6, 6, 6, 6, 6, 6; കൊൽക്കത്തയെ തച്ചുടച്ച് ഐപിഎൽ റെക്കോർഡിട്ട് റിയാൻ പരാഗ്!
അനായാസം തോറ്റു കൊടുക്കാമായിരുന്ന ഒരു മത്സരത്തിൽ അവിശ്വസനീയമായ ബാറ്റിങ്ങുമായി പ്രത്യാക്രമണം കാഴ്ചവെച്ച് രാജസ്ഥാൻ റോയൽസ് നായകൻ. കൊൽക്കത്തയുടെ 207 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാനായി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്. പിന്നീട് പരാഗ് കാഴ്ചവെച്ച ഇന്നിങ്സ് എന്നെന്നും രാജസ്ഥാൻ ആരാധകരുടെ ഓർമയിൽ തങ്ങിനിൽക്കുന്ന പ്രകടനമായി മാറി.
മൊയീൻ അലിയുടേയും വരുൺ ചക്രവർത്തിയുടേയും ഇരട്ട വിക്കറ്റ് പ്രകടനങ്ങളുടെ കരുത്തിൽ 7.5 ഓവറിൽ അഞ്ചിന് 71 എന്ന നിലയിൽ രാജസ്ഥാൻ്റെ മുൻനിര പതറിയതാണ്. 21 പന്തിൽ നിന്ന് 34 റൺസെടുത്ത യശസ്വി ജെയ്സ്വാളിന് മാത്രമെ തുടക്കത്തിൽ പ്രതീക്ഷയ്ക്കൊത്തുള്ള ബാറ്റിങ് മികവ് പുറത്തെടുക്കാനായുള്ളൂ. എന്നാൽ ആറാം വിക്കറ്റിൽ ഷിമ്രോൺ ഹെറ്റ്‌മെയർക്കൊപ്പം ഒത്തുചേർന്ന രാജസ്ഥാൻ്റെ താൽക്കാലിക നായകൻ ടൂർണമെൻ്റിൽ ഇതാദ്യമായി ഫോമിലേക്കുയരുന്ന കാഴ്ചയാണ് കണ്ടത്.
ആറ് പന്തിൽ ആറ് സിക്സറുകൾ!
45 പന്തിൽ നിന്ന് എട്ട് കൂറ്റൻ സിക്സറുകളും ആറ് ബൗണ്ടറികളും സഹിതമാണ് റിയാൻ പരാഗ് 95 റൺസെടുത്തത്. 200ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് പരാഗ് തകർത്തടിച്ചത്. മൊയീൻ അലിയെറിഞ്ഞ 12ാം ഓവറിലെ അവസാന അഞ്ച് പന്തുകളും, 13 ഓവറിലെ രണ്ടാമത്തെ പന്തും തുടർച്ചയായി സിക്സർ പറത്തി പരാഗ് പോരാട്ടം എതിരാളികളുടെ പാളയത്തിലേക്ക് നയിക്കുകയായിരുന്നു. ഐപിഎല്ലിൽ ആദ്യമായാണ് ഒരു താരം തുടർച്ചയായി ആറ് പന്തുകൾ സിക്സർ പറത്തുന്നത്. സെൻസേഷണൽ ബാറ്റിങ് പെർഫോമൻസായിരുന്നു ഈഡൻ ഗാർഡൻ്റെ മണ്ണിൽ റിയാൻ പരാഗ് കാഴ്ചവെച്ചത്. എന്നാലും ടീമിനെ ജയത്തിലെത്തിക്കാൻ കഴിയാതെ പോയത് മാത്രമാണ് നിരാശയേകിയത്.
23 പന്തിൽ നിന്ന് 29 റൺസെടുത്ത് ഹെറ്റ്മെയറും തിളങ്ങിയെങ്കിലും അതൊരിക്കലുമൊരു മാച്ച് വിന്നിങ് ഇന്നിങ്സായിരുന്നില്ല. ഒരു സിക്സും ഒരു ഫോറും മാത്രമാണ് ഹെറ്റ്മെയർ പറത്തിയത്. എന്നാൽ വിൻഡീസ് താരത്തേയും പിന്നാലെ പരാഗിനേയും വീഴ്ത്തി കെകെആർ ശക്തമായി തിരിച്ചടിച്ചു. തോൽക്കാനുറപ്പില്ലെന്ന് വ്യക്തമാക്കി അവസാന ഒരു പന്തിൽ നിന്ന് മൂന്ന് റൺസ് വേണമെന്നിരിക്കെ ജോഫ്ര ആർച്ചറെ (12) റണ്ണൗട്ടാക്കി കൊൽക്കത്ത ഒരു റൺസിന് ജയമുറപ്പിച്ചു. 12 മത്സരങ്ങളിൽ നിന്ന് രാജസ്ഥാൻ റോയൽസ് വഴങ്ങുന്ന ഒമ്പതാമത്തെ തോൽവിയായിരുന്നു ഇത്. ടീം നേരത്തെ പുറത്തായിരുന്നു.