മാനവരാശിയുടെ അതിജീവനത്തിന്റെ താക്കോല്‍? 4000 പ്രകാശ വര്‍ഷം അകലെ ഭൂമിയെ പോലെ മറ്റൊരു ഗ്രഹം

മാനവരാശിയുടെ അതിജീവനത്തിന്റെ താക്കോല്‍? 4000 പ്രകാശ വര്‍ഷം അകലെ ഭൂമിയെ പോലെ മറ്റൊരു ഗ്രഹം
Published on

സൗരയൂഥത്തില്‍ നിന്ന് 4,000 പ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രലോകം. വെളുത്ത കുള്ളന്‍ നക്ഷത്രത്തെ വലയം വെക്കുന്ന ഗ്രഹത്തിന് ഭൂമിയുടെ അതേ പിണ്ഡമാണ്. ഭൂമിക്ക് പുറത്ത് മനുഷ്യന്റെ അതിജീവനത്തിന് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് ബഹിരാകാശ ഗവേഷകരുടെ വിലയിരുത്തല്‍.


ഭൂമിക്ക് ജീവനും ജീവിതവും നല്‍കുന്ന സൂര്യന്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ തന്നെ, ഭൂമിയുടെ നിലനില്‍പ്പിന് പ്രതീക്ഷയുടെ തിളക്കം നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. വ്യാഴത്തിന് ചുറ്റുമുള്ള യൂറോപ്പ, കലിസ്റ്റോ, ഗാനിമീഡ് തുടങ്ങിയ ഉപഗ്രഹങ്ങള്‍, ശനിക്കടുത്തുള്ള എന്‍സെലാഡസ് എന്നിവ ഭാവി തലമുറയ്ക്ക് സാധ്യമായ സങ്കേതങ്ങളായി മാറുന്നതിനാല്‍, സൗരയൂഥത്തിന് പുറത്തുള്ള മനുഷ്യ കുടിയേറ്റത്തിനുള്ള സാധ്യതകള്‍ തുറന്നിടുമെന്നും ഇത് സൂചിപ്പിക്കുന്നു.

വെളുത്ത കുള്ളന്‍ നക്ഷത്രം അഥവാ സൂര്യന്റെ മരണം

സൂര്യനില്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയയിലൂടെയാണ്. 500 കോടി വര്‍ഷങ്ങള്‍ക്കപ്പുറം സൂര്യനില്‍ ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു തുടങ്ങും. ഇതോടെ സൂര്യന്‍ കത്തിജ്വലിക്കുന്ന ചുവന്ന രാക്ഷസന്‍ നക്ഷത്രമായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് വെളുത്ത കുള്ളന്‍ നക്ഷത്രമായി മാറും. ഇതാണ് സൂര്യന്റെ മരണം. സൂര്യന്റെ അന്തിമ ഘട്ടത്തില്‍ ഏതൊക്കെ ഗ്രഹങ്ങളെ വിഴുങ്ങുമെന്നതും പ്രധാനമാണ്. അടുത്തുള്ള ബുധനേയും ശുക്രനേയും സൂര്യന്‍ വിഴുങ്ങുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍, സൂര്യന്‍ ജീവന്‍ നല്‍കുന്ന ഭൂമിയുടെ അവസ്ഥ എന്താകും?


നേച്ചര്‍ അസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍, ഹവായിയിലെ കെക്ക് ടെലിസ്‌കോപ്പ് ഉപയോഗിച്ച് KMT-2020-BLG-0414 എന്ന സംവിധാനം നിരീക്ഷിച്ചു. ഇതില്‍ ഒരു വെളുത്ത കുള്ളന്‍ നക്ഷത്രവും ഭൂമിയുടെ വലിപ്പമുള്ള ഗ്രഹവും നക്ഷത്രത്തില്‍ നിന്ന് ഭൂമി സൂര്യനില്‍ നിന്ന് ഉള്ളതിന്റെ ഇരട്ടി അകലെയുള്ള ഭ്രമണപഥത്തില്‍ ഉള്ളതായി കണ്ടെത്തി. ഗ്രഹത്തിനൊപ്പം വ്യാഴത്തിന്റെ 17 മടങ്ങ് പിണ്ഡമുള്ള ഒരു തവിട്ട് കുള്ളന്‍ ഗ്രഹവും ഉണ്ട്.

സൂര്യന്‍ രാക്ഷസ നക്ഷത്രമായി വികസിക്കുമ്പോള്‍, അതിന്റെ പിണ്ഡം നഷ്ടപ്പെടുന്നത് ഗ്രഹങ്ങളെ കൂടുതല്‍ വിദൂര ഭ്രമണപഥങ്ങളിലേക്ക് തള്ളിവിടുമെന്ന സിദ്ധാന്തത്തെ ഈ കണ്ടെത്തല്‍ പിന്തുണയ്ക്കുന്നു. ഈ പ്രതിഭാസം ഭൂമിയെ നാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാക്ഷസ നക്ഷത്രമായി സൂര്യന്‍ മാറുന്ന കാലഘട്ടത്തില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുമോ എന്നത് അജ്ഞാതമാണെങ്കിലും സൂര്യന്‍ ഭൂമിയെ വിഴുങ്ങില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ബെര്‍ക്ക്‌ലി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജസീക്ക ലൂ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയുടെ ഭാവി എന്താകും?



ആറു ബില്യണ്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയെ ചുവന്ന ഭീമന്‍ സൂര്യന്‍ വിഴുങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ബെര്‍ക്ക്ലിയിലെ പ്രധാന എഴുത്തുകാരനും മുന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയുമായ കെമിംഗ് ഷാങ്ങും പറയുന്നത്. ഇനിയൊരു ബില്യണ്‍ വര്‍ഷത്തേക്ക് കൂടിയേ നമ്മുടെ ഭൂമി വാസയോഗ്യമായിരിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാക്ഷസ നക്ഷത്രം ഭൂമിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ ഹരിതഗൃഹ പ്രഭാവം മൂലം ഭൂമിയിലെ സമുദ്രങ്ങള്‍ ബാഷ്പീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com