ലോകത്തിലെ ഏറ്റവും മലിനമായ നഗരം; ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിക്ക് പുതിയ 'പദവി'

ലോകത്തിലെ ഏറ്റവും മലിനമായ നഗരം; ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിക്ക് പുതിയ 'പദവി'
Published on

ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ, ലോകത്തിലെ ഏറ്റവും മോശം പദവി സ്വന്തമാക്കി രാജ്യ തലസ്ഥാനം. ലോകത്തില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം എന്ന പദവിയാണ് ഡല്‍ഹിക്ക് ലഭിച്ചിരിക്കുന്നത്. വായു മലിനീകരണത്തെ തുടര്‍ന്ന് കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടും അത് പാലിക്കാതെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്.

കഴിഞ്ഞ ദിവസം രാത്രിയിലെ ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 359 ആണ്. വായു ഗുണനിലാവര സൂചിക പ്രകാരം ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്.


അന്തരീക്ഷ മലിനീകരണം ഏറ്റവും മോശമായ നിലയിലായിരുന്നിട്ടും അതൊന്നും വകവെക്കാതെയായിരുന്നു ആളുകളുടെ ദീപാവലി ആഘോഷം. രാത്രി വൈകുവോളം നിയന്ത്രണം ലംഘിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ചതോടെ പ്രദേശം മുഴുവന്‍ കടുത്ത ശബ്ദ മലിനീകരണത്തിലും പുകയിലും മൂടി. 


ലജ്പത് നഗര്‍, കല്‍ക്കാജി, ഛത്തര്‍പൂര്‍, ജൗനാപൂര്‍, കിഴക്കന്‍ കൈലാഷ്, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, വികാസ്പുരി, ദില്‍ഷാദ് ഗാര്‍ഡന്‍, ബുരാരി തുടങ്ങി കിഴക്കും പടിഞ്ഞാറും ഡല്‍ഹിയിലെ പല സമീപപ്രദേശങ്ങളിലും വ്യാപകമായി പടക്കം പൊട്ടിച്ചിരുന്നു.

ബുരാരി ക്രോസിംഗ് (394), ജഹാംഗീര്‍പുരി (387), ആര്‍കെ പുരം (395), രോഹിണി (385), അശോക് വിഹാര്‍ (384), ദ്വാരക സെക്ടര്‍ 8 (375), ഐജിഐ എയര്‍പോര്‍ട്ട് (375), മന്ദിര്‍ മാര്‍ഗ് ( 369), പഞ്ചാബി ബാഗ് (391), ആനന്ദ് വിഹാര്‍ (395), സിരി ഫോര്‍ട്ട് (373), സോണിയ വിഹാര്‍ (392) എന്നിങ്ങനെയാണ് പല സ്ഥലങ്ങളിലേയും വായു ഗുണനിലവാര സൂചിക. ഇത് ഇന്‍ഡക്‌സില്‍ ഏറ്റവും മോശം നിലയിലാണ്.

വായു മലിനീകരണത്തെ തുടര്‍ന്ന് ജനുവരി ഒന്ന് വരെ പടക്ക നിര്‍മാണവും വിതരണവും വില്‍പനയും ഉപയോഗവുമെല്ലാം ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ ആഘോഷം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദീപാവലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും മോശം വായു നിലവാരമാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com