fbwpx
വെടിയൊച്ചകൾ പടക്കമാണെന്ന് തെറ്റിധരിക്കപ്പെട്ടു; ദസറ ആഘോഷത്തെ മുതലെടുത്ത് ബാബാ സിദ്ദിഖിയുടെ കൊലയാളികൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Oct, 2024 02:47 PM

ദസറ ഘോഷയാത്രയുടെയും വെടിക്കെട്ടിൻ്റെയും മറവിൽ കൊല ചെയ്യാനായിരുന്നു സംഘത്തിൻ്റെ ശ്രമമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്

NATIONAL

ബാബാ സിദ്ദിഖിയുടെ കൊലയാളികൾ


മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൃത്യമായ പദ്ധതികളോടെയായിരുന്നു കൊലപാതകം നടന്നത്. ദസറ ഘോഷയാത്രയുടെയും വെടിക്കെട്ടിൻ്റെയും മറവിൽ കൊല ചെയ്യാനായിരുന്നു സംഘത്തിൻ്റെ ശ്രമമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

മുംബൈ ബാന്ദ്ര ഈസ്റ്റിലെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിയുടെ ഓഫീസിൽ പോയി തിരിച്ചു വരുമ്പോഴാണ് ബാബാ സിദ്ദിഖിക്ക് വെടിയേൽക്കുന്നത്. ഗുർമൈൽ സിംഗ്, ധരംരാജ് കശ്യപ്, ശിവ് കുമാർ ഗൗതം എന്നിവർ സിദ്ദിഖിയെ കാത്ത് കാറിൻ്റെ അടുത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. സിദ്ദിഖി കാറിൽ കയറാൻ ശ്രമിച്ചയുടൻ, ആക്രമികൾ ഒരു പ്രത്യേക സംവിധാനമുപയോഗിച്ച് ആ പ്രദേശം മുഴുവൻ കനത്ത പുകയാൽ മൂടി. സംഘത്തിൻ്റെ പദ്ധതിയനുസരിച്ച് തന്നെ കാര്യങ്ങൾ നടന്നു. ദസറ ആഘോഷത്തിൻ്റെ ഭാഗമായുള്ള പടക്കങ്ങളിൽ നിന്നുയർന്ന പുകയാണിതെന്ന് ആളുകൾ തെറ്റിധരിച്ചു. വെടിയൊച്ചയുടെ ശബ്ദം പോലും പടക്കമാണെന്ന് പ്രദേശവാസികൾ ധരിച്ചു.

ALSO READ: പഞ്ചാബിൽ നിന്ന് മുംബൈയിലേക്ക്; ബാബാ സിദ്ദിഖി കൊലപാതകത്തിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തതാര്?

ബാബ സിദ്ദിഖിന് സുരക്ഷയ്ക്കായി മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരുണ്ടായിരുന്നു. വെടിവെപ്പ് നടക്കുമ്പോൾ ഒരു പൊലീസുകാരൻ സിദ്ദിഖിയെ അനുഗമിച്ചിരുന്നു. ഇത് മുന്നിൽ കണ്ട മൂവർ സംഘം സുരക്ഷാ ഉദ്യോഗസ്ഥരെ ചെറുക്കാൻ മുളകുപൊടിയും പെപ്പർ സ്‌പ്രേയും കയ്യിൽ കരുതി. പ്രതി ശിവകുമാർ സിദ്ദിഖിക്ക് നേരെ ആറ് ബുള്ളറ്റുകൾ തൊടുത്തപ്പോൾ, മറ്റ് പ്രതികൾ മുൻ മന്ത്രിയുടെ പൊലീസ് കോൺസ്റ്റബിളിന് നേരെ മുളകുപൊടി എറിഞ്ഞു. ആഘോഷങ്ങൾക്കിടയിലെ ആൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരുന്ന് രക്ഷപ്പെടാമെന്നായിരുന്നു സംഘത്തിൻ്റെ കണക്കുകൂട്ടൽ. എന്നാൽ ആ ശ്രമം പാളി. ശിവകുമാർ ഓടി രക്ഷപ്പെട്ടെങ്കിലും ഗുർമെൽ സിങ്ങിനെയും ധരംരാജ് കശ്യപിനെയും പൊലീസ് പിടികൂടി.

അതേസമയം, ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഷൂട്ടർമാരെ കൈകാര്യം ചെയ്തിരുന്നത് ആരാണെന്ന കാര്യത്തിലായിരുന്നു അന്വേഷണസംഘത്തിന് ഉത്തരം കിട്ടേണ്ടിയിരുന്നത്. പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വിരൽ ചൂണ്ടിയത് മുഹമ്മദ് സീഷൻ അക്തർ എന്ന പഞ്ചാബുകാരനിലേക്കാണ്. ഇയാൾ ബിഷ്ണോയ് ഗ്യാങ്ങിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തിരുന്നതും, ആക്രമണ സമയത്ത് പുറത്ത് നിന്ന് സന്ദേശം നൽകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അക്തറാണ് ആക്രമണത്തിന് മുൻപായി സിദ്ദിഖിയുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘത്തിന് കൈമാറിയത്.

ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു കാരണം സല്‍മാന്‍ ഖാനോടുള്ള അടുപ്പം; എന്താണ് ബിഷ്ണോയ് സംഘത്തിന് നടനോടുള്ള പക?


പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള മുഹമ്മദ് സീഷൻ അക്തർ രണ്ട് വർഷങ്ങൾക്ക് മുൻപാണ് കേസിലകപ്പെട്ട് പട്യാല ജയിലിലെത്തുന്നത്. പട്യാല ജയിലിൽ നിന്നും ഇയാൾ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളെ പരിചയപ്പെട്ടു. പുറത്തിറങ്ങിയതോടെ സിദ്ദിഖി കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് പോവുകയായിരുന്നു. മൂന്ന് തവണ ബാന്ദ്ര ഈസ്റ്റ് എംഎല്‍എ ആയിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടപ്പോള്‍ തന്നെ പിന്നില്‍ ബിഷ്ണോയ് ഗ്യാങ്ങായിരിക്കുമെന്ന സൂചനകള്‍ ഉയർന്നിരുന്നു. ഞായറാഴ്ച ഷിബു ലോന്‍കർ എന്ന ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴി സംഭവത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തതോടെ സംശയം സ്ഥിരീകരിക്കപ്പെട്ടു. ഈ പോസ്റ്റിന് പിന്നില്‍ ഗ്യാങ്ങിലെ ശുഭം രാമേശ്വർ ലോന്‍കറാണെന്നാണ് കരുതുന്നത്.

പോസ്റ്റില്‍ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമായി പറയുന്നത് മുന്‍മന്ത്രിക്ക് ഇന്ത്യയിലെ കുപ്രസിദ്ധനായ തീവ്രവാദി ദാവൂദ് ഇബ്രാഹിം, നടൻ സല്‍മാന്‍ ഖാന്‍ എന്നിവരുമായുള്ള ബന്ധമാണ്. സല്‍മാന്‍റെ വീടിനു മുന്നില്‍ വെടിയുതിർത്തതിന് അറസ്റ്റിലായ പ്രതികളില്‍ ഒരാളായ അനുജ് തപന്‍റെ മരണത്തിന് പിന്നിലും സിദ്ദിഖിയാണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. അനുജ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായിരുന്നു.



NATIONAL
ഇന്ത്യയുടെ തിരിച്ചടിയില്‍ കുറഞ്ഞ് 35 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കും: ഡിജിഎംഒ
Also Read
user
Share This

Popular

WORLD
NATIONAL
WORLD
"തന്ത്രപരമായ മിടുക്ക്"; പുൽവാമ ഭീകരാക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ