
ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ഇനി സമാധാനം പുലരും. 15 മാസക്കാലം നീണ്ടുനിന്ന ഹമാസ്- ഇസ്രയേല്‍ യുദ്ധത്തിന്റെ നാള്‍വഴി ചരിത്രം രക്തച്ചൊരിച്ചിലിന്റേയും കൂട്ടക്കരച്ചിലിന്റെ വെടിയൊച്ചകളുടേതും മാത്രമാണ്.
ഒക്ടോബര്‍ ഏഴിന് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ഹമാസ് തെക്കന്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതില്‍ തുടങ്ങിയതാണ് പുതിയ ഏറ്റുമുട്ടല്‍ പരമ്പര. ഹമാസ് ആക്രമണത്തില്‍ 1200 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 250 ല്‍ അധികം പേരെ ഹമാസ് ബന്ദിയാക്കി. പ്രത്യാക്രമണ രൂക്ഷത പക്ഷേ സമാനതകളില്ലാത്തതായിരുന്നു. ഹമാസിനെതിരെ യുദ്ധത്തിനിറങ്ങിയ ഇസ്രയേല്‍ 15 മാസം കൊണ്ട് ഗാസയില്‍ 46,913 പേരെ കൊന്നൊടുക്കി.. 1,10,750 പേര്‍ക്ക് പരിക്കേറ്റു.
ഗാസാ, ആക്രമണത്തിന് പിന്നാലെ ഇറാന്‍ സഖ്യകക്ഷികളായ ഹെസ്‌ബൊള്ളയും ഹൂതികളും ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. യെമനില്‍ നിന്ന് തുടര്‍ച്ചയായി ചെങ്കടലിലേക്കും ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്കും ഇറാന്‍ സഖ്യകക്ഷികള്‍ ആക്രമണം കടുപ്പിച്ചു.
വടക്കന്‍ ഗാസയില്‍ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് പലസ്തീന്‍ ജനതക്ക് അന്ത്യശാസനം നല്‍കിയ ഐഡിഎഫ് യുദ്ധം കടുപ്പിച്ചു. ഗാസയിലെ ഒരു മില്യണിലധികം മാത്രം വരുന്നവരുടെ ജീവിതം ദുരിതക്കയത്തിലായി. ഗാസ പട്ടിണിയിലേക്ക് കൂപ്പുകുത്തി. റഫ അതിര്‍ത്തിയിലൂടെ ട്രക്കുകളില്‍ സഹായങ്ങളെത്തി. ഒക്ടോബര്‍ 27 നാണ് കരയുദ്ധം ഇസ്രയേല്‍ ആരംഭിച്ചത്. അല്‍ ഷിഫാ ആശുപത്രിയിലേക്ക് ഇസ്രയേല്‍ ആക്രമണം, ആശുപത്രികള്‍ അടച്ചുപൂട്ടണമെന്ന് മുന്നറിയിപ്പ്. കൊടിയ ദുരിതത്തിലേക്ക് ജനങ്ങള്‍ വീണ്ടും കൂപ്പുകുത്തി. നവംബര്‍ 21 ഓടെ ആക്രമണത്തില്‍ ചെറിയ അയവ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനമെന്ന് തോന്നിപ്പിച്ചെങ്കിലും ഡിസംബര്‍ ഒന്നിന് ഖാന്‍ യൂനിസ് ഇസ്രയേല്‍ ആക്രമിച്ചു.
ജനുവരി 26 ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി, ഗാസ വംശഹത്യ തടയണമെന്ന് ഉത്തരവിട്ടു. ഇറാന്‍ സഖ്യകക്ഷികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡമാസ്‌ക്കസിലെ ഇറാന്‍ എംബസിയിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടു. പട്ടിണിയെ തുടര്‍ന്നുള്ള കെടുതിയുടെ മുനമ്പിലാണ് ഗാസയെന്ന് ഗ്ലോബല്‍ ഹംഗര്‍ മോണിറ്റര്‍ മുന്നറിപ്പുണ്ടായി. ജൂലൈ 31ന് ഇറാനിലെത്തിയ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് ഹമാസ് സൈനിക മേധാവി മൊഹമ്മദ് ദെയ്ഫിനേയും വധിച്ചു. കാല്‍നൂറ്റാണ്ട് മുന്‍പുണ്ടായ പോളിയോ രോഗം വീണ്ടും ഗാസയില്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്റ്റംബര്‍ 17 ന് പേജര്‍ ആക്രമണത്തോടെ ലെബനനിലെ ഹെസ്ബുള്ളക്കെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങി. സെപ്റ്റംബര്‍ 28 ന് ഹെസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടു. ഇറാനെതിരെയും സഖ്യകക്ഷികള്‍ക്കെതിരെയും ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ടെല്‍ അവീവിലേക്ക് ഇറാന്‍ നടത്തിയ ആക്രമണം. ഒക്ടോബര്‍ ഒന്നിന് നൂറ് കണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലേക്ക് ഇറാന്‍ പ്രയോഗിച്ചു. ഗാസ സിറ്റിയിലെ ബെയ്റ്റ് ഹനൗണ്‍, ബെയ്റ്റ് ലഹ്യ നഗരങ്ങളിലേക്കും ജബലിയ അഭയാര്‍ഥി ക്യാമ്പിലേക്കും ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ഒക്ടോബര്‍ 16ന് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു.
നവംബര്‍ 21ന് നെതന്യാഹു, യോവ് ഗാലന്റ്, മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യുദ്ധ കുറ്റകൃത്യങ്ങളിലായിരുന്നു ഈ ഇടപെടല്‍. നവംബര്‍ 27 ന് ഇസ്രയേലും ഹെസ്ബുള്ളയും വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നു. ലെബനനില്‍ താത്ക്കാലിക സമാധാനം. ഈ സമയം സിറിയയില്‍ വിമതസേന മുന്നേറ്റം നടത്തി, ബഷാര്‍ അല്‍ അസദിന്റെ ഭരണം അട്ടിമറിക്കപ്പെട്ടു. അധികാരം ഉറപ്പിച്ച ട്രംപ്, സ്ഥാനാരോഹണത്തിന് മുന്‍പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസ് കനത്ത വില കൊടുക്കേണ്ടിവരുമെന്ന് അന്ത്യശാസനം നടത്തി.
ഒടുവില്‍ 2025 ജനുവരി. ജോ ബൈഡന്‍ പടിയിറങ്ങുന്നതിന് മുന്നോടിയായി ഗാസാ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ ചര്‍ച്ചകള്‍. 15 മാസത്തെ ഗാസയിലെ ആക്രമണങ്ങള്‍ക്ക് വിരാമമിട്ട് അവസാന നിമിഷം വരെ നിലനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ജനുവരി 19 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇനിയെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം പുലരട്ടെ.