സമൂഹ മാധ്യമം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 14 അല്ലെങ്കിൽ 16 ആയി കുറയ്ക്കാനാണ് സർക്കാർ തീരുമാനം
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. യുവാക്കളുടെ അമിത ഫോൺ ഉപയോഗം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് സർക്കാരിനെ ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. സമൂഹ മാധ്യമം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 14 അല്ലെങ്കിൽ 16 ആയി കുറയ്ക്കാനാണ് സർക്കാർ തീരുമാനം.
മൊബൈൽ സ്ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റും മദ്യവും ഉപയോഗിക്കുന്നതുമായാണ് ഓസ്ട്രേലിയൻ സർക്കാർ താരതമ്യപ്പെടുത്തുന്നത്. ടിക് ടോക്, ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകൾ ഇനി ഓസ്ട്രേലിയയിലെ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ല.
ALSO READ: iPhone 16 സീരീസ് ഇന്ത്യയില്‍ സെപ്റ്റംബര്‍ 20ന് എത്തും; വില ഇങ്ങനെ
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടെന്നും, രാജ്യത്തെ കൗമാരക്കാരുടെ ക്ഷേമമാണ് പരമ പ്രധാനമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു. “കുട്ടികളെ അവരുടെ ഫോണുകളിൽ നിന്ന് ഒഴിവാക്കി ഗ്രൗണ്ടുകളിലേക്ക് വിടണമെന്നാണ് ഓസ്ട്രേലിയൻ മാതാപിതാക്കളുടെയും എൻ്റെയും ആഗ്രഹം. അവർ യഥാർഥ ജീവിതത്തിൽ ആളുകളുമായി ഇടപെട്ട് യഥാർഥ അനുഭവങ്ങൾ ഉണ്ടാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം സോഷ്യൽ മീഡിയ സാമൂഹികപരമായും വലിയ ദോഷമാണ് വരുത്തുന്നത്. അതൊരു വലിയ വിപത്താണ്," ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ ആൻ്റണി അൽബാനീസ് പറഞ്ഞു.
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ആസക്തിയുമായി ബന്ധപ്പെട്ട് ടെക് കമ്പനികൾക്ക് മേൽ ആഗോള സമ്മർദ്ദം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പിൽ മൊബൈൽ ഉപയോഗം ഒരു പ്രചാരണ വിഷയമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട് 100 ദിവസത്തിനകം 16 വയസ്സിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് രാജ്യത്തെ പ്രതിപക്ഷമായ ലിബറൽ പാർട്ടി അറിയിച്ചു. യുവ ഉപയോക്താക്കൾക്കുള്ള ആക്സസ് നിയന്ത്രിക്കാനായി സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനങ്ങൾ സോഷ്യൽ മീഡിയ കമ്പനികളുമായി ഇതിനോടകം തന്നെ ചർച്ച നടത്തി കഴിഞ്ഞു.
ALSO READ: ഏറ്റവും കൂടുതൽ എയർലൈനുകളിൽ കയറിയതിനു ഗിന്നസ് വേൾഡ് റെക്കോർഡ്; ചാരനല്ലെന്ന് തെളിയിക്കേണ്ടിവന്നത് 4 തവണ
കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ഹെൽത്ത്, സിഎസ് മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റൽ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഒരു ദേശീയ വോട്ടെടുപ്പ് നടത്തിയിരുന്നു. ഈ വോട്ടെടുപ്പിൽ, പകുതിയിലധികം മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായി പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികാരോഗ്യവും സാങ്കേതിക വിദ്യയുമാണ് അമേരിക്കൻ മാതാപിതാക്കൾക്കിടയിൽ ഉത്കണ്ഠ പരത്തുന്നത്.
"അനാരോഗ്യകരമായ ഭക്ഷണവും പൊണ്ണത്തടിയും ഉൾപ്പെടെയുള്ള ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെ കുട്ടികളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളായി രക്ഷിതാക്കൾ ഇപ്പോഴും കാണുന്നുണ്ട്. എന്നാൽ മാനസികാരോഗ്യം, സോഷ്യൽ മീഡിയ, സ്‌ക്രീൻ ടൈം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇപ്പോൾ ശാരീരിക ആരോഗ്യപ്രശ്നങ്ങളെ മറികടക്കുകയാണ്," മോട്ട് പോൾ കോ-ഡയറക്ടറും മോട്ട് ശിശുരോഗ വിദഗ്ധയുമായ സൂസൻ വൂൾഫോർഡ് പറഞ്ഞു.
ALSO READ: ഇനി ഫാമിലി സെന്റർ ഓപ്ഷനും: കുട്ടികളെ നിയന്ത്രിക്കാൻ പുതിയ സംവിധാനമൊരുക്കി യൂട്യൂബ്
കൊറോണ മഹാമാരി മുതൽ എട്ട് മുതൽ 18 വയസു വരെയുള്ളവരിൽ സമൂഹ മാധ്യമത്തിൻ്റെ ഉപയോഗം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോമൺ സെൻസ് മീഡിയയുടെ റിപ്പോർട്ടനുസരിച്ച്, എട്ട് മുതൽ 12 വയസ് വരെയുള്ള കുട്ടികൾ ഒരു ദിവസം ശരാശരി അഞ്ചര മണിക്കൂർ സ്‌ക്രീനിൽ ചെലവഴിക്കുന്നുണ്ട്. കൗമാരക്കാരിൽ എട്ടര മണിക്കൂറാണ് ഫോൺ ഉപയോഗിക്കുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ദീർഘകാല ഉപയോഗം, മാനസികാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഹാനികരമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.