
തനിക്ക് ലഭിച്ച രസകരമായ ജോലിക്കായുള്ള അപേക്ഷ എക്സിൽ പങ്കുവെച്ചിരിക്കുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സിഇഒ. എന്‍ടൂരേജ് എന്ന കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ അനന്യ നാരംഗ് ആണ് തനിക്ക് ലഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചെയ്ത അപേക്ഷയുടെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ചത്. അപേക്ഷയൊന്ന് പ്രൂഫ് റീഡ് ചെയ്ത നോക്കാൻ പോലും അപേക്ഷകൻ തയാറായിട്ടില്ല.
അപേക്ഷ ഇങ്ങനെയാണ്,
"ഞാൻ പ്രഗത്ഭനാണ് (നിങ്ങളുടെ പ്രധാന കഴിവുകൾ സൂചിപ്പിക്കുക, ഉദാ, ഗ്രാഫിക് ഡിസൈൻ, സോഷ്യൽ മീഡിയ സ്ട്രാറ്റജി, ഗവേഷണം), എനിക്ക് താൽപ്പര്യമുണ്ട് (നിങ്ങൾക്ക് എങ്ങനെ മൂല്യം വർദ്ധിപ്പിക്കാമെന്ന് ചുരുക്കത്തിൽ വിശദീകരിക്കുക, ഉദാ, ആകർഷകമായ ഉള്ളടക്കം സൃഷ്ടിക്കൽ, തന്ത്രപരമായ പിന്തുണ) എൻ്റെ മുൻകാല പരിചയത്തിൽ ഉൾപ്പെടുന്നു (പ്രസക്തമായ അനുഭവം അല്ലെങ്കിൽ പ്രോജക്റ്റുകൾ ഹ്രസ്വമായി ഹൈലൈറ്റ് ചെയ്യുക)," അപേക്ഷകൻ എഴുതി.
'അടുത്ത ജോലിക്കായുള്ള അപേക്ഷ കൂടി ലഭിച്ചിരിക്കുന്നു. തൊഴിലില്ലായ്മ വർദ്ധിക്കുന്നതിൽ അതിശയിക്കാനില്ല', സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ച് അനന്യ നാരംഗ് കുറിച്ചു. ഞാൻ എങ്ങനെ ഈ അപേക്ഷയ്ക്ക് മറുപടി അയക്കണമെന്ന് പറയു?, അടുത്ത എക്സ് പോസ്റ്റിലൂടെ സിഇഒ ചോദിച്ചു. അതേസമയം, സിഇഒ മറുപടി തയ്യാറാക്കി, "പ്രിയ [അപേക്ഷകൻ്റെ പേര്], [കമ്പനിയുടെ പേര്] [ജോലി ശീർഷകം] ജോലിക്കായുള്ള നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി. നിങ്ങളുടെ അപേക്ഷ വായിച്ചു, ചാറ്റ് ജിപിടി പോലെയുള്ള എഐ ടൂൾ കൊണ്ട് സൃഷ്‌ടിച്ച ഒരു എഡിറ്റ് ചെയ്യാത്ത അപേക്ഷയാണെന്ന് തോന്നുന്നു' , അനന്യ നാരംഗ് പറഞ്ഞു.
അപേക്ഷകൻ ചാറ്റ് ജിപിടി ഉപയോഗിച്ച് അപേക്ഷ തയ്യാറാക്കിയതായിരിക്കാമെന്നും എന്നിട്ട് തെറ്റുകൾ തിരുത്താതെ അയച്ചതാകാമെന്നുമാണ് കമ്മന്റ് സെഷനിൽ പലരും ചൂണ്ടിക്കാട്ടുന്നത്. നിരവധി ആളുകളാണ് തങ്ങളുടെ ആകാംഷയും അഭിപ്രായവും പറഞ്ഞുകൊണ്ട് കമ്മന്റ് സെഷനിൽ നിറഞ്ഞത്. ചാറ്റ് ജിപിടി ഇപ്പോൾ സർവസാധാരണമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.