പാർട്ടികൾ പിന്തുണച്ചില്ലെങ്കിൽ രാജിയെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചതിനെ തുടർന്നാണ് രാജി വെയ്ക്കാനുള്ള സാധ്യത തെളിയുന്നത്
ബംഗ്ലാദേശ് സർക്കാർ മേധാവി മുഹമ്മദ് യൂനുസ് രാജിവെച്ചേക്കുമെന്ന് സൂചന. സർക്കാരും സൈന്യവും തമ്മിലുളള ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചത്. രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചില്ലെങ്കിൽ രാജിയെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചതിനെ തുടർന്നാണ് രാജി വെയ്ക്കാനുള്ള സാധ്യത തെളിയുന്നത്.
നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് നഹിദ് ഇസ്ലാമാണ്, യൂനുസ് രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവിട്ടത്. "രാജ്യത്തെ നിലവിലെ സാഹചര്യത്തെ തുടർന്ന് സാറിന്റെ രാജി വാർത്ത ഇന്ന് രാവിലെ മുതൽ ഞങ്ങൾ കേൾക്കാൻ തുടങ്ങി. അതിനാൽ, ആ കാര്യം ചർച്ച ചെയ്യാൻ ഞാൻ സാറിനെ കാണാൻ പോയി," നഹിദ് ഇസ്ലാം മുഹമ്മദ് യൂനുസിനെ സന്ദർശിച്ചുവെന്ന് ബിബിസി ബംഗ്ല റിപ്പോർട്ട് ചെയ്തു.
ALSO READ: ഹാർവാർഡ് സർവകലാശാലയില്‍ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക്; പ്രതികാര നടപടി തുടർന്ന് ട്രംപ് ഭരണകൂടം
അദ്ദേഹം രാജിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും, ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നഹിദ് ഇസ്ലാം മുഹമ്മദ് പറഞ്ഞു. നിരന്തരമായി ഉണ്ടാകുന്ന പ്രതിഷേധങ്ങളിൽ മുഹമ്മദ് യൂനുസ് അതൃപ്തി പ്രകടിപ്പിച്ചതായി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഡെയ്‌ലി സ്റ്റാറിനെ ഉദ്ധരിച്ച് മിൻ്റ് റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ പാർട്ടികൾ പൂർണ പിന്തുണ നൽകിയില്ലെങ്കിൽ രാജിവെയ്ക്കാൻ ആഗ്രഹിക്കുന്നതായി യൂനുസ് തൻ്റെ മന്ത്രിസഭയെ അറിയിച്ചതായി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കലാപം അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പലായനം ചെയ്യാൻ നിർബന്ധിതരാക്കിയത് മുതൽ രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇപ്പോഴും തുടരുന്ന പ്രതിഷേധങ്ങൾ പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.