
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വനിതാ വോട്ടറോട് അപമര്യാദമായി പെരുമാറിയതിന് ആം ആദ്മി പാർട്ടി എംഎൽഎ നിയമക്കുരുക്കിൽ. അനുചിതമായ രീതിയിൽ മോശം ആംഗ്യപ്രകടനങ്ങൾ കാണിച്ചെന്നും ഫ്ലൈയിങ് കിസ് നൽകിയെന്നുമാണ് ഒരു സ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് ദിനേശ് മൊഹാനിയക്കെതിരെ ഡൽഹിയിലെ സംഗം വിഹാർ പൊലീസ് കേസെടുത്തതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.
സംഗം വിഹാർ നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ദിനേശ് മൊഹാനിയ. ഈ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നതിനിടെയാണ് എഎപി സ്ഥാനാർഥിക്കെതിരെ ഒരു വനിത പരാതി നൽകിയിരിക്കുന്നത്. ബിജെപിയുടെ ചന്ദൻ കുമാർ ചൗധരിക്കും കോൺഗ്രസിൻ്റെ ഹർഷ് ചൗധരിക്കും എതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്.
നേരത്തെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഓഖ്ല സ്ഥാനാർഥി അമാനത്തുള്ള ഖാനെതിരെ ഡൽഹി പൊലീസ് ഇന്ന് രാവിലെ കേസെടുത്തിരുന്നു. ഇന്നലെ മുഖ്യമന്ത്രി അതിഷിക്കെതിരെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു.
ബിജെപിയും ആം ആദ്മിയും പരസ്പരം കൊമ്പുകോർക്കുന്ന പ്രചാരണയുദ്ധത്തിനാണ് ഇത്തവണ ഡൽഹി സാക്ഷ്യം വഹിച്ചത്. എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള അഴിമതി ആരോപണമാണ് ബിജെപിയുടെ പ്രധാന ആയുധം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയത്. ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസും ഇത്തവണ മത്സര രംഗത്തുണ്ട്.
രാജ്യതലസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളിലേക്കായി ആകെ 699 സ്ഥാനാർഥികൾ ഇക്കുറി ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്. ന്യൂഡൽഹി സീറ്റിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നുണ്ട്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (എഎപി), ബിജെപിയുടെ പർവേഷ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് (മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ) എന്നിവരാണ് സ്ഥാനാർഥികൾ. ജംഗ്പുര സീറ്റിൽ എഎപിയുടെ മനീഷ് സിസോദിയയും കോൺഗ്രസിൻ്റെ ഫർഹാദ് സൂരിയും ബിജെപിയുടെ തർവീന്ദർ സിംഗ് മർവയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് കാണാനാകുന്നത്.