്ത്രിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കോറിഡോർ നിറയെ ജനങ്ങളായിരുന്നതിനാൽ തനിക്ക് ഇന്നലെ വോട്ടിംഗിന് എത്താൻ കഴിഞ്ഞില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ 0 വർഷത്തിന് ശേഷം പ്രവർത്തകർക്ക് കിട്ടിയ ആദ്യ അവസരമാണെന്നും ആര് വിചാരിച്ചാലും അത് നിയന്ത്രിക്കാൻ കഴിയില്ലെന്ന് സിപീക്കർ മറുപടി പറഞ്ഞു.

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്ത് പൊലീസ്. വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചതിനും വർഗീയ അധിക്ഷേപം നടത്തിയതിനടക്കമാണ് കേസ്.ടിനി ടോമിനെതിരെ കേസ് എടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിരുന്നു.

അവയവകച്ചവടവും വ്യാജരേഖാനിര്‍മാണവും അന്വേഷിക്കാൻ പ്രത്യേക സംഘം

സംസ്ഥാനത്ത് നടക്കുന്ന അവയവകച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് ആഭ്യന്തരവകുപ്പ്‌. ഉന്നത തല അന്വേഷണം ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം. എറണാകുളം റൂറല്‍ എസ്‌ പി കെ എസ്‌ സുദര്‍ശനനാണ് അന്വേഷണ ചുമതല.

"സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും": ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ഉറപ്പ് നൽകി. ചികിത്സാ പിഴവ് ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. അത്യാഹിത വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കണമെന്ന ഡോക്ടർമാരുടെ ആവശ്യവും പരിഗണിക്കും.

സർക്കാർ പറഞ്ഞ ചികിത്സാ സഹായം ലഭിച്ചില്ല; കൊട്ടാരക്കര അപകടത്തിൽ പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

കൊല്ലം: സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ കൊട്ടാരക്കര അപകടത്തിൽ പരിക്കേറ്റ കുട്ടി. ഗുരുതരാവസ്ഥയിലായ കൗശലിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിയിലെ ചികിത്സ ചിലവ് താങ്ങാനാകില്ലെന്ന് കുടുംബം

ഇടുക്കിയിൽ വീണ്ടും മരം കൊള്ള; സിഎച്ച്ആർ ഭൂമിയിൽ അനധികൃത നിർമ്മാണം

ഇടുക്കി: ശാന്തൻപാറ ഗുണ്ടൻപാറ എസ്റ്റേറ്റിൽ അനധികൃത നിർമ്മാണം. സിഎച്ച്ആർ ഭൂമിയിൽ കൂറ്റൻ തടയണ നിർമിക്കുകയും മരങ്ങൾ മുറിച്ചു നീക്കുകയും ചെയ്തു. സിഎച്ച്ആർ ഭൂമി പാട്ടത്തിനെടുത്ത് ഏലകൃഷി നടത്തുന്ന തമിഴ് സ്വദേശികളാണ് നിയമലംഘനം നടത്തിയത്. സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു

കെഎസ്ആർടിസി ഡിപ്പോകളുടെ വികസനത്തിന് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി; ഉത്തരവിട്ട് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ വികസനത്തിന് ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിട്ട് ഗതാഗത മന്ത്രി സി.പി. ജോൺ. ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്തെ എംഎൽഎയുടെ അധ്യക്ഷതയിലാകും കമ്മറ്റികൾ.

നാലുവർഷ ബിരുദ പ്രോഗ്രാം വിലയിരുത്താൻ സമിതി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നാലുവർഷ ബിരുദ പ്രോഗ്രാം വിലയിരുത്താൻ സമിതി രൂപീകരിച്ചു. പ്രോഗ്രാം സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ സമിതി വിലയിരുത്തി സർക്കാരിന് ശുപാർശ സമർപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റേതാണ് നടപടി. കാര്യവട്ടം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകൻ പ്രൊഫ. ഗ്ലാഡ്സ്റ്റൺ രാജ് എസ് ആണ് ഏഴംഗ സമിതിയുടെ ചെയർമാൻ.നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ ആവശ്യമായ മാറ്റം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കിയിരുന്നു.

ചർച്ച ഫലം കണ്ടില്ല;അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരും

തൃശൂർ: അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിൽ യുഎൻഎ ഭാരവാഹികളും, മാനേജ്മെൻ്റ് പ്രതിനിധികളുമായി തൊഴിൽ, ആരോഗ്യ വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ച പരാജയം. ഇടക്കാല ആശ്വാസം നൽകാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് മാനേജ്മെന്റ്. ഇടക്കാല ആശ്വാസം നൽകണമെന്ന് ആരോഗ്യ-തൊഴിൽവകുപ്പ് മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ മാനേജ്മെന്റുകൾ ഇത് അംഗീകരിച്ചില്ല.

മിനിമം വേതന നിയമം അടിയന്തരമായി പ്രഖ്യാപിക്കാൻ നടപടി: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള നിയമം അടിയന്തര പ്രാധാന്യത്തോടെ പ്രഖ്യാപിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് ബഹു. തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ അറിയിച്ചു. തൃശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം നടത്തുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വാട്സ് ആപ്പിലെ  'യൂസർ നെയിം' ഫീച്ചർ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

ഡൽഹി: മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. വാട്സ് ആപ്പിൽ പുതുതായി അവതരിപ്പിക്കുന്ന 'യുസേർ നേം' ഫീച്ചറുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.സർക്കാരുമായി കൂടിയാലോചിക്കാതെ ഫീച്ചർ അവതരിപ്പിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. "നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നൽകണം". ഫീച്ചറിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടു

സഖ്യം രൂപീകരിച്ചു മുന്നോട്ടുപോകും; ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗത്തിൽ ധാരണ

ചെന്നൈ: തമിഴ്നാട്ടിൽ സഖ്യം രൂപീകരിച്ചു മുന്നോട്ടുപോകാൻ മുഖ്യമന്ത്രി വിജയ് വിളിച്ചു ചേർത്ത ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗത്തിൽ ധാരണ. അടുത്ത യോഗത്തിൽ ഏകോപന സമിതിക്ക് രൂപം നൽകും. പൊതുമിനിമം പരിപാടി തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കോൺഗ്രസ് ,വിസികെ, മുസ്ലിംലീഗ്, എംഡിഎംകെ തുടങ്ങിയ കക്ഷികൾ പങ്കെടുത്തു. സിപിഐഎമ്മും സിപിഐയും യോഗത്തിൽ പങ്കെടുക്കില്ല. യോഗത്തിൽ പങ്കെടുത്താൽ ഭരണ മുന്നണിയുടെ ഭാഗമാണെന്ന ധാരണ ഉണ്ടാകുമെന്നും അത് ഒഴിവാക്കാനാണ് തീരുമാനമെന്നും ഇരുപാർട്ടി നേതൃത്വങ്ങളും അറിയിച്ചു . എന്നാൽ സർക്കാരിനുള്ള പിന്തുണയിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും സിപിഐഎം സിപിഐ സംസ്ഥാന സെക്രട്ടറിമാർ വിശദീകരിച്ചു.

ബസിൽ നഷ്ടപ്പെട്ട സ്വർണമാല വീട്ടമ്മയ്ക്ക് തിരികെ നൽകി; മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ

കോലഞ്ചേരി: ബസിൽ നഷ്ടപ്പെട്ട സ്വർണ്ണമാല വീട്ടമ്മയ്ക്ക് തിരികെ നൽകി മാതൃകയായി കെഎസ്ആർടിസി ബസ് ജീവനക്കാർ. കോലഞ്ചേരി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. പാങ്കോട് സ്വദേശിയായ വനജ സുബ്രഹ്മണ്യനാണ് നഷ്ടപെട്ട മാല തിരികെ ലഭിച്ചത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കാക്കനാട് ലോഗോൺ ഗ്ലോബൽ സൊല്യൂഷൻസിനെതിരെ കേസ്

കൊച്ചി: കാക്കനാട് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ലോഗോൺ ഗ്ലോബൽ സൊല്യൂഷൻസിനെതിരെ കേസ്. ഏജൻസി ഉടമ നിഖിൽ രഘുനാഥ്, നിജിഷ മോഹനൻ, ഷൈലജ താഴപുരയിൽ, എ. സുജാത, ദീപ എന്നിവർക്കെതിരെയാണ് കേസ്.പരാതിക്കാരിയിൽ നിന്ന് 2,68,300 രൂപ പ്രതികൾ കൈക്കലാക്കി, വ്യാജ തൊഴിൽ കരാർ നൽകുകയും വിദേശത്തെത്തിക്കുകയും ചെയ്തതായി പറയുന്നു. എന്നാൽ അൽബേനിയയിൽ എത്തിയപ്പോൾ കരാറിൽ പറഞ്ഞ കമ്പനിക്ക് പകരം മറ്റൊരു സ്ഥാപനത്തിൽ ജോലി നൽകി കബളിപ്പിക്കുകയായിരുന്നു.

പത്തനംതിട്ട നഗരത്തിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

കോന്നി: പത്തനംതിട്ട നഗരത്തിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. പത്തനംതിട്ട എസ്പി ഓഫീസിന് സമീപത്താണ് രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയത്. പത്തോളം വരുന്ന യുവാക്കളുടെ സംഘമാണ് പരസ്പരം ആക്രമിച്ചത്. പൊലീസ് എത്തി അക്രമികളെ വിരട്ടിയോടിച്ചു. ലഹരി ഉപയോഗിച്ചുള്ള ആക്രമണം എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഹൃദയാഘാതം; മുൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ എ പത്മകുമാർ ആശുപത്രിയിൽ

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് മുൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ എ പത്മകുമാറിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല സ്വർണ്ണ കൊള്ള കേസ് പ്രതിയാണ് പത്മകുമാർ.

News Malayalam 24x7
newsmalayalam.com