
വായു മലിനീകരണം രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ തന്നെ ഏറ്റവും വലിയ ഒന്നാണ്. രാജ്യ തലസ്ഥാനമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വായു ഗുണനിലവാരം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇപ്പോഴിതാ രാജ്യത്തെ വായു മലിനീകരണത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ദി ലാൻസെറ്റ് കൗണ്ട് ഡൗൺ. റിപ്പോർട്ട് പ്രകാരം 2021ൽ മാത്രം 16 ലക്ഷം മരണങ്ങൾക്കാണ് വായു മലിനീകരണം കാരണമായിരിക്കുന്നത്. ഇതിൽ വായു മലിനീകരണത്തിൻ്റെ 38 ശതമാനവും കൽക്കരി, ദ്രാവക വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വഴിയുള്ളതാണെന്നും റിപ്പോർട്ട് പറയുന്നു.
ഫോസിൽ ഇന്ധനങ്ങളുടെ തുടർച്ചയായ ഉപയോഗം വായു മലിനീകരണത്തിനും ഇതുവഴി ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ അർബുദം, പ്രമേഹം, ന്യൂറോളജിക്കൽ വൈകല്യങ്ങൾ, ഗർഭാവസ്ഥയിലെ സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യതയും മരണനിരക്കും വർധിപ്പിക്കുമെന്നും ദി ലാൻസെറ്റ് വ്യക്തമാക്കുന്നു. 'ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും' എന്ന റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ. ഒക്ടോബർ 29നാണ് ദി ലാൻസെറ്റ് റിപ്പോർട്ട് പുറത്തിറക്കിയത്.
2022ൽ ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള പി.എം. 2.5 (കണികാ മലിനീകരണം) ബഹിർഗമനത്തിൻ്റെ 15.8 ശതമാനവും, ഉത്പാദനത്തെ അടിസ്ഥാനമാക്കിയുള്ള പി.എം. 2.5 ബഹിർഗമനത്തിൻ്റെ 16.5 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2.5 മൈക്രോമീറ്ററിൽ താഴെയുള്ള ഈ മാലിന്യ കണങ്ങൾക്ക് നേരിട്ട് ശ്വാസകോശത്തിൽ പ്രവേശിക്കാനാവും.
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷം 2023 ആണെന്നും ലാൻസെറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന താപനിലയും, മഴയുടെ ഏറ്റക്കുറച്ചിലുകളും മറ്റ് വർഷങ്ങളെ അപേക്ഷിച്ച് 2023ൽ കൂടുതലായിരുന്നു. കടുത്ത വരൾച്ച, കാട്ടുതീ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവയിലേക്കും ഇത് നയിച്ചുവെന്നാണ് ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ ആഗോളതലത്തിൽ തന്നെ ആരോഗ്യത്തിനും ഉപജീവനത്തിനും വെല്ലുവിളിയായെന്നും റിപ്പോർട്ട് വ്യക്തമാകുന്നു.
മഞ്ഞുകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ദി ലാൻസെറ്റ് റിപ്പോർട്ട് പുറത്തുവരുന്നത്. മഞ്ഞ്, തണുപ്പ്, പുകപടലം എന്നിവ മൂലം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 369 ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം കടുത്ത പ്രതിസന്ധിയിൽ ആക്കുന്നതിനിടെ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ലോകത്തിലെ വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം എന്ന പദവിയും ഡല്‍ഹിക്ക് ലഭിച്ചിട്ടുണ്ട്.